രാഷ്ട്രനിർമ്മാണത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ട താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ് ബുധിനി. വായിച്ചു തുടങ്ങുമ്പോൾ ആകാംക്ഷ നൽകുന്ന, വായന നിർത്താതെ താഴെ വയ്ക്കാൻ കഴിയാത്ത അനുഭവമാണ് സാറാ ജോസഫിന്റെ ബുധിനി നൽകുന്നത്. വായനയിൽ വിസ്മയം തീർക്കുന്ന അത്തരം എഴുത്തുകൾ എക്കാലവും നിലനിൽക്കുന്നു.
വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടി ഇറക്കപ്പെട്ടവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി. 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഈ നോവൽ അതിന്റെ കാലികപ്രസക്തി കൊണ്ടും അവതരണ മികവ് കൊണ്ടും വേറിട്ടു നിൽക്കുന്നു. സാന്താൾ ഗോത്ര വംശത്തിലെ ബുധിനി എന്ന പെൺകുട്ടിയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. 1959 ഡിസംബർ ആറാം തീയതി ജാർഖണ്ഡിലെ ദാമോദർ നദിയിലെ പാഞ്ചേത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ദാമോദർവാലി കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം മാലയിട്ട് സ്വീകരിക്കുകയും നെറ്റിയിൽ തിലകം അണിയുകയും ചെയ്ത പെൺകുട്ടിയാണ് ബുധിനി. ഡാമിന്റെ നിർമ്മാണത്തിന് വേണ്ടി കല്ലും മണ്ണും ചുമന്നവരിൽ ഒരാൾ എന്ന നിലയിൽ ആ പെൺകുട്ടിയെ കൊണ്ടാണ് നെഹ്റു പാഞ്ചേത് ഡാം രാജ്യത്തിനു സമർപ്പിച്ചതും ഉദ്ഘാടനം ചെയ്യിച്ചതും. എന്നാൽ നെഹ്റുവിന്റെ കഴുത്തിൽ മാല ഇട്ടത് ഗോത്രാചാരലംഘനമാണെന്ന് വിലയിരുത്തി 15 വയസ്സ് മാത്രമുള്ള ആ പെൺകുട്ടിയെ സാന്താൾ ഗോത്രം ഊരുവിലക്കി ഗ്രാമത്തിൽനിന്ന് പുറത്താക്കുകയുണ്ടായി.
ഒരു പത്രവാർത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനിയെങ്കിലും യഥാർത്ഥ ബുധിനിയുടെ ജീവിത കഥയോ ചരിത്രനോവലോ അല്ല ഈ കൃതി. എങ്കിലും ചരിത്രവും ഫിക്ഷനും തമ്മിലും വാർത്തയും ഫിക്ഷനും തമ്മിലുമുള്ള സംയോജനം ആണെന്നും സാറാജോസഫ് അഭിപ്രായപ്പെടുന്നു. പറിച്ചുനടലിന്റെ വേദനാജനകമായ വിഷയങ്ങൾ തന്നെയാണ് ബുധിനിക്കും പറയാനുള്ളത്. ഒപ്പം ഗ്രാമീണ ജീവിതത്തിന്റെ നീതി നിയമങ്ങളിൽപെട്ട് ജീവിതം നഷ്ടമാകുന്ന ദുരന്തങ്ങളും ഈ നോവൽ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു സംസ്കാരത്തെയും ഭാഷയെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സാറാ ജോസഫ് വിഫലം ആക്കിയിട്ടില്ല എന്നും കാണാം.
എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ഗ്രേസ്ലിൻ സിസ്റ്റർക്ക് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു. അതോടൊപ്പം ഈ പുസ്തകം സമ്മാനമായി നൽകുന്നു.
Nimisha Siby
B.Ed 2022-23
MTCTE
No comments:
Post a Comment