scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Wednesday, August 17, 2022

Vandikkalakal by Madhavikkutty


സ്ത്രീകളുടെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഓരോ വികാര വിചാരങ്ങളെയും കുറിച്ച് എഴുതി, തന്റേതായ വ്യക്തിമുദ്ര ഓരോ എഴുത്തിലും പ്രകടിപ്പിക്കുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി. വണ്ടിക്കാളകൾ എന്ന നോവൽ മാധവിക്കുട്ടിയുടെ ഏറ്റവുമൊടുവിലത്തെ നോവലായി അടയാളപ്പെടുത്തുന്നു. മതംമാറ്റത്തിൻ്റെയും നഷ്ടപ്രണയത്തിൻ്റെയുമൊക്കെ സൂചനകളും സങ്കടങ്ങളും പേറുന്ന നോവൽ. ഈ നോവലിൽ ഒരു കേന്ദ്രകഥാപാത്രത്തെ കണ്ടെത്താൻ നമുക്ക് സാധിക്കില്ല .ഈ കഥ നടക്കുന്നത് കോടികൾ മുടക്കി നിർമ്മിച്ച ഒരു വലിയ ഹോസ്പിറ്റലിലെ ഡോക്ടർമാരെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ്.പല പല കഥകളുടെ കൂടാണ് വണ്ടിക്കാളകൾ. ഇതിൽ അനസൂയയുടെ കഥയുണ്ട്, സൂര്യനാരായണ  റാവുവിൻ്റെയും മോഹിനിയുടെയും കഥയുണ്ട്,ചന്ദ്രിയുടെ വിങ്ങലുകളുണ്ട്.  എന്ത് തന്നെയായാലും ഈ മൂന്ന് ജീവിതങ്ങളുടെയും ഒടുവിൽ പ്രണയം എന്നത് നഷ്ടപ്പെടാൻ ഉള്ളതാണെന്ന്  എഴുത്തുകാരി സ്ഥാപിക്കുന്നു. വണ്ടിക്കാളകൾ  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരമെടുത്ത് തളരുന്ന  മനുഷ്യരെ തന്നെയാണ് .സ്വന്തം ജീവിതവും സമയവും മറ്റു മനുഷ്യർക്കായി മാറ്റിവയ്ക്കുന്ന പല പ്രൊഫഷനുകളിൽ ഒന്നാണ് ഡോക്ടർമാരുടെത്. പെട്ടെന്ന് ഒരു എമർജൻസി കോൾ വന്നാൽ ,ഓടി ഹോസ്പിറ്റലിൽ പോകേണ്ട സാഹചര്യം.  ഒരു സമാധാനമില്ലാതെ അവസാന നിമിഷം വരെ ഭാരം ചുമന്ന് കൊണ്ടേയിരിക്കണം. ഓരോ മനുഷ്യരും  വണ്ടിക്കാളകൾ തന്നെയാണ് .ജീവിതത്തിൻ്റെ ദുഖമായാലും സന്തോഷമായാലും വലിച്ചു കൊണ്ടുപോവുക തന്നെ . വണ്ടിക്കാളകൾ  നഷ്ടങ്ങളുടെ പുസ്തകമാണ്. പ്രണയ നഷ്ടങ്ങളുടെ തീവ്രവേദനകൾ ഇതിൽ  എല്ലാവരും പേറുന്നുണ്ട്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ സ്വാഭാവിക രചനയാണ് വണ്ടിക്കാളകൾ എന്ന് പറയാൻ വയ്യ, നീർമാതളം പൂത്തകാലവും എൻ്റെ കഥയുമൊക്കെ  ചങ്കൂറ്റത്തോടെ എഴുതിയ കഥാനായികയുടെ ഹൃദയം വണ്ടിക്കാളകളിൽ എത്തുമ്പോൾ  ആശങ്കകളാൽ മുഖരിതമാണ്.

                                                         Jinsa Rag K

                                                        B.Ed 2021-22

                                                        MTCTE

No comments:

Post a Comment