Akshara Sahayathri

scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Thursday, December 29, 2022

Ardhanareeswaran by Perumal Murukan


പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു. ദൈവമല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേൽക്കാനും പോകുന്നില്ല. പുനർജന്മത്തിൽ അയാൾക്കു വിശ്വാസവുമില്ല. ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനിമുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.’ താനെഴുതിയ ‘അർദ്ധനാരീശ്വരൻ’ എന്ന നോവലിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ, തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ രണ്ടരവർഷം മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്.

അർദ്ധനാരീശ്വരൻ അല്ലെങ്കിൽ ഇതിനെ പൊന്നയുടെയും കാളിയുടെയും അവർക്കില്ലാത്ത കുഞ്ഞിന്റെയും കഥയെന്നു പറയാം. കുഞ്ഞില്ലാത്തതിലുള്ള അവരുടെ ദു:ഖത്തെക്കാൾ മറ്റുള്ളവരുടെ പ്രതികരണങ്ങളും കുത്തുവാക്കുകളുമാണ് അവർക്ക് വേദനയാവുന്നത്. ആ വേദനക്ക് പരിഹാരമായ് എത്തുന്ന ദൈവീക പരിവേഷമണിഞ്ഞ ആചാരം മനുഷ്യബന്ധങ്ങളെ പൊള്ളിക്കുന്നതിന്റെ ചിത്രമാണ് അക്ഷരങ്ങളിലൂടെ കഥാകാരൻ വരച്ചു കാണിക്കുന്നത്.

പരസ്യമായ ചില രഹസ്യങ്ങൾ അറിയാത്തതിന്റെയും അറിവാകുന്നതിന്റെയും ഇടയിൽ പൊന്നയും കാളിയും ഭാര്യാഭർതൃബന്ധത്തിന്റെ ബാഹ്യവും ആന്തരികവുമായ വടംവലികളിൽ പെട്ടുപോവുന്നു. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും സ്വത്തിന്റെ അനന്തരാവകാശിയെ തേടാൻ തുടങ്ങുമ്പോൾ, മച്ചിയെന്ന പേരിൽ പലയിടത്തും മാറ്റിനിർത്തപ്പെടുമ്പോൾ ബന്ധങ്ങളുടെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് വെളിവാകുന്നത്.


കുട്ടികൾ ഇല്ലാതിരിക്കുന്നത് ശാപങ്ങളുടെ അനന്തരഫലമെന്ന വിശ്വാസവും ദൈവീകമായ പരിവേഷങ്ങൾ ചാർത്തി നല്കുന്നു. സ്വന്തം തെറ്റും കുറ്റവുമായി വ്യാഖ്യാനിക്കപ്പെടുന്നിടത്ത് എങ്ങിനെയും ഒരു കുട്ടിയുണ്ടാവുക എന്ന നിലയിലെത്തുമ്പോൾ ബന്ധങ്ങളുടെ വിശ്വാസ്യതയ്ക്കു നേരെ കണ്ണടക്കുകയും പകരം ദൈവനിയോഗം എന്ന ഒരു വാക്കിൽ തീർപ്പാക്കുകയുമാണ്. അതിലെ പൊള്ളത്തരങ്ങൾ അറിഞ്ഞുകൊണ്ടും അതിനെ സ്വീകരിക്കുന്നതിലെ വിരുദ്ധതയാണ് നോവലിൽ തുറന്നു കാണിക്കുന്നത്. ഒപ്പം കാലങ്ങളായ് നിലനില്ക്കുന്ന ഒരു വിശ്വാസത്തെ ചോദ്യം ചെയ്യുകയുമാണ്.

വിവാഹമെന്ന കൂട്ടികെട്ടലിലെ സ്നേഹവും പ്രണയവും പാരസ്പര്യവും എല്ലാം എടുത്തു കളഞ്ഞ് വെറും കുട്ടികൾ ഉണ്ടാവാനുള്ള ഒരു വ്യവസ്ഥയായി മാത്രം ചുരുക്കപ്പെടുന്നതിലെ പരാജയം കൂടി തുറന്നു കാണിക്കുന്നു. കൃഷിയിടത്തിലെ വിളവുപോലെയും ആടുമാടുകളുടെ വംശവർദ്ധനവുപോലെയും കുട്ടികൾ ഉണ്ടാവുന്നതിനെയും കണക്കാക്കപെടുകയാണവിടെ.

തമിഴ് ഗ്രാമങ്ങളുടെ ആചാരനുഷ്ഠാനങ്ങളും ജീവിത രീതിയും ചെറിയ കാര്യങ്ങളുടെ പോലും വിശദീകരണങ്ങളിലൂടെ നോവലിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു. ഒപ്പം കഷ്ടകാലങ്ങളിൽ ഒന്ന് ചേരുന്ന വിശ്വാസത്തിന്റെ ചരടുകൾ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ജീവിതങ്ങളും നിറയുന്നു.

വിവാദങ്ങൾക്കും വിലക്കുകൾക്കും അപ്പുറം ഒരുകാലത്ത് രൂഢമൂലമായിരുന്ന ചില വിശ്വാസങ്ങൾ ദൈവീക പരിവേഷത്തോടേ ഒരു ജനതയെ എങ്ങിനെ നിയന്ത്രിച്ചിരുന്നു എന്നത് ജീവിതവും ചരിത്രവും ഇടകലരുന്ന നല്ലൊരു ആഖ്യാനത്തിലൂടെ ശ്രീ മുരുകൻ നമുക്ക് കാഴ്ചവെക്കുന്നു.

                                              Kavyasree T G

                                              B.Ed  2021-23

                                              MTCTE