ഫ്രഞ്ചുകാർ ഉപേക്ഷിച്ചു പോയ മയ്യഴിയിൽ നഷ്ട സ്വപനങ്ങളുമായി ജീവിക്കുന്ന ഒരു ജനതയുടെ ബാക്കി പത്രം. മയ്യഴിപുഴയുടെ തീരങ്ങളുടെ തുടർച്ച എന്ന് വിശേഷിപ്പിക്കാവുന്ന കൃതി ആണ് എം മുകുന്ദൻെറ ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ. മയ്യഴി എന്ന കേരള ഗ്രാമത്തിന്റെ ചാരുലത ആവാഹിക്കുന്ന നോവൽ. അത്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസിലേക്കും കഥയുടെ ചുരുളുകൾ അഴിക്കുന്ന നോവൽ. തന്റെ മാന്ത്രികദണ്ഡ് കൊണ്ട് അത്ഭുത കൃത്യങ്ങൾക്ക് ചിറകു നൽകുകയും ആകാശത്തിനും സമുദ്രത്തിനും മുകളിൽ മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അൽഫോൻസാച്ഛൻ ആണ് ഈ നോവലിലെ പ്രധാന കഥാപാത്രം.
എല്ലാ രാജ്യങ്ങളിലും എന്ന പോലെ മയ്യഴി രാജ്യത്തും ഒരു ജാലക വിദ്യക്കാരൻ ഉണ്ട്. മാഗി മദാമ്മയുടെ സായിപ്പും മൈക്കിളിന്റെയും എൽസിയുടെയും പപ്പയുമായ അൽഫോൻസാച്ഛൻ. മയ്യഴിയുടെ സൃഷ്ടാവ് താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുമാര വൈദ്യർ, അമ്മ, മക്കൾ ശിവൻ, ശശി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. രണ്ടു കുടുംബത്തിന്റെ കഥ പറഞ്ഞു കൊണ്ട് മയ്യഴി എന്ന നാടിന്റെ സാമൂഹിക പശ്ചാത്തലമാണ് എം മുകുന്ദൻ ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.
ഫ്രഞ്ചുകാരുടെ തിരിച്ചു പോക്ക് മയ്യഴിയിലെ ജനങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് കഥാകൃത്ത് വിവരിക്കുന്നു. സമ്പന്നരായവർ ദാരിദ്ര്യത്തിൽ ആവുകയും ദരിദ്രർ തങ്ങളുടെ ജീവിതം രക്ഷപെടുത്തുന്നതിനായി വിദേശ നാടുകളിലേക്ക് കപ്പൽ കയറുകയും ചെയുന്നു. തങ്ങൾക്ക് അവകാശപെടാത്ത ഭൂമി വിട്ടുപോകാനുള്ള ഭാര്യ മാഗിയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന അൽഫോൻസാച്ഛൻ നിരസിക്കുന്നു.
അൽഫോൻസാച്ഛന്റെ മകൻ വിദേശ നാട്ടിലേക്ക് കപ്പൽ കയറുന്നു. മകനിലൂടെ കുടുംബത്തിന്റെ ഭദ്രത സ്വപ്നം കാണുന്ന അദ്ദേഹവും ഭാര്യയും സങ്കടത്തിൽ ആവുന്നു. മകൻ മൈക്കിളിന്റെ തിരിച്ചു വരവ് കുടുംബത്തെ കടബാധ്യതയിലാക്കുന്നു. അൽഫോൻസാച്ഛന്റെ മകൾ കുമാരൻ വൈദ്യരുടെ മകൻ ശശിയെ പ്രണയിക്കുന്നു. തീർത്തും ദുരിതം നിറഞ്ഞ ജീവിതമായി മാറുന്നു അയാളുടെ ജീവിതം. തന്റെ ജാലക വിദ്യയുടെ നിറം മയ്യഴിയിലെ ജനങ്ങൾ മറന്നു തുടങ്ങിയിരിക്കുന്നു എന്നാ സത്യം അയാൾ വൈകിയാണ് തിരിച്ചറിയുന്നത്. കാരണം മയ്യഴി അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഭാഗമാണ്. ആ നാടിനോട് അലിഞ്ഞു ചേരാനാണ് അയാൾ ആഗ്രഹിക്കുന്നത്.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഉയർച്ചയെയും താഴ്ചയെയും എം മുകുന്ദൻ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. അതിനെ ദൈവത്തിന്റെ വികൃതികൾ എന്ന പേര് ചൊല്ലിയാണ് അദ്ദേഹം വിളിക്കുന്നത്. കൊളോനിയലിസം ഏല്പിച്ച ഭാഗ്യ നിർഭാഗ്യങ്ങളുടെ ചരിത്ര സ്മാരകങ്ങൾക്ക് മുൻപിൽ വളർന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും, മയ്യഴിയുടേത് മാത്രമായ സൂര്യനെയും, മയ്യഴിപ്പുഴയെയും മലയാള അൽഫോൻസാച്ഛൻറ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു.
നീരജ ഫ്രാൻസിസ്
B.Ed 2022-23
MTCTE
No comments:
Post a Comment