scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Thursday, November 24, 2022

Thakshankunnu Swaroopam By U.K. Kumaran

 


പ്രശസ്ത നോവലിസ്റ്റ് ശ്രീ യു.കെ. കുമാരന്റെ ഒരു ദേശത്തിൻറെ കഥ പറയുന്ന തക്ഷൻകുന്ന് സ്വരൂപം.
ഉത്തരമലബാറിലെ പയ്യോളിക്കടുത്ത് തക്ഷൻകുന്ന് എന്നൊരു നാട്ടിൻപുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ഈ നോവലിലൂടെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
2016 ലെ വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ബഷീർ പുരസ്കാരം, ചെറുകാട് പുരസ്കാരം, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം എന്നിങ്ങനെ ധാരാളം ബഹുമതികൾ ഈ നോവൽ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
നന്മ വറ്റാത്ത നാട്ടിൻപുറത്തിന്‍റെ വിശേഷങ്ങളത്രയും നാട്ടുഭാഷയിലൂടെ ഹൃദ്യമായി അവതരിപ്പിക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗ്രാമ ചാരുതയും, നഗര കൗതുകങ്ങളും, തീക്ഷ്ണമായ സമര പോരാട്ടങ്ങളും, പ്രണയ സന്ദർഭങ്ങളും തന്റെ തൂലികയിലൂടെ കഥാകൃത്ത് മനോഹാരിതമാക്കിയിട്ടുണ്ട്. തീർത്തും കേരളീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ പൊറ്റക്കാടിനെയും ഉറൂബിനെയും ഒ. വി. വിജയനെയും പോലെ യു.കെ. കുമാരനും സാധിച്ചിട്ടുണ്ട്.

തക്ഷൻകുന്ന് സ്വരൂപം ഒരു ദേശ ചരിത്രമാണ്. ഒരു ദേശത്തിൻറെ 100 വർഷത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലൂടെയാണ് നോവൽ കടന്നു പോകുന്നത്. ഒരു സമൂഹത്തിന്റെ നാനാതുറയിലുള്ള കഥാപാത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നോവലിൽ ഇതിവൃത്തമായിട്ടുണ്ട്.
കഥാകൃത്ത് തൂലികയിലൂടെ ഉണർവേകിയ സാമൂഹിക പ്രതിബദ്ധതയും ദേശീയബോധവും വാനക്കാരന്റെ ചിന്തകളെയും പ്രചോദിപ്പിക്കാനുതകും വിധം സമ്പുഷ്ടമായി അവതരിപ്പിച്ചിരിക്കുന്നു.
ഒരു നാടിൻറെ സ്പന്ദനവും ഗന്ധവും വായ്ത്താരികളും വാമൊഴികളുമെല്ലാം സത്ത ചോരാതെ അവതരിപ്പിക്കാൻ കഥാകൃത്ത് ആത്മാർത്ഥമായി ശ്രമിച്ചു വിജയിച്ചിട്ടുണ്ടെന്ന് വരികൾക്കിടയിൽ നമുക്ക് വായിച്ചെടുക്കാം. 
നവോത്ഥാന മൂല്യങ്ങൾ ഒരു  ദേശത്തിൻ്റെ ഭൗതികവും ആന്തരികവുമായി മണ്ഡലങ്ങളെ എങ്ങനെ സക്രിയമാക്കി എന്നതിന്റെ നേരനുഭവങ്ങൾ തക്ഷൻകുന്ന് സ്വരൂപം കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
അക്ഷരജ്ഞാനമില്ലാത്ത രാമറിലൂടെ ഒരു ദേശത്തിൻ്റെ കഥ പറയുകയാണ് യു.കെ. കുമാരൻ. ഗ്രാമാതിർത്തിയിൽ ആഴമേറിയ ഒരു ഇടവഴിക്ക് കുറുകെ കെട്ടിയ മുളങ്കമ്പുകളുടെ ഒറ്റയടിപാലത്തിൽ മലർന്നു കിടന്ന് ആകാശം നോക്കുന്ന രാമറിൽ നിന്നാണ് തക്ഷൻകുന്ന് സ്വരൂപം ഉടലെടുക്കുന്നത്. ഇല്ലായ്മയിൽ നിന്ന് കഠിനാധ്വാനത്തിലൂടെ സമൃദ്ധിയിലേക്ക് പടിപടിയായി വളർന്ന് കയറുന്ന രാമർ, രാമറെ സ്ഫുടം ചെയ്തെടുക്കുന്ന ജീവിതസഖിയായ കല്യാണി. തക്ഷൻകുന്നിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ നിസ്വാർത്ഥ സേവകൻ കുഞ്ഞിക്കേളു, സ്ത്രീശാക്തികരണത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായ മാതാമ്മ എന്നിങ്ങനെ കഥാപാത്രങ്ങളുടെ നീണ്ട നിര. ഒട്ടുമിക്ക കഥാപാത്രങ്ങളും അല്പം പോലും കാല്പനികതയുടെ പരിവേഷമില്ലാത്തവർ, ആ ദേശത്തിൻ്റെ ജീവിതരീതികളും പ്രത്യയശാസ്ത്രങ്ങളും അടയാളപ്പെടുത്തിയവർ.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഗാന്ധിജിയുടെ കേരള സന്ദർശനം, തക്ഷൻകുന്നിന് ഉണർവേകിയ സ്വാതന്ത്ര്യസമരസേനാനികളായ കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ മറ്റു പ്രമുഖരെയും നോവൽ അടയാളപ്പെടുത്തുന്നുണ്ട്. 
ഒരു ജനതയുടെ പ്രത്യയശാസ്ത്രവും മാനവികബോധവും സാമൂഹിക പ്രതിബദ്ധതയും ഒരു ദേശത്തിൻ്റെ നവോത്ഥാനത്തിന് ചാലകശക്തിയായത് എങ്ങനെയെന്ന് കഥാകൃത്ത് കൃത്യമായി വരച്ചു കാട്ടിയിട്ടുണ്ട്.

ഇനിയൊരിക്കലും തിരിച്ചുവരാത്ത ദൃശ്യഭംഗികളും,
നാദവിസ്മയങ്ങളും മനുഷ്യബന്ധങ്ങളും
നഷ്ടസ്മൃതിയായി മനസ്സിൽ സൂക്ഷിക്കുന്ന
ഒരു ദേശത്തെ പുനർവായനയ്ക്കെടുക്കാം...
തക്ഷൻകുന്ന് സ്വരൂപത്തിലൂടെ...

എൻറെ പ്രിയപ്പെട്ട അക്ഷരസഹയാത്രികയും ക്ലാസ്മുറിയിലെ ടോട്ടോയുമായ സ്നേഹയ്ക്ക് പിറന്നാളാശംസകൾ നേരുന്നതോടൊപ്പം ഈ അക്ഷരസമ്മാനം സമർപ്പിക്കുന്നു.

 
Rejish.M
MTCTE 

No comments:

Post a Comment