scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Thursday, April 14, 2022

Oru Sankeerthanam Pole by Perumbadavam Sreedharan

 

"കുറേ നാൾ മുൻപാണ്...

ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു.ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്നു.

എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ...?

എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്."

ലോകമെമ്പാടുമുള്ള മലയാളികളെ ഏറ്റവും അധികം സ്വാധീനിച്ച നോവൽ, പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ."ഫയഥോർ ദസ്തയേവ്സ്കി എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റെ സംഘർഷഭരിതമായ ജീവിതത്തെയാണ് പെരുമ്പടവം ശ്രീധരൻ ആവിഷ്കരിച്ചിരിക്കുന്നത്. മറ്റേതോ രാജ്യത്തെ മറ്റേതോ കാലഘട്ടത്തിലെ ഒരാളുടെ ജീവിതത്തെ എങ്ങനെ പെരുമ്പടവത്തിന് പകർത്തുവാൻ സാധിച്ചു എന്ന ചോദ്യത്തിന് മുന്നിൽ മിഴിച്ചു  നിൽക്കേണ്ടി വന്നേക്കാം. എന്നാൽ സെന്റ്പീറ്റേഴ്സ് ബർഗിലെ ഒരിക്കലും കാണാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള പെരുമ്പടവത്തിനൻെറ വർണ്ണനകൾ അംഗീകരിച്ചു കൊടുക്കേണ്ട ഒരു വസ്തുത തന്നെയാണ്. അതു തന്നെയായിരിക്കാം അദ്ദേഹത്തെ മികച്ച എഴുത്തുകാരനാക്കി വളർത്തിയതെന്ന കാര്യം വിസ്മരിച്ചുകൂട. ഒരുപക്ഷേ ദസ്തയോവിസ്കി എന്ന സാഹിത്യകാര നോടുള്ള അടങ്ങാത്ത ആരാധന ആയിരിക്കാം ഇത്തരത്തിൽ എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

"ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള കഥാകാരൻ " ദസ്തയോവിസ്കിയെ കുറിച്ചുള്ള പെരുമ്പടവത്തിൻെറ പരാമർശത്തിൽ നിന്ന് തന്നെ അദ്ദേഹത്തിനോടുള്ള എന്തോ ഒരു ഇഷ്ടത്തെ നമുക്ക് കാണുവാൻ സാധിക്കും. ഫയഥോതോറിന്റെ ആത്മസങ്കർഷത്തിലൂടെ കടന്നു പോകുന്ന നോവലിൽ അന്ന എന്ന സ്റ്റനോഗ്രാഫറോടുള്ള പ്രണയത്തെയാണ് പെരുമ്പടവം ആവിഷ്‌കരിക്കുന്നത്. 

ദസ്തയോവിസ്കി സൃഷ്ടിച്ചിട്ടുള്ള കഥാപാത്രത്തെക്കാളും എത്രയോ അധികം വിചിത്രമാണ് അദ്ദേഹം എന്ന സംശയം വായനക്കാരിൽ ഉടലെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം ഈ കഥാപാത്രത്തിന്റെ വ്യത്യസ്തത തന്നെയാണ് നോവലിനെ ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നത്. അതെ, ഇരുന്നൂറോളം പേജുകളുള്ള ഈ പുസ്തകം ഒറ്റ ഇരിപ്പിനാണ് വായിച്ചു തീർത്തത് എന്ന സത്യത്തോട് ചിലപ്പോൾ നിങ്ങൾക്ക് യോജിക്കാൻ സാധിക്കാതെ വരാം. എന്നാൽ വായിച്ചു തുടങ്ങിയാൽ നിലത്തുവെക്കാൻ പറ്റാത്ത വിധം ദസ്തയേവ്സ്കി എന്ന കഥാപാത്രം മനസ്സിനെ സ്വാധീനിക്കുമെന്ന് പറയാതിരിക്കാൻ വയ്യ.

പെരുമ്പടവം ശ്രീധരന്റെ ഈ പുസ്തകം എന്നിലുണ്ടാക്കിയ സ്വാധീനത്തിന്റെ വെളിച്ചത്തിൽ ഞാൻ ഇത് എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ചഞ്ചലിനു സമ്മാനിക്കുന്നു.

                                                         Drisya B

                                                         B.Ed 2022-23

                                                         MTCTE

Sunday, April 10, 2022

Kunnolamundallo Bhoothakalakkulir By Deepa Nisanth

 

മനോഹരമായയൊരു ഭൂതകാലത്തിന്റെ മധുര സ്മരണകൾ കോർത്തൊരുക്കിയ ഓർമ്മ കുറിപ്പുകളാണ് പ്രശസ്ത എഴുത്തുകാരി ദീപ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന പുസ്തകം.  ബാല്യം മുതൽ യൗവ്വനംവരെയുള്ള അനുഭവങ്ങളും, ആ അനുഭവങ്ങൾ തനിക്കു സമ്മാനിച്ച വ്യക്തികളെയും എഴുത്തുകാരി തന്റെ പുസ്തകത്തിൽ കുറിച്ചിടുന്നു.

പേരമംഗലം ശ്രീ ദുർഗാവിലാസം സ്കൂളും, കേരളവർമ്മ കോളേജും, ഒരു കൗമാരക്കാരിയുടെ ആകുലതകളും മുതിർന്ന ഒരധ്യാപികയുടെ ആശയങ്ങളും ദീപ നിഷാന്ത് ഓർത്തെടുക്കുന്നു.

സ്ത്രീകൾക്ക് മാത്രമായ് പരമ്പരഗതമെന്നോണം വരച്ചുവച്ച ചില ലക്ഷ്മണരേഖകൾ അവർ ഹാസ്യത്തിന്റെ ചുവടാലെ മുറിച്ചു കടക്കുന്നു. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വിദ്യാഭ്യാസ മേഖലയിൽ പോലും നിലനിന്നു വരുന്ന ജാതീയതയെ, വർണ്ണവെറിയെ അവർ ചോദ്യം ചെയ്യുന്നു.  ഓരോ വ്യക്തിക്കും തന്റെതായ വ്യക്തിത്വമുണ്ട്. സ്വതന്ത്രമായ ചിന്തകളും വികാരങ്ങളും വിചാരങ്ങളുമുണ്ട്. അതിനാൽ തന്നെ തന്റെ ആകാശം തന്റേത് മാത്രമാവണം എന്നും അതിന്റെ മേഘമൂടുപടമാവാൻ ആരെയും അനുവദിക്കേണ്ടതില്ലെന്നും അവർ കൂട്ടി ചേർക്കുന്നു.

ഈ പുസ്തകത്തിലെ ഏതാനും പ്രസക്തമായ വരികൾ ഇങ്ങനെയാണ്: "ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്നസ്‌ഥലികളും. ആരും കാണരുത്. ആരോടും പറയരുത്. പിൻ നമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം." പ്രിയപ്പെട്ട നിഖിൽ, നീയും ഏറെ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവനാണ്. അവയെല്ലാം നിറമുള്ളതാവട്ടെ എന്നു പ്രാർത്ഥിക്കുന്നതോടൊപ്പം യാത്രകളെയും പ്രകൃതിയെയും, സ്പോർട്സിനെയും അതിലുപരി മാത്‍സിനെയും സ്നേഹിക്കുന്ന എന്റെ അക്ഷര സഹയാത്രികന് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന പുസ്തകത്തോടൊപ്പം ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

                                                     Smrithi Murali

                                                     B.Ed 2022-23

                                                     MTCTE

Kanneerum Kinavum By V.T Bhattathiripad


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവർണ്ണ സവർണ്ണ സമുദായങ്ങളിൽ അസമത്വജഢിലമായ ചിന്താഗതികളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു. നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും  കുറിച്ച് ആവേശപൂർവ്വം ചിന്തിക്കുകയും പ്രവൃത്തിക്കുകയും എഴുതുകയും ചെയ്ത ഒരു വിപ്ലവകാരിയായിരുന്നു വി.ടി.ഭട്ടതിരിപ്പാട്. 

വി.ടി യുടെ ചിന്താ ഗൗരവം നിറഞ്ഞു തുളുമ്പുന്ന ആത്മകഥയാണ് കണ്ണീരും കിനാവും. ധാരാളം ആത്മകഥകൾ നമുക്ക് ലഭ്യമാണ്. മിക്കവാറും എല്ലാം സ്വന്തം വ്യക്തിത്വം മറച്ചുവെക്കുന്നതും വളരെ പ്രസക്തമെന്നു തോന്നുന്ന ജീവിത സംഭവങ്ങളും  ത്യാഗങ്ങളും വിശദമാക്കുന്നതുമാണ്. എന്നാൽ ആത്മാംശത്തിന്റെ നിഴലും നിലാവും പൂർണ്ണമായും ഉപയോഗിച്ച് അനുഭവത്തിന്റെ തീചൂളയിൽ ഉരുകി ശുദ്ധീകരിച്ച് തന്റെ ജീവിതം കാഴ്ച്ചവെക്കുന്നു. ഇക്കാരണത്താൽ മലയാള ആത്മ കഥകളുടെ കൂട്ടത്തിൽ കണ്ണീരും കിനാവും പ്രഥമസ്ഥാനം കരസ്ഥമാക്കുന്നു. 

വി.ടിയുടെ ആത്മകഥാപരമായ കൃതികൾ മൂന്ന് എണ്ണമാണ് ഉള്ളത് അവ കണ്ണീരും കിനാവും ,വി.ടിയുടെ ജീവിത സ്മരണകൾ , കർമ്മവിഭാഗം എന്നിവയാണ്. കണ്ണീരും കിനാവും യഥാർത്ഥത്തിൽ സമ്പൂർണമായ ഒരു ആത്മ കഥയല്ല. വി ടി യുടെ ജീവിതത്തിലെ ഏകദേശം കാൽ നൂറ്റാണ്ട് കാലമേ ഇതിൽ അനുസ്മരിക്കുന്നുള്ളു. വി.ടി. തന്റെ ജീവിതത്തിന്റെ ആദ്യഘട്ടമായ 1896 മുതൽ 1916 വരെയുള്ള 20 വർഷക്കാലത്തെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള ഏതാനും ഉപന്യാസങ്ങളുടെ സമാഹാരം എന്ന നിലയിൽ ആണ് ഈ പുസ്തകം ചമച്ചിരിക്കുന്നത്. 

ഒറ്റക്ക് ഒറ്റക്ക് ഓരോ ലേഖനത്തിനും പൂർണ്ണതയുണ്ട്. അതിനാൽ ഉപന്യാസം എന്നതിനു പകരം ചെറുകഥയെന്നോ ചിത്രീകരണമെന്നോ പറഞ്ഞാലും മിക്ക അധ്യായങ്ങൾക്കും യോജിക്കും. തിരിഞ്ഞു നോക്കുമ്പോൾ എന്ന ആമുഖവും തുടർന്ന് 10 അധ്യായങ്ങളുമാണ് കണ്ണീരും കിനാവിലുമുള്ളത്. നമ്പൂതിരി സമുദായത്തിലെ ജീർണതകൾ എടുത്തു കാട്ടി കൊണ്ടാണ് ഒന്നാമത്തെ അധ്യായം ആരംഭിക്കുന്നത്. സംഭവ വിരളമായ ഒരപ്പൻ നമ്പൂതിരിയുടെ ജീവിതചരിത്രം ഒരു നമ്പൂതിരി സ്ത്രീയുടെ ജീവിതവും വിശദമാക്കി കൊണ്ട് നൂറു നൂറു ദുരാചാരങ്ങളുടെയും ദുരന്ത ജീവിതങ്ങളേയുo ഈറ്റില്ലമായി തീർന്നിരിക്കുന്ന ഇല്ലങ്ങളെ വി.ടി.ഭട്ടതിരിപ്പാട് പൊതുജന സമക്ഷം തുറന്നു കാട്ടി . 

പതിനാലു തികഞ്ഞ സ്ത്രീകൾ വൃദ്ധരെ കെട്ടി ജീവിതത്തിന്റെ സുരഭില വേളയിൽ തന്നെ വൈധവ്യദുഖം അനുഭവിക്കേണ്ടി വരുന്ന നിസഹായ അവസ്ഥയും വി.ടി വിമർശിച്ചിരിക്കുന്നു. ശങ്കരാചാര്യർ, മേൽപ്പത്തൂർ, പൂന്താനം തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ സമുദായമാണ് നമ്പൂതിരി സമുദായം. അങ്ങനെയുള്ള സമുദായത്തെ വിമർശിക്കുമ്പോൾ ഏൽക്കേണ്ടി വരുന്ന വിമർശനശരങ്ങളെ കുറിച്ചുള്ള ബോധ്യം വി.ടിക്കുണ്ട്. 

മഹത്വങ്ങൾക്ക് മാത്രമല്ല കുടിയാത്ത് ധാത്രിക്കും ജന്മം നൽകിയത് ഇതേ സമുദായമാണെന്ന കാര്യം  കൂടി മറക്കരുതെന്നു അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ ചരിത്രത്തിൽ അഭിരമിച്ച് കൺമുന്നിൽ കാണുന്ന അനീതിക്ക് നേരെ കണ്ണടച്ച് വിധി എന്നു സമാധാനിക്കുന്ന മൃഗീയ മനുഷ്യത്വ വ്യക്തിത്വം പുലർത്തുന്ന നരാദനർക്ക് എതിരെയാണ് വി.ടിയുടെ കർക്കശ സ്വരം വന്നു പതിക്കുന്നത്. 

ബ്രാഹ്മണ മേദാവിത്വത്തിനെതിരെയും നമ്പൂതിരി സ്ത്രീകൾ അനുഭവിക്കുന്ന ധൈന്യതയ്ക്ക് എതിരെയും ശബ്ദിച്ച വി.ടി പാരമ്പപര്യ വിലാസത്തിന്റെ ആവശ്യകതയും ശരീരത്തിൽ മുഴച്ചു നിൽക്കുന്ന പാലുണ്ണിയെ പോലെ വൃത്തികെട്ട ഒന്നാണ് ഈ വിശ്വാസം എന്നും അതിനെ നുള്ളി പൊട്ടിക്കാൻ മെനക്കെടുന്നവർ സാധാരണ വിരളമാണ് എന്നിങ്ങനെ അലങ്കാരരൂപത്തിൽ പറഞ്ഞിരിക്കുന്നു. സാമ്പത്തികമായും സാംസ്കാരികമായും കേരളത്തിന്റെ നേതൃത്വം കൈകൊണ്ടിരുന്ന ഒരു നീണ്ട നല്ല കാലം നമ്പൂതിരിമാർക്ക് ഉണ്ടായിരുന്നതായി കാലം മാറിയതോടെ ഇവർക്ക് സംഭവിച്ച നമ്പൂതിരിമാരുടെ അധിപതനവും ഈ കൃതിയിൽ വ്യക്തമാക്കുന്നുണ്ട്.

                                                    Anargha N

                                                    B.Ed 2021-22

                                                    MTCTE

Saturday, April 9, 2022

Neermathalam Pootha Kalam By Madhavikutty


 “നീർമാതളമരം പൂക്കുന്നത് കേവലം ഒരു ആഴ്ചക്കാലത്തിന് വേണ്ടിയാണ്." 

പുതുമഴയുടെ സുഗന്ധം മണ്ണിൽനിന്നുയർന്നാൽ നീർമാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും.  ഭാവിതലമുറയ്ക്ക് ഒരിക്കലും അനുഭവിക്കാന്‍ സാധിക്കാത്ത നൊസ്റ്റാൾജിക് നിമിഷങ്ങൾ വാക്കുകളിൽ നിറഞ്ഞിരിക്കുന്ന ഒരു സ്നേഹഭരണി കപാടലയാണ് നീർമാതളം പൂത്തകാലം എന്ന പുസ്തകം.. നിഷ്കളങ്കതയുടെയും, ഒറ്റപ്പെടലിന്റെയും, ഗൃഹാതുരത്വത്തിന്റെയും ഒരു തുറന്നെഴുത്തിലൂടെ ഒരു കൗമാരക്കാരിയുടെ വിങ്ങലുകളും, ആശങ്കകളും, മാധവിക്കുട്ടി ഈ ഓർമക്കുറിപ്പിൽ  വരച്ചുകാട്ടുന്നു. പുന്നിയൂർകുളം, കൊൽക്കത്ത എന്നീ തീർത്തും വ്യത്യസ്തമായ രണ്ടു സ്ഥലങ്ങളിൽ ശിഥിലമായ തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകളാണ് ആമി ഇവിടെ വാക്കുകളാൽ വരച്ചിടുന്നത്.                         

പുസ്തകത്തിൽ ആദ്യമധ്യാന്തം നിറഞ്ഞുനിൽക്കുന്ന നാലാപ്പാട്ട് തറവാടും അമ്പാഴകത്തൽ വീടും അകത്തളങ്ങളിൽ തങ്ങളുടെ കൊച്ചുകാലാത്തെ സൃഷ്ടിച്ചുകൊണ്ടിരുന്ന സ്ത്രീ കഥാപാത്രങ്ങളും കമലയുടെ ഓർമ്മകളിൽ എന്നപോലെ നമ്മുടെ മനസ്സുകളിലും നിറഞ്ഞുനിൽക്കുന്നു.  നാരായണന്‍ നായർ, പാറുക്കുട്ടിയമ, മാധവിയമ്മ, വള്ളി, നാലപ്പാട്ട് നാരായണ കമകനാന്‍, മണ്ണാന്‍,  എന്നിവരെല്ലാവരും തന്നെ നമുക്കും പ്രിയപ്പെട്ടവരാവുന്നു.                      

പുതുമഴയുടെ സുഗന്ധം മണ്ണിൽ നിന്ന് ഉയർന്നു കഴിയുമ്പോൾ പൂക്കുകയും എന്നാൽ ഒരാഴ്ച്ചക്കുള്ളിൽ നിലം പതിക്കുകയും ചെയ്യുന്നവയാണ് നീർമാതളപ്പൂക്കളെങ്കിലും മാധവിക്കുട്ടി പങ്കുവയ്ക്കുന്ന ഓർമ്മകളുടെ  നീർമാതളങ്ങൾ എന്നെന്നും  പൂക്കുകയും നിലനിൽക്കുന്നവയുമാണ്. നാലപ്പാട്ടെ തറവാട്ടിൽ ഒതുങ്ങിയ തന്റെ ബാലയോർമ്മകൾ അമ്പത്തിയൊന്ന് ഭാഗങ്ങളിലായാണ് മാധവിക്കുട്ടി കുറിച്ചിട്ടിരിക്കുന്നത്. ലളിതമായി ആഡംബരവും അലങ്കാരങ്ങളുമൊന്നുമില്ലാതെ യാഥാർത്ഥ്യത്തിൻ്റെ ഗന്ധം ചാലിച്ചെഴുതിയതാണ് ഇതിലെ ഓരോ വാക്കും. ലാേകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മയുടെ സുഗന്ധം  മലയാളികൾക്ക് സമ്മാനിക്കുന്നു.

                                                  Chandana p

                                                  B.Ed 2021-22

                                                  MTCTE