ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തികളിൽ ഒരാളായിരുന്നു നമ്മുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ.അരുൺ ദിവാരിയുടെ സഹായത്തോടെ ഡോക്ടർ അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡിസി ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999 പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിൻെറ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക് ,തമിഴ്, മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ ചൈനീസ് ,കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയെ ശാസ്ത്രസാങ്കേതിക വിദ്യയുടെ കാര്യത്തിൽ പരമോന്നതിയിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു അദ്ദേഹത്തിന് 2020 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കി മാറ്റാനുള്ള മാർഗങ്ങളും ദർശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. തികച്ചും സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന ഇന്ത്യ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും പിന്നീട് രാഷ്ട്രപതി ആവുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രചോദനാത്മക ജീവചരിത്രമാണ് അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ അവതരിക്കപ്പെടുന്നത്. കലാമിന്റെ ബാല്യം വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകൾ തുടർന്ന് ശാസ്ത്രലോകത്തിലേക്കുള്ള കടന്നു വരവ് എന്നിവയെല്ലാം അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുതുതലമുറയെ പ്രതീക്ഷാനിർഭരമായ ഒരു നവലോകത്തേക്കും കൈപിടിച്ചുയർത്തുന്ന അധ്യാപകനായും മാറിയ അബ്ദുൽ കലാമിന്റെ ജീവിതം മികവോടെ പുസ്തകത്തിൽ വരച്ചു ചേർത്തിരിക്കുന്നു. 10 അധ്യായങ്ങളിലായി അവതരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഡോക്ടർ കലാമിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളും ഉൾപ്പെടുത്തിയിരിക്കുന്നു. കലാമിന്റെ വ്യക്തിപരവും ഔദ്യോഗികമായ പോരാട്ടങ്ങളുടെ കഥ പറഞ്ഞ അഗ്നിച്ചിറകുകളുടെ പരിഭാഷകൻ പി വി ആൽബിയാണ്. മിസൈൽ ടെക്നോളജി വിദഗ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന ഈ ഒരു മികച്ച സൃഷ്ടി ഞാനെന്റെ അക്ഷര സഹയാത്രിക ചന്ദനയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകുന്നു.
Swaroopa P. K
Asst. Professor
MTCTE
No comments:
Post a Comment