മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത് മാത്രമല്ല ബാല്യകാലസഖി എന്നതാണ് ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട് ബാല്യകാലസഖി.
കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്. മറിച്ച് ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
മജീദ്, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം, ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും, ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും,ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍,ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിയുന്നു ബഷീറിന്.
സുഹറയും മജീദും വളരുന്നതിനനുസരിച്ച് അവരുടെ മനസ്സും വളരുന്നത് കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.
ലളിതമായ ഭാഷയിലാണ് ബഷീര്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്.വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന പതിവ് വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട് ആവാഹിക്കുന്ന ഈ മികച്ച സൃഷ്ടി എന്റെ അക്ഷര സഹയാത്രി ഡെൽന സിസ്റ്ററിനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകുന്നു.
Sivapriya S Namboodiri
B.Ed 2021-22
MTCTE
No comments:
Post a Comment