scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Wednesday, September 14, 2022

Biriyani by Santhosh Echikkanam


 2016 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി മലയാള സാഹിത്യത്തെ വേദനിപ്പിച്ചു കടന്നു പോയ ചെറുകഥയാണ്. മലയാളികളുടെ ധാരാളിത്തത്തെയും ഒപ്പം വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും തീവ്രതയും ഒരുമിച്ച് കൂട്ടിയിണക്കുന്നതാണ് ബിരിയാണി.  ഈ ചെറുകഥ വായനക്കാരിൽ ചെലുത്തുന്നതായ സ്വാധീനം ചെറുതല്ല.  ചെറുകഥയുടെ അന്തസത്ത ഒട്ടും ചോർന്നു പോകാത്ത സന്തോഷ് ഏച്ചിക്കാനത്തിന്റെ 6 കഥകൾ കൂടി ചേർത്തു ഡി.സി. ബുക്ക്സ് ബിരിയാണി എന്ന തലക്കെട്ടോടു കൂടി പിന്നീട് ഒരു പുസ്തകമായി പ്രസിദ്ധികരിച്ചു . 


ഏതൊരു വായനക്കാരന്റെയും കണ്ണിനെ ഈറനണിയിക്കുന്ന വികാരതീക്ഷ്ണമായ ഒരനുഭവകഥയാണ് സന്തോഷ് എച്ചിക്കാനം ബിരിയാണിയിലൂടെ പറയുന്നത്. ദാരിദ്യം മൂലം ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ഗോപാൽ യാദവ് എന്ന അതിഥി തൊഴിലാളി (ബംഗാളി) യുടെ കഥയാണ് ഇതിൽ പറയുന്നത്.  12 വർഷം മുൻപ് കേരളത്തിൽ എത്തിയ ഗോപാൽ, സ്വന്തം കുടുംബത്തിൻറെ ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടി തുച്ഛമായ ശമ്പളത്തിൽ പല ജോലികളും ചെയ്തു.


സമ്പന്നനായ കലന്തൻഹാജിയുടെ വീട്ടിൽ ചെറുമകന്റെ കല്യാണാവശ്യമായി 250 രൂപ കൂലിക്ക് പണിയെടുക്കാൻ ഗോപാൽ ചെല്ലുന്നു. എന്തു ജോലിയാണ് ചെയ്യേണ്ടത് എന്നു മനസിലാകാതെ ചെല്ലുന്ന അദ്ദേഹം, കല്യാണം ആവശ്യം കഴിഞ്ഞു ബാക്കിവന്ന ബിരിയാണി കുഴിച്ചുമൂടാനുള്ള കുഴിയെടുക്കാൻ ആണ് അയാളെ വിളിച്ചതെന്ന്  അവസാന നിമിഷത്തിൽ തിരിച്ചറിയുന്നു. പഞ്ചാബിൽ നിന്നും കൊണ്ടുവന്ന ബസ്മതി അരിയുടെ ചെമ്പ് കണക്കിന് ബിരിയാണി.  അതിനു മനസ്സില്ലാതിരുന്ന അയാൾ അവസാനം നിർബന്ധത്തിന് വഴങ്ങി ചെയ്യേണ്ടതായി വരുന്നു. കഥാവസാനം തന്റെ മകളുടെ പേര് ബസ്മതി എന്നായിരുന്നു എന്നും ബസ്മതി അരിയോടുള്ള ഇഷ്ടവും ഓർത്തെടുക്കുന്നു. കുഴിയിൽ മൂടിയ ബിരിയാണി ചവിട്ടി താഴ്ത്താൻ അവശ്യപ്പെടുമ്പോൾ മനസ്സില്ലാ മനസ്സോടെ കുഴിയുടെ  നെഞ്ചിൽ ചവിട്ടി എന്നു കാണാം.  വിശപ്പ് മൂലം മരണമടഞ്ഞ സ്വന്തം മകൾ ബസ്മതിയെ അപ്പോൾ അയാൾ വേദനയോടെ ഓർക്കുന്നു... 


ഈ ചെറുകഥയിൽ മലയാളികൾ ബംഗാളികളോട് കാണിക്കുന്ന വേർതിരിവും അനാദരവും വളരെ ലളിതമായി എഴുത്തുകാരൻ വിവരിക്കുന്നു. വിശപ്പിന്റെ തീവ്രതയെ ഇന്നത്തെ കാലത്തോട് കോർത്തിണക്കി അവതരിപ്പിക്കുകയാണ് സന്തോഷ്‌ എച്ചിക്കാനത്തിന്റെ ബിരിയാണി. വിശപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും, പ്രവാസത്തിന്റെയുമെല്ലാം ഒരു നേർക്കാഴ്ചയുടെ ഉത്തമ ഉദാഹരണമാണ് ഈ ചെറുകഥ. ഏഴു കഥകൾ ചേർത്തതാണ് ഈ പുസ്തകമെങ്കിലും ജീവിത യാഥാർഥ്യങ്ങളുടെ നിറവു കൊണ്ട് 'ബിരിയാണി ' എന്ന തലക്കെട്ടോടു കൂടിയ ആദ്യ കഥ മറ്റുള്ളവയെക്കാൾ ഒരു നൊമ്പരമായി അവശേഷിക്കും എന്നതിൽ ഭിന്നാഭിപ്രായമില്ല. വടക്കൻ മലബാറിലെ കല്യാണങ്ങളിലെ ഭക്ഷണ ധൂർത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നു മരിച്ച മകളെ കുറിച്ചുള്ള വേദനിക്കുന്ന ഓർമ്മകളുമാണ് ബിരിയാണിയുടെ പശ്ചാത്തലം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും നമ്മുടെ ഇന്നത്തെ ജീവിതത്തിൽ നാം കുഴിച്ചുമൂടേണ്ട ചില സംസ്കാരങ്ങളുടെ നേർക്കാഴ്ചയിലേക്കാണ് ബിരിയാണി വിരൽ ചൂണ്ടുന്നത്. 


വിശപ്പ്,  സ്വന്തം നാട് വിട്ടു മറ്റൊരു നാട്ടിൽ പണിയെടുക്കുന്നവരുടെ പ്രയാസങ്ങൾ, ആഡംബരം, ധൂർത്ത്, ദാരിദ്ര്യം, പുതുതലമുറയുടെ മനോഭാവം എന്നിവയുടെ വിവരണങ്ങളിലൂടെ ഈ കഥയുടെ സമകാലിക പ്രസക്തിയേറുന്നു. ഓരോ വ്യക്തിജീവിതത്തെയും ആഴത്തിൽ സ്പര്ശിക്കുന്നതായ ഈ കഥ കണ്ണുനിറയാതെ വായിച്ചു തീർക്കാനാവില്ല. ഏതൊരാളും വായിച്ചിരിക്കേണ്ട ബിരിയാണി എന്ന പുസ്തകത്തിൽ, ബസ്മതി എന്നത് വെറുമൊരു അരിയുടെ പേരല്ല, മറിച്ചു ഏതൊരു വ്യക്തിയുടെയും ഹൃദയം തകർക്കുന്ന ഒരു വേദനയായി മാറുകയാണ്.  ഹൃദയത്തിന്റെ അഴങ്ങളെ തൊടുവാൻ കഴിവുള്ളതായ, മനുഷ്യമനസ്സുകളിൽ ഒരു നോവായി മാറുന്ന  ഈ മികച്ച കൃതി എന്റെ അക്ഷര സഹയാത്രി  ദേവുദാസിന് പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് നല്കുന്നു.

                                                    Snehamol Shaji

                                                    B.Ed 2021-22

                                                    MTCTE

No comments:

Post a Comment