scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Friday, December 23, 2022

Higuita by N. S Madhavan


മലയാളത്തിന്റെ ജീനിയസ്സാണ് എൻ.എസ്.മാധവൻ എന്ന കഥാകാരൻ. ഉള്ളിലെ അഗ്നികോണിൽ നിന്നുദിച്ചുയരുന്ന വാക്കുകൾ കൊണ്ട് ഈ കഥാകാരൻ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. അനുവാചകരെ വശീകരിക്കുന്ന, വിശുദ്ധീകരിക്കുന്ന, ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിന്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാലോകത്തിലെ മഹാസൗന്ദര്യമാണ് "ഹിഗ്വിറ്റ".

തെക്കന്‍  ഡൽഹി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. സ്കൂളിലെ പി.ടി മാഷിന്‍െറ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്ബാളില്‍ തിളങ്ങുന്ന താരമായിരുന്നു. ഫുട്ബാള്‍ ഭ്രമം അച്ചന്‍െറ രക്തത്തില്‍ കലര്‍ന്നതായിരുന്നു. സാഹിത്യമായിരുന്നു അച്ചന് ഭ്രമം ഉണ്ടായിരുന്ന മറ്റൊരു മേഖല. ആയിടക്ക് ഒരുനാള്‍, ഇടവകാംഗമായ ലൂസി മരണ്ടി എന്ന വീട്ടുവേലക്കാരിയായ ആദിവാസി യുവതി ഗീവറുഗീസച്ചനെ കണ്ട് ഒരു പരാതി പറയുന്നു. ബാലികയായ അവളെ ജോലി വാങ്ങിക്കൊടുക്കാം എന്ന വാഗ്ദാനവുമായി റാഞ്ചിയില്‍നിന്ന് തെക്കന്‍ ദില്ലിയില്‍ എത്തിച്ചത് ജബ്ബാറായിരുന്നു. സ്നേഹം നടിച്ച് അവളെ കൂടെ കൊണ്ടുപോയി ഒരു സേട്ടുവിന് കാഴ്ചവെക്കാനാണ് ജബ്ബാര്‍ ശ്രമിച്ചത്. വിസമ്മതിച്ച ലൂസിയെ അയാള്‍ കഠിനമായി മര്‍ദിച്ചെങ്കിലും ഓടിരക്ഷപ്പെട്ട് ഒരു വീട്ടില്‍ ജോലി സമ്പാദിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. അവളുടെ പുതിയ വാസസ്ഥലം കണ്ടത്തെിയ ജബ്ബാര്‍ തുടര്‍ന്നും ശല്യം ചെയ്തു.

ഒരിക്കല്‍ കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചനെ കാത്തുനിന്ന്, താന്‍ ജബ്ബാറിന്‍െറ അടുത്തേക്ക് പോകാന്‍ തീരുമാനിച്ച കാര്യം ലൂസി അറിയിക്കുന്നു. അവന്‍െറ വീട്ടില്‍ വൈകുന്നേരം എത്തിയില്ലെങ്കില്‍ വഴിയില്‍ തടുത്തുനിര്‍ത്തി ആസിഡ് ബള്‍ബ് എറിയും എന്ന ജബ്ബാറിന്‍റെ ഭീഷണിയായിരുന്നു അവളെ ആ തീരുമാനത്തിലേക്ക് നയിച്ചത്. അത് കേട്ടതോടെ അച്ചനില്‍ രോഷം പതഞ്ഞുപൊങ്ങി. അപ്പോള്‍ അച്ചന്‍െറ മനസ്സ് നിറഞ്ഞുനിന്നത് കൊളംബിയന്‍ ഫുട്ബാള്‍ ഗോള്‍കീപ്പര്‍ ആയ ജോസ് റെനെ ഹിഗ്വിറ്റയായിരുന്നു. പോസ്റ്റിലേക്ക് വരുന്ന പന്ത് പിടിച്ചെടുക്കുക എന്ന സ്വന്തം ധര്‍മത്തില്‍ ഒതുങ്ങിനില്‍ക്കാതെ പന്തിനു പിറകെ മൈതാനമധ്യം വരെ എത്തി കിക്ക് ചെയ്യുന്നതിന്‍െറ പേരില്‍ പ്രസിദ്ധനായ ഗോളിയായിരുന്നു ഹിഗ്വിറ്റ.

ഗീവറുഗീസച്ചന്‍ ആയിടെ ഹിഗ്വിറ്റയുടെ ആരാധകനായി മാറിയിരുന്നു. ഗീവറുഗീസച്ചനും സ്വധര്‍മ വ്യതിയാനത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് നാം കാണുന്നത്. പാന്‍റ്സിന്‍െറയും ഷര്‍ട്ടിന്‍െറയും മുകളില്‍ ധരിച്ചിരുന്ന ജപമാലയും ളോഹയും ഊരിവെച്ച അദ്ദേഹം ലൂസിയെ സ്കൂട്ടറില്‍ കയറ്റി ജബ്ബാറിന്‍െറ വീട് ലക്ഷ്യമാക്കി പാഞ്ഞു. മുട്ടുകേട്ട് വാതില്‍ തുറന്ന് ലൂസിയെ കണ്ട ജബ്ബാര്‍ സന്തോഷത്തോടെ അവളെ അകത്തേക്ക് ക്ഷണിച്ചു. അവള്‍ അകത്തേക്ക് കയറുന്നില്ല എന്ന് അച്ചന്‍ തീര്‍ത്തുപറഞ്ഞു. ജബ്ബാര്‍ അച്ചനുനേരെ കൈയുയര്‍ത്തി. താന്‍ ഫുട്ബാള്‍ ഗ്രൗണ്ടിലാണ് എന്ന പ്രതീതിയിലായിരുന്നു അപ്പോള്‍ അച്ചന്‍. കാലുകൊണ്ടും തലകൊണ്ടും മാറിമാറി തട്ടി അച്ചന്‍ ജബ്ബാറിനെ താഴേക്കിടുന്നു. ‘നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കില്‍ നിന്നെ ദില്ലിയില്‍ കണ്ടുപോകരുത്’ എന്ന താക്കീതും നല്‍കി അവനെ അവിടെ ഉപേക്ഷിച്ച അച്ചന്‍ ലൂസിയെ സ്കൂട്ടറില്‍ കയറ്റി തിരിച്ചുപോകുന്നു.

പ്രാര്‍ഥനയിലൂടെയും ഉപദേശങ്ങളിലൂടെയും വിശ്വാസികളെ സദ്വൃത്തരാക്കുന്നതാണ് പുരോഹിത ധര്‍മം. എന്നാല്‍, ഉള്ളില്‍ തിളക്കുന്ന ഫുട്ബാള്‍ വീര്യം ധര്‍മവ്യതിയാനത്തിലൂടെയുള്ള പ്രശ്നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്‍മാറാട്ടത്തിന്‍െറ, വ്യക്തിത്വ പരിണാമത്തിന്‍െറ കലാപരമായ ആവിഷ്കാരം ആയതിനാലാണ് ഹിഗ്വിറ്റ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥയായി മാറിയത്.

                                          Sr. Gracelin K Joseph

                                          MTCTE

No comments:

Post a Comment