ഒരു ചെറുമഞ്ഞുതുള്ളിയിൽ മഴവില്ലിന്റെ സപ്തനിറങ്ങൾ പ്രതിഫലിക്കും പോലെ മനോഹരമാണ് ദീപ നിശാന്തിന്റെ 'ജീവിതം ഒരു മോണാലിസച്ചിരിയാണ് ' എന്ന കൊച്ചുപുസ്തകവും അതിൽ പ്രതിഫലിക്കുന്ന ആത്മകഥാoശമുള്ള കഥകളും. ആകാശഗോപുരത്തോളം വളർന്നുമുറ്റിയ ദാർശനികലോകത്തെ നമ്മുടെ മുൻപിലേക്ക് തുറന്നിട്ടതുകൊണ്ടോ സാഹിത്യത്തിന്റെ അപാരഭംഗി നമുക്ക് കാട്ടിത്തരുന്നതുകൊണ്ടോ അല്ല ഈ പുസ്തകം ഇത്രമേൽ ആകർഷകമാകുന്നത്. അതിനപ്പുറം, നാമൊന്നും അത്രയൊന്നും ശ്രദ്ധിക്കാതെ പോകുന്ന അനേകം ജീവിതസന്ദർഭങ്ങളെ കണ്ടെടുക്കാനും ഹൃദ്യമായി പറഞ്ഞുഫലിപ്പിക്കാനുമുള്ള ദീപയുടെ മികവ് തന്നെയാണ് ഇതിനു കാരണം.
നാം ഓരോരുത്തരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദർഭങ്ങളെയുമാകാം ദീപയും കണ്ടെത്തുന്നത്. എന്നാൽ ഈ അനുഭവങ്ങളിലൂടെ അവൾ നമ്മെ അമ്പരപ്പിന്റെയോ നിശബ്ദതയുടെയോ ഗദ്ഗതത്തിന്റെയോ നടവരമ്പിലൂടെ നടത്തുന്നു. ഒടുവിൽ നാം ചെന്നെത്തി നിൽക്കുന്നത് നമ്മുടെ തന്നെ ഓർമകളുടെ തീരത്തായിരിക്കും.
തന്റെ ജീവിതത്തിൽ പ്രകാശം നിറച്ചു കടന്നുപോയ പ്രകാശൻ മാഷും പ്രിയപ്പെട്ട സ്നേഹിതൻ അനിലും എഴുത്തുകാരിയുടെ തീരാനഷ്ടങ്ങളാകുന്നു....... മാമ്പഴത്തിലെന്നതുപോലെ വിടരും മുൻപ് ദൈവം കൊണ്ടുപോയ കനത്ത പുസ്തകപ്രേമിയായ അനന്തു എന്ന കൊച്ചുപയ്യൻ വായനക്കാരന് മുൻപിൽ ഒരു തോരാമഴയാകുന്നു...'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഹീറോഹോണ്ട ബൈക്കോടിച്ചു കടന്നുവന്ന കുഞ്ചാക്കോ ബോബൻ എന്ന സുന്ദരനായ ചെറുപ്പക്കാരന്റെ ചിത്രം ഒരു മയിൽപീലി തുണ്ടുപോലെ കെമിസ്ട്രി ബുക്കിൽ സൂക്ഷിക്കുന്ന ഒരു കൗമാരക്കാരിയുടെ ചിത്രം വായനക്കാരനെ തന്റെ കൗമാരകാലസ്മരണകളിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നു...
കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഢമായ പുഞ്ചിരിപോലെ ഈ വരികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ നൊമ്പരമോ എന്നറിയാൻ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളിൽ ഓരോന്നിലും ഉറങ്ങികിടക്കുന്നുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിന് ' ജീവിതം ഒരു മോണാലിസച്ചിരിയാണ് ' എന്ന പേര് അത്രമേൽ അർഥവത്താകുന്നത്.
അക്ഷരങ്ങളെ സ്നേഹിക്കുന്ന, പുസ്തകങ്ങളുടെ ലോകത്ത് കുന്നോളം ഓർമ്മകൾ വാരിക്കൂട്ടുന്ന, ഒരു മോണാലിസച്ചിരി പോലെ നിഗൂഢമായ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കുന്ന എന്റെ പ്രിയപ്പെട്ട 'അക്ഷരസഹയാത്രി' സുരേന്ദ്രേട്ടന് ഒരു പുഴയൊഴുകും പോലെ ഹൃദ്യമായ ' ജീവിതം ഒരു മോണാലിസച്ചിരിയാണ് ' എന്ന ഈ കൊച്ചുപുസ്തകം ഞാൻ സ്നേഹപൂർവം സമ്മാനിക്കുന്നു...ഒപ്പം ഹൃദയം നിറഞ്ഞ പിറന്നാളാശംസകളും...
Sr. Delna P V
B.Ed 2022-23
MTCTE
No comments:
Post a Comment