അക്ഷരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട ഒരു അധ്യാപകന്റെ അറ്റു പോകാത്ത ഓർമ്മകളുടെ പുസ്തകം. ഒരു ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടങ്ങി എല്ലാം നഷ്ടമായി, ഒറ്റമുറിയിൽ ജാലകത്തിന് പുറത്തെ കാഴ്ചകളിൽ മാത്രം ഒതുങ്ങിപ്പോയ ഒരു കോളേജ് പ്രൊഫസറിന്റെ തുറന്നെഴുത്താണിത്.
മികച്ച ആത്മകഥയ്ക്ക് ഉള്ള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ ഈ പുസ്തകം തന്റെ ഭാര്യ സലോമിയ്ക്കുള്ള ഒരു സമർപ്പണം ആണ്. തൊടുപുഴ ന്യൂമാൻ കോളേജിൽ മലയാളം വിഭാഗം അധ്യാപകനായിരുന്നു പ്രൊഫസർ ടി ജെ ജോസഫ് ഇന്റേണൽ പരീക്ഷയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തയ്യാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദ കലർന്നെന്ന് ആരോപിക്കപ്പെടുകയും അത് ഒരു മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തി എന്നപേരിൽ പോലീസ് അദ്ദേഹത്തിനെതിരെ കേസടുത്തതും, തുടർന്ന് ജയിൽവാസത്തിനുശേഷം കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ ഒരു വിഭാഗം മതതീവ്രവാദികളാൽ ആക്രമിക്കപ്പെട്ട് വലതു കൈപ്പത്തി വെട്ടി മാറ്റിയതും, കോളേജിൽ നിന്നുള്ള പിരിച്ചുവിടലും, വിഷാദത്തിനകപ്പെട്ട് ഭാര്യയുടെ ആത്മഹത്യയും എല്ലാം ഈ ആത്മകഥയിൽ ഒരു ഞെട്ടലോടെ നമുക്ക് വായിക്കാൻ കഴിയും. കേരള ചരിത്രത്തിൽ ഇത്രതന്നെ വിവാദപരമായതും കേരളീയരുടെ മതനിരപേക്ഷ ബോധത്തെയും മതസഹിഷ്ണുതയെയും ആകമാനം പ്രതിസന്ധിയിലുമാഴ്ത്തി കളഞ്ഞ അതിദാരുണ ജീവിതാനുഭവങ്ങൾ നൽകിയ ആദ്യ നിർവികാരത പിന്നീട് അദ്ദേഹത്തെ അതിജീവനത്തിന്റെ പാതയിലേക്ക് നയിച്ചു. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ ഇഞ്ചിഞ്ചായി അരിയപ്പെട്ട ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇനിയും അറ്റു പോകാത്ത ഓർമ്മകൾക്ക് അല്പം തിളക്കം സമ്മാനിക്കാൻ ഓരോ വായനയ്ക്കും കഴിയും.
എന്റെ അക്ഷര സഹയാത്രി ഗോപികയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം ഈ പുസ്തകം സമ്മാനമായി നൽകുന്നു
Sneha K B
B.Ed 2021-22
MTCTE
No comments:
Post a Comment