മനുഷ്യമനസ്സുകളിലൂടെ അന്വേഷണ യാത്രകൾ നടത്താറുള്ള എസ്. കെ പൊറ്റക്കാടിൻെറ രചനകളിൽ അധികം ശ്രദ്ധിക്കാതെപോയ ഒരു ചെറിയ നോവൽ, 'വിഷകന്യക'. 'എസ്. കെ പൊറ്റെക്കാടിൻറെ സമ്പൂർണ്ണ വിജയം പ്രസ്ഥാവിക്കുന്ന നോവൽ' അങ്ങനെയാണ് ഈ പുസ്തകത്തിൻെറ അവതാരികയിൽ പ്രൊഫ. എൻ. കൃഷ്ണപിള്ള വിലയിരുത്തുന്നത്.
വ്യക്തിചരിത്രം പ്രഖ്യാപിക്കുക എന്നതിലപ്പുറം സാമൂഹികചരിത്രം പ്രഖ്യാപിക്കുന്ന ഒരു നോവൽ കൂടിയാണിത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിൻെറ കഥ പറയുന്ന ഒരു അസാധാരണ നോവൽ എന്നും പറയാം.
വ്യക്തികളല്ല ഈ കഥയിലെ നായകൻ, കർഷകകൂട്ടങ്ങളാണ്. നായികയോ, പ്രകൃതി അഥവാ ഭൂമി. നായിക നായകനെ തന്നിലേക്ക് ആകർഷിച്ചു വരുത്തുകയാണ്.തൻ്റെ കടാക്ഷംകൊണ്ട് ദൂരെയുള്ള നായകനെ തന്നിലേക്ക് വലിച്ചടുപ്പിച്ച്കൊണ്ട് അവൻ്റെ രക്തവും, അധ്വാനവും, ബുദ്ധിയും ശരീര ശക്തിയുമെല്ലാം ഉപഹാരമായി സ്വീകരിച്ച് അവളുടെ വിഷജന്യമായ ശരീരത്തോട് ആശ്ലേഷിച്ചുകൊണ്ട് അവനെ നശിപ്പിക്കുന്ന നായിക. ഈ വിഷഭൂമിയിൽ പ്രശ്നങ്ങളിൽ അകപ്പെട്ട് സ്വയം പരാജിതരായിപോകുന്ന ഒരുകൂട്ടം കർഷകർ.
കുറച്ച് പേജുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് പോകുന്ന കുറെയേറെ കഥാപാത്രങ്ങളെ ഈ നോവലിൽ കാണാം. മാത്തനും അയാളുടെ ഭാര്യ മറിയവും, വർഗീസും വർക്കിമാഷുമെല്ലാം ഇപ്പോഴും എൻറെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു ജനതയുടെയും കാലഘട്ടത്തിൻറെയും ചരിത്രം പറയുമ്പോഴും വിരസമായ ചരിത്രാഖ്യായുടെ തലത്തിലേക്ക് പോകാതെ മനുഷ്യൻ്റെ വികാരവിചാരങ്ങളും നിഗൂഢ മോഹങ്ങളും ഈ പുസ്തകത്തിൽ വിഷയങ്ങളാകുന്നുണ്ട്. അതുകൊണ്ടുതന്നെ 75 വർഷങ്ങൾക്കിപ്പുറവും വിഷകന്യകയുടെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല.
കാടിനോടും, മണ്ണിനോടും, പ്രകൃതിയോടു മെല്ലാം സ്നേഹവും കരുണയും സൂക്ഷിക്കുന്ന പ്രിയപ്പെട്ട അക്ഷര സഹയാത്രിക്ക് ഏറെ സ്നേഹത്തോടെ ഈ പുസ്തകം സമ്മാനിക്കുന്നു.
Chandana S Mohan
B.Ed 2022-23
MTCTE
No comments:
Post a Comment