ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേ ചില വ്യക്തികളെ എന്തിനാണ് നമ്മൾ കണ്ടുമുട്ടിയതെന്ന് ?
നിങ്ങളെ സ്നേഹിച്ചവർ...
നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ...
നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ...
അതിനെ മുതലെടുത്തവർ...
ഒരു വാക്ക് ചോദിക്കുന്നതിനു മുൻപേ നിങ്ങളെ സഹായിക്കാൻ കൈകൾ നീട്ടിയവർ...
നിങ്ങളുടെ നീട്ടിയ കരങ്ങളെ കണ്ടില്ലെന്ന മട്ടിൽ മുഖംതിരിച്ചു നടന്നവർ...
ഒരിക്കലും മറക്കാനാവാത്ത വിധം നമ്മെ അത്രകണ്ട് സ്വാധീനിക്കുകയും ഇന്ന് എവിടെയാണെന്ന് പോലും നമുക്ക് കൃത്യമായ ധാരണയില്ലാത്ത പ്രിയപ്പെട്ട ആ അധ്യാപിക...
നമ്മുടെ ഉള്ളിലെ സ്നേഹത്തെ ഊറ്റിക്കുടിച്ചുകൊണ്ട് ഒടുവിൽ നമ്മെ തനിച്ചാക്കി നടന്നകന്ന പ്രണയിനി...
തിരിച്ചു വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും അത്രകണ്ട് പരിഗണിക്കാതിരുന്നിട്ടും വിട്ടകലാതെ ഒരു കല്ലേറ് ദൂരം കൂടെ സഞ്ചരിച്ചുകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉറ്റ സുഹൃത്തുക്കൾ...
എല്ലാ പ്രതീക്ഷയും നശിച്ച് ഇനിയെന്തു ചെയ്യണം എന്നറിയാതെ ജീവിതം ഇരുട്ടിലായപ്പോൾ വെളിച്ചത്തിലേക്ക് നിങ്ങളെ തിരികെ നടക്കാൻ പ്രേരിപ്പിച്ച വാട്സ്ആപ്പ് സന്ദേശം അയച്ചു തന്ന കൂട്ടുകാരൻ...
നമ്മുടെയൊക്കെ ജീവിതത്തിലൂടെ ഈ മനുഷ്യരൊക്കെ കടന്നുപോയത് എന്തുകൊണ്ടായിരിക്കും...? ആരാണ് അവരെ ഈ നിയോഗങ്ങളും ആയി നമ്മുടെ അരികിലേക്ക് പറഞ്ഞു വിട്ടത്...?
ജോസഫ് അന്നംകുട്ടി ജോസ് എന്ന ഏവർക്കും സുപരിചിതനായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഇതുപോലെ കടന്നുവന്നവരെ, അവനെ തൊട്ടവരെ, കുറേക്കൂടി നല്ലൊരു മനുഷ്യനാകാൻ അയാളെ പ്രേരിപ്പിച്ചവരെ ജോസഫ് വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ.
ഈ താളുകൾക്ക് കുറുകെ നമുക്ക് ഒരു യാത്ര നടത്തി നോക്കാം. ആർക്കു പറയാൻ പറ്റും ആ യാത്രയ്ക്കൊടുവിൽ നിങ്ങളുടെ സ്നേഹം എവിടെനിന്ന് എവിടേക്ക് മാറിച്ചവിട്ടും എന്ന്. ഓരോ അധ്യായത്തിൽനിന്നും അടുത്തതിലേക്ക് നമുക്ക് ജോസഫിന്റെ കൈ പിടിച്ചു നടക്കാനിറങ്ങാം. വഴിയിൽ ചിലയിടങ്ങളിൽ ചില ആളുകളെ പരിചയപ്പെടാം. അവരുടെ സംസാരങ്ങളിൽ മനസ്സുകൊണ്ട് പങ്കുചേരാം. കൂടെചിരിക്കാം, പരിഭവിക്കാം, കുസൃതികളിൽ ഒരുമിച്ച് കണ്ണിറുക്കാം. ഇഷ്ടപ്പെടുന്ന ഖണ്ഡികകളിൽ അദൃശ്യമായ ഒരു കസേരയിട്ട് ഇരിക്കാം, ചില വരികളിൽകിടന്ന് ഒന്നു മയങ്ങാം, ചില സന്ദർഭങ്ങൾ ഉണർത്തുന്ന വികാരവിചാരങ്ങളിൽ മൂടിപ്പുതച്ച് ഒരു ഞൊടി ഉറങ്ങിയുണരാം. അങ്ങനെ നമുക്ക് ജോസഫിനൊടൊപ്പം നടന്നെത്താം, അവസാന അധ്യായംവരെ.
എന്തായാലും, ദൈവത്തിന്റെ ആ ചാരന്മാരെ പരിചയപ്പെട്ടുകൊണ്ട് ഈ പുസ്തകത്താളുകളിലൂടെ നമ്മൾ നടത്തുന്ന സായാഹ്ന സവാരി കഴിയുമ്പോൾ, ഇവരെ പരിചയപ്പെട്ടു കഴിയുമ്പോൾ, നിങ്ങൾ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയക്കപ്പെട്ട ദൈവത്തിൻറെ ചാരന്മാരെ കണ്ടെത്താൻ, പല വേഷങ്ങളിൽ അവർ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണുവാനും, കേൾക്കുവാനും, മനസ്സിലാക്കുവാനും ഈശ്വരൻ നിങ്ങൾക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ.
എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി റിനുവിന് സ്നേഹം നിറഞ്ഞ പിറന്നാൾദിനം ആശംസിക്കുന്നു. ദൈവത്തിൻറെ ചാരന്മാർ പുതിയൊരു വായനാനുഭവം നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പുസ്തകം ഞാൻ എന്റെ അക്ഷര സഹയാത്രികയ്ക്ക് സമ്മാനിക്കുന്നു.
Emilin Santhosh
B.Ed 2022-23
MTCTE
No comments:
Post a Comment