നിസ്വാർത്ഥമായ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന, പ്രതിഫലമാഗ്രഹിക്കാത്ത, സ്നേഹത്തെ പങ്കുവെക്കുന്ന, സ്വാർതഥയുടെ ലോകത്തിൽ വിടരുന്ന സ്നേഹത്തിൻ്റെ പുഷ്പമാണ് ‘ഓടയിൽ നിന്ന്’ എന്ന കലാസൃഷ്ടി. 1965ൽ സിനിമയായി പുറത്തുവന്ന ഈ നോവലിന് നാഷണൽ അവാർഡ് നേടി കൊടുത്തു എന്നതുതന്നെ ഈ നോവലിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പി.കേശവദേവിന്റെ മനുഷ്യദർശനത്തെ സമ്പൂർണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്ന് കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്ക് പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.
റിക്ഷക്കാരനായ പപ്പു തന്റെ റിക്ഷ തട്ടി വീഴുന്ന ഒരു പെൺകുട്ടിയെ പിടിച്ചെണീൽപ്പിക്കുന്നു. കൈപിടിച്ചുയർത്തിയശേഷമാണ് അയാൾ അറിയുന്നത് അവൾ അനാഥയാണെന്ന്. അയാൾ അവളെ സ്വന്തം കുഞ്ഞായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോകുന്നു. റിക്ഷ വലിച്ച് അയാൾ കുട്ടിയെ വളർത്തി വലിയവളാക്കുന്നു. ഈ യാത്രയിലെല്ലാം അയാൾ തന്നെ സ്വയം അവഗണിക്കുന്നു. പരിഷ്കരണത്തിലേക്ക് വളർന്ന അവളെ വിവാഹം കഴിപ്പിക്കുന്നു.
വിവാഹം പുതിയ ഗൃഹപ്രവേശമാണ്. അവിടെ പലതിന്റെയും നിറങ്ങൾ മാറുന്നു. പുതിയ പശ്ചാത്തലത്തിന്റെ വെട്ടത്തിൽ അവൾക്ക് അയാളുടെ സാന്നിധ്യം അസ്വസ്ഥതയുളവാക്കുകയാണ്. അയാളുടെ സാമീപ്യം, തൊഴിൽ, നിറം, മണം എല്ലാം. പുതുജീവിതം പഴയകാലത്തിന്റെ നിലകളെ നിഷേധിക്കും. പപ്പു ചുമയ്ക്കുന്നത് മകൾക്ക് വിരക്തിയാകുന്നു. അയാളോ, ക്ഷയം നെഞ്ചിൻകൂടിൽ ഒളിപ്പിച്ചു കൊണ്ടാണ് തന്റെ ലക്ഷ്യത്തിലേക്ക് ഇത്രയും നാൾ ഇടറി നീങ്ങിയത്. ഒരു ലക്ഷ്യം സാധിച്ചു കഴിഞ്ഞാൽ അത്രയും നാൾ ഒളിഞ്ഞിരുന്ന രോഗം ശരീരത്തെ പൊളിച്ചു പുറത്തു ചാടും. പപ്പു ക്ഷയരോഗിയാകുന്നു. പിന്നെ, അസ്വസ്ഥകരമായ തന്റെ സാന്നിധ്യം ഒഴിവാക്കിക്കൊടുത്ത് അയാൾ വീടുവിട്ട് ഇറങ്ങുന്നു.
എത്രയോ മനുഷ്യരുടെ പ്രതീകമാണ് പപ്പു. സ്നേഹരഹിതമായ ലോകം സ്വാർത്ഥതയ്ക്കു മാത്രം ഊന്നൽ കൊടുക്കുകയും സ്നേഹിക്കപ്പെടേണ്ട ഇടങ്ങളിൽ അവഗണന വാരി നിറയ്ക്കുകയും ചെയ്യുന്ന മനുഷ്യരുടെ ലോകമാണിത്. അതിനെ അത്രയും ലാളിത്യവത്കരിച്ചാണ് കേശവദേവ് അവതരിപ്പിച്ചിട്ടുള്ളത്. മനുഷ്യന്റെ അടിസ്ഥാനസ്വഭാവം സങ്കടമാണെന്നും അതിൽ തന്നെ അവൻ അവസാനിക്കുകയും ചെയ്യുമെന്നും നോവൽ പറഞ്ഞു വയ്ക്കുന്നു.
ഓടയിൽ നിന്ന് എന്ന ഈ മനോഹരമായ നോവൽ എൻ്റെ അക്ഷരസഹയത്രിയായ ശ്രീപ്രിയക്ക് ഞാൻ സ്നേഹപൂർവം സമ്മാനിക്കുന്നു... പിറന്നാൾ ആശംസകൾ ശ്രീപ്രിയ.
Simi Maria K S
B.Ed 2021-22
MTCTE
No comments:
Post a Comment