മലയാളത്തിന് പ്രിയങ്കരിയാണ് മാധവിക്കുട്ടി എന്ന കമലാ ദാസ്. മാധവിക്കുട്ടി എഴുതിയ ഓർമപുസ്തകമാണ് ബാല്യകാലസ്മരണകൾ. പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിലെ ലാൻഡ് ഡൗൺ റോഡിലെ വസതിയും അവിടെ കണ്ടുമുട്ടുന്ന അനുഭവങ്ങളുമെല്ലാം അവരുടെ സ്മരണകളിലൂടെ കടന്നുപോകുന്നുണ്ട്. വളർച്ചയുടെ ഏതോ അവസരത്തിൽ നഷ്ടപെട്ടുപോയ ബാല്യത്തെ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് മാധവിക്കുട്ടി. വികൃതിനിറഞ്ഞ ബാല്യത്തിൻ്റെ ഓർമ്മ വായനക്കാരിൽ ചലനമുണ്ടാക്കുന്നു. നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ബാല്യമാണ് ഏറ്റവും മനോഹരമായ കാലം എന്ന് ഈ കൃതിയിലൂടെ കഥാകാരി ഓർമിപ്പിക്കുന്നു.
സ്നേഹം ചുരത്തുന്ന ശൈശവത്തിലൂടെ ഒഴുകിനടക്കുന്ന ഒരു കവിത പോലെയാണ് മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളുടെ അയവിറക്കൽ. ബാല്യത്തിൻ്റെ കളങ്കമെഴാത്ത ഓർമകളിലേക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ബാല്യകാലസ്മരണകൾ ഒരു മന്ത്രം പോലെയാണ്. രസമൂറുന്ന ബാല്യത്തിൻ്റെയും വികൃതിയുടെയും കുസൃതിയുടെയും കഥകൾ ആരെയാണ് ആകർഷിക്കാതിരിക്കുക!
അമ്മമ്മയുടെ തറവാടായ പുന്നയൂർക്കുളത്തെക്കാണ് കമല എന്ന കുട്ടി വിരുന്നെത്തുന്നത്. നാലാപ്പാട്ട് തറവാടിൻ്റെ കോലായിലും ഉമ്മറത്തും തെക്കിനിയിലും വടക്കിനിയിലുമെല്ലാം വായനക്കാരനും പലപ്പോഴും കയറി ഇറങ്ങുന്നുണ്ട്. നാലപ്പാട്ടുതറവാട്ടിലെ വേലക്കാർക്കിടയിലും സന്ദർശകർക്കിടയിലും ചർച്ചയാവുന്ന ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അന്തംവിട്ടാണ് കമലയെന്ന മാധവിക്കുട്ടി കേട്ട് നിൽകുന്നത്.മനസ്സിലാകാത്ത ലോകത്തിലേക്കുള്ള കമലയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം ലഭിക്കുന്നുമില്ല.
പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിലെ ലാൻഡ് ഡൗൺ റോഡിലെ വസതിയുമെല്ലാം കമലയെന്ന മാധവിക്കുട്ടിയെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് ബാല്യകാലസ്മരണകളിലൂടെ അനാവൃതമാകുന്നുണ്ട്. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപെട്ടുപോയ ബാല്യത്തിൻ്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിൻ്റെയും നൈർമല്യത്തിൻ്റെതുമായ ഒരു ലോകത്തേക്ക് നമ്മെ കൈ പിടിച്ച് കൊണ്ട് പോവുന്നു.
എൻ്റെ പ്രിയപെട്ട അക്ഷരസഹയാത്രി ഫിദയ്ക്ക് ഏറെ സ്നേഹത്തോടെ ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നു.
Anusree Rajeev
B.Ed 2021-23
MTCTE
No comments:
Post a Comment