scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Sunday, March 6, 2022

Manju by M.T Vasudevan Nair




എം. ടി യുടെ പതിവ് വള്ളുവനാടൻ ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയ ,നൈനിത്താൾ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് മഞ്ഞ്.. അദ്ദേഹത്തിന്റെ രണ്ടാമൂഴവും, നാല് കെട്ടും ,അസുരവിത്തും ഒക്കെ ഇഷ്ടപ്പെട്ട നോവലുകൾ ആണെങ്കിലും ‘മഞ്ഞ് ‘ആദ്യ വായനയിൽ തന്നെ ഹൃദയത്തിലേറ്റി… ഇത്രയും കാവ്യഭംഗി നിറഞ്ഞ് നിൽക്കുന്ന മറ്റൊരു നോവൽ എം ടി എഴുതിയിട്ടില്ല എന്നുതന്നെ വേണമെങ്കിൽ പറയാം..

മലയാളത്തിന്റെ എക്കാലത്തേയും പ്രണയ നായിക ,വിമല ഒരു മഞ്ഞ് തുള്ളിയായ് മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു.. ആ ഹിമകണത്തിന്റെ സ്നിഗ്ധത വായനയിലുടനീളം നമ്മളിൽ പടർന്നു കയറുമെന്നതിൽ സംശയമില്ല.മനോഹരിയായ വിമലയുടെ മേൽ ചുണ്ടിനു മീതെ ഉള്ള നനുത്ത നീല രോമങ്ങൾ അവളിലെ സ്ത്രീത്വത്തിന്റെ ചാരുത വിളിച്ചു പറയുന്നു.നിറഞ്ഞു തുളുമ്പുന്ന മൗനത്തിന്റെ മാസ്മരിക ഭംഗി മഞ്ഞിൽ നിറഞ്ഞു നിൽക്കുന്നു.. അത് തന്നെയല്ലേ കവികളാൽ ഏറെ വാഴ്ത്തപ്പെട്ട പ്രണയത്തിന്റെ ഭാഷയും..?

തന്റെ ഹൃദയം കവർന്ന സുധീർ മിശ്രയെ വിമല ഇവിടെ കാത്തിരിക്കുകയാണ്. തൻെറ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത് അനന്തതയിലേക്ക് മറഞ്ഞ സുധീർ മിശ്രയെ പരിഭവമില്ലാതെ, പരാതിയില്ലാതെയാണവൾ കാത്തിരിക്കുന്നത്. ഒരുനാൾ തന്റെ പ്രിയൻ തന്നരികിൽ എത്തുമെന്ന ശുഭ പ്രതീക്ഷയോടെ ..

അതെ അവളുടെ ചുണ്ടുകളിൽ ഉയരുന്ന മന്ത്രമാണ്  "വരും ; വരാതിരിക്കില്ല" ഈ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടീ നോവലിൽ..

വിമലയെപ്പോലെ മറ്റൊരു കാത്തിരിപ്പുകാരൻ കൂടി ഉണ്ട് മഞ്ഞിൽ ,താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ കാത്തിരിക്കുന്ന ബുദ്ദു എന്ന തോണിക്കാരൻ.

വിമലയുടെ വിഫല പ്രണയത്തിന് മൂക സാക്ഷിയായ് നൈനിത്താൾ തടാകക്കരയും നിലകൊള്ളുന്നു..അവിചാരിതമായി ബസിൽ വച്ച് കണ്ടുമുട്ടുന്ന സുധീർ മിശ്രയെ വിമല തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. നൈനിത്താൾ ലവേഴ്സ് ട്രാക്കിലെ കാപ്പിറ്റോളിൽ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നതോടെ ആ പ്രണയത്തിന്റെ തീവ്രത ഏറുന്നു.. യൗവനത്തിന്റെ തീക്ഷ്ണതയിൽ എല്ലാ കമിതാക്കൾക്കും സംഭവിക്കുന്നത് തന്നെയാണ് ഇവിടെ വിമലയ്ക്കും സുധീറിനുമിടയിലും സംഭവിച്ചത്.

പ്രണയം രണ്ട് മനസുകളുടെ ഇഴുകിച്ചേരൽ മാത്രമല്ല മറിച്ച് പ്രതീക്ഷയുടെ, സ്വപ്നസാക്ഷാത്മരത്തിന്റെ കാത്തിരിപ്പ് കൂടിയാണ്… വിരഹത്തിലും ഏകാന്തതയിലും പ്രതീക്ഷയുടെ നനുത്ത മഞ്ഞ് തുള്ളികൾ വിമലയിൽ പതിക്കുകയാണിവിടെ..

ശിഥിലമായ ജീവിത പശ്ചാത്തലത്തിൽപ്പോലും അവൾ തളരുന്നില്ല… നാളെ എന്ന പ്രതീക്ഷ അവളിൽ പുനർജ്ജനിക്കുന്നുണ്ട്..പ്രണയത്തിന്റെ നനുത്ത സ്പർശം അവളുടെ ഹൃദയവ്യഥയെ കീഴ്പ്പെടുത്തുന്നുമുണ്ട്.. യഥാർത്ഥ പ്രണയത്തിന്റെ സുഖമുള്ള ഓർമ്മകളുമായി വിമലയുടെ കാത്തിരിപ്പ് തുടരുന്നു..

സാധാരണ നാം കാണാറുള്ള കണ്ണീർ നായികമാരിൽ നിന്നേറെ വിഭിന്നയാണ് വിമല.സുധീർ മിശ്രയുടെ അനുതാപത്തിനു വേണ്ടിയല്ലവൾ കാത്തിരിക്കുന്നത് മറിച്ച് തനിക്ക് മാത്രം അവകാശപ്പെട്ട അയാളുടെ പ്രണയത്തിന് വേണ്ടിയാണവൾ കാത്തിരിക്കുന്നത്..

ഒരു പെണ്ണിന്റെ സർവ്വസ്വവും കവർന്നെടുത്ത് കടന്ന് കളഞ്ഞ സുധീർ മിശ്ര എന്ന അമാവാസിയെ ശാന്തമായ മനസോടെ ജീവിതത്തെ പ്രതീക്ഷാനിർഭരമായി കാണാൻ ശ്രമിക്കുന്ന വിമല എന്ന പൂർണ്ണചന്ദ്രനെ കൊണ്ട് എം ടി മറച്ചിരിക്കുകയാണോന്ന് നമുക്ക് തോന്നിപ്പോകും..

നൈനിത്താൾത്തടാകത്തിലെ തെളിനീരിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയാൽ നമുക്ക് കാണാം ഒൻപത് വർഷം നീല കണ്ണുള്ള തന്റെ പ്രിയപ്പെട്ടവന് വേണ്ടി കാത്തിരുന്ന സുന്ദരിയും ഓമനത്തം തുളുമ്പുന്നതുമായ വിമല എന്ന നിത്യ പ്രണയിനിയുടെ മുഖം.

മഞ്ഞിന്റെ അവസാന പേജും മറിച്ചു കഴിയുമ്പോൾ പ്രണയത്തിന്റെ ,പ്രതീക്ഷയുടെ ഒരു ഇളം തെന്നൽ ഒരു മഞ്ഞ് കണത്തിന്റെ ശീതളിമയോടെ നമ്മെ മെല്ലെ മെല്ലെ തഴുകി കടന്നു പോകും മറ്റൊരു പ്രണയ നായികയെ തേടി…. എം.ടി എന്ന അത്ഭുത പ്രതിഭയുടെ കയ്യൊപ്പ് വീണ്ടും വീണ്ടും നമ്മെ അതിശയിപ്പിക്കും..

ഒരുവേള ഇവിടെ ഞാനും ആഗ്രഹിച്ചു പോകുകയാണ് വിമലയുടെ ആ നീലകണ്ണുള്ള, വൈലറ്റ് അക്ഷരങ്ങളുടെ ഉടമയായ പ്രണയനായകൻ കാതങ്ങൾ താണ്ടി ഒരു നാൾ അവളെ തേടി വന്നിരുന്നെങ്കിലെന്ന് ………….

                                                Chanchal N.K

                                                B.Ed 2021- 22

                                                MTCTE

No comments:

Post a Comment