ജീവിതം നൽകിയ കയ്പുനീരിനെപ്പോലും ശുഭാപ്തിവിശ്വാസത്തിന്റെ മധുരം ചേർത്ത് ആസ്വാദ്യകരമാക്കിയ ഒരു മനുഷ്യന്റെ അവിശ്വസനീയവും ഹൃദയഹാരിയുമായ ജീവിത കഥ! അതാണ് പ്രാണൻ വായുവിലലിയുമ്പോൾ എന്നയീ പുസ്തകം.ഒരു ഡോക്ടറാവുക എന്നത് സാധാരണമാണ്. എന്നാൽ ഒരു രോഗിയായ ഡോക്ടറാവുക എന്നത് അസാധാരണമെന്നു തന്നെ പറഞ്ഞേ തീരൂ. അത്തരമൊര അസാധാരണത്വത്തെ ഒരു പുഞ്ചിരിയോടെ നേരിട്ടു കൊണ്ട് വിധിയെപ്പോലും തോൽപ്പിച്ച ഡോക്ടർ പോൾ കലാനിധി ... അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളാണീ പുസ്തകം. 2015 ൽ ശ്വാസകോശാർബുദത്തെത്തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും സ്വന്തം ജീവിതം കൊണ്ട് അനശ്വരനായി ഇന്നും അദ്ദേഹം വായനക്കാരുടെ മനസിൽ നിലകൊള്ളുന്നു. മരണമെന്ന ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ജീവിതം. ആ യാത്രയെ എങ്ങനെയെല്ലാം പ്രകാശപൂരിതമാക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് പോളിന്റെ ഈ പുസ്തകം. പെരുമയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അവിചാരിതമായി ജീവിതത്തിലെ താളുകളുടെ എണ്ണം നിജപ്പെടുത്തിക്കൊണ്ട് വന്നുപെട്ട അർബുദത്തെ തന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഘാതകനാകാൻ സമ്മതിയ്ക്കാതെ നിശ്ചയദാർഡ്യത്തോടെ നേരിട്ട ഡോക്ടർ ലോകത്തിനു തന്നെ മാതൃകയാണ്. ജീവിതത്തിന്റെ പ്രതി സന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടാൻ വായനക്കാരെ പ്രചോദിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിയ്ക്കും. മുൻപോട്ടുള്ള ജീവിതത്തിൽ നിരാശയുടെ മരുഭൂമികളിലകപ്പെട്ടാലും അവിടെയെല്ലാം പ്രത്യാശയുടെ ഒറ്റമരത്തുരുത്ത് കണ്ടെത്താൻ ഈ പുസ്തകം നിനക്ക് കരുത്തേകട്ടെ.... പിറന്നാളാശംസകൾ പ്രിയപ്പെട്ടവളേ...
Gayathri M. S
B.Ed 2021-22
MTCTE
No comments:
Post a Comment