scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Thursday, July 28, 2022

Viralattam by Muhammad Ali Shihab

 

ആത്മകഥയെഴുതാൻ തക്ക പ്രായമായിട്ടില്ലാത്ത, സർവ്വീസിൽ പ്രവേശിച്ചിട്ട് അധികകാലം പിന്നിട്ടിട്ടില്ലാത്ത ഒരു IAS ഉദ്യോഗസ്ഥന്റെ ആത്മകഥയാണിത്. മുഹമ്മദ് അലി ശിഹാബ് IAS ന്റെ 'വിരലറ്റം' എന്ന കൃതി ഇച്ഛയുടെ പരമമായ വിജയത്തിന്റെ അപൂർവ്വമായ വിവരണമാണ്. 

'ഇതൊരു ആത്മകഥയല്ല, ഹൃദയത്തോട് ചേർത്തു വച്ച അനുഭവങ്ങളെ തത്ഭാവം ചോർന്നുപോകാതെ മുദ്രണം ചെയ്യാനുള്ള ശ്രമമാണെന്ന്' എഴുത്തുകാരൻ കൃതിയിലൊരിടത്ത് കുറിച്ചിട്ടിട്ടുണ്ട്. 1980-90 കാലഘട്ടത്തിലെ ഗ്രാമപശ്ചാത്തലത്തെ ലളിതമായ വാക്കുകളാൽ വരച്ചിരിക്കുന്ന വിവരണത്തിൽ, പിതാവിന്റെ മരണാനന്തരം അനാഥാലയത്തിലെത്തിപ്പെട്ട പതിനൊന്നു വയസ്സുകാരന്റെ പച്ചയായ അനുഭവങ്ങൾ കൂടി കോറിയിട്ടിരിക്കുന്നു. ജീവിതസമസ്യയ്ക്ക് ഉത്തരം തേടാനായ് അഞ്ചിൽ തോൽപ്പിക്കപ്പെട്ടെന്ന രേഖ  ചമച്ച് അനാഥാലയത്തിൽ പ്രവേശനമുറപ്പാക്കിയ ആ ആറാം ക്ലാസിലേക്ക് ജയിച്ച  അഞ്ചാം ക്ലാസുകാരൻ 10 വർഷങ്ങൾക്ക് ശേഷം നിന്നും പുറത്തിറങ്ങിയത് മറ്റൊരനാഥാലയത്തിലെ അധ്യാപകനായിട്ടായിരുന്നു. തെരുവിലെ അഴുക്കുചാലിലേക്ക് തെന്നിവീഴേണ്ടിയിരുന്ന ജീവിതങ്ങളെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് നയിക്കാനുള്ള നിയോഗം സിദ്ധിച്ച അദ്ദേഹം അധ്യാപനമെന്ന തൊഴിലിൽ മാത്രം ഒതുങ്ങി നിന്നില്ല. അവിദഗ്ദ്ധ തൊഴിലാളിയായും അധോതലഗുമസ്തനായും വേഷപ്പകർച്ച നടത്തുമ്പോഴും വാപ്പിച്ചിയുടെ അഭിലാഷം പോലെ അറിവെന്ന ധനം സ്വരൂക്കൂട്ടിക്കൊണ്ടേയിരുന്നു. പരപ്രേരണയാലും സ്വാനുഭവങ്ങളാലും സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കെത്താൻ കടമ്പകൾ താണ്ടാൻ അദ്ദേഹത്തിന് മുതൽക്കൂട്ടായത്

അധ്യാപന ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഓരോ ജീവിത സാഹചര്യത്തിലും നേരിടേണ്ടി വന്ന ദുർഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ അന്തർധാര.ചുറ്റുപാടുകൾ എത്ര തന്നെ വിപരീതമായാലും ലക്ഷ്യത്തിലേക്കെത്താനുള്ള വഴികൾ കണ്ടെത്തുക എന്നത് ഏവർക്കും സാധ്യമാണെന്ന് ഈ ആത്മകഥ ധ്വനിപ്പിക്കുന്നു. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല, ജീവിതം ജീവിച്ചു കൊണ്ട് നേരിടുന്ന കഥയാണ്.

                                                Amrithendu Das

                                                B.Ed 2022-23

                                                MTCTE

No comments:

Post a Comment