scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Tuesday, May 31, 2022

Agnisakshi by Lalithambika Antharjanam

 


അതിശക്തമായ സ്ത്രീ കഥാപാത്രത്തെ വരച്ചു കാട്ടിയ മലയാളത്തിലെ പ്രശസ്ത നോവൽ 'അഗ്നിസാക്ഷി ' ബ്രാഹ്മണ സമുദായത്തിലെ ഒരു ജീവിതത്തിലെ മൂന്നു ഘട്ടത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയായും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥ.ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമക്കുറിപ്പ് കൂടിയാണ് ഈ നോവൽ.

സ്നേഹം, പരിഭവം,കുറ്റബോധം, പ്രണയം തുടങ്ങിയ ജീവിതത്തിലെ വ്യത്യസ്ത ഭാവങ്ങളും, വികാരങ്ങളും നോവലിൽ ഉടനീളം കാണാം.താൻ ആശിച്ച സ്വാതന്ത്ര്യം അനുഭവിക്കാനും, യഥാർത്ഥ സ്വാതന്ത്ര്യം നാടിന് നേടികൊടുക്കാനും ശക്തമായി പോരാടാൻ നായികയ്ക്ക് കഴിഞ്ഞു.

ആദ്യമായി വയലാർ അവാർഡ് നേടിയ ലളിതാംബിക അന്തർജനത്തിന്റെ കൃതി.

പൊതു ജീവിതത്തിൽ സാക്ഷ്യം വഹിക്കേണ്ടി വന്ന യഥാർത്ഥ സംഭവങ്ങൾ ഭാവനയുടെ നിറക്കൂട്ടിൽ ചിത്രീകരിച്ചാണ് ലളിതംബിക അന്തർജനം ഈ നോവലിന് ജന്മം നൽകിയത്.

എന്റെ പ്രിയ അക്ഷര സഹയാത്രിക മീരയ്ക്ക് ആയിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഈ നോവൽ സമർപ്പിക്കുന്നു. ജീവിതത്തിൽ എന്നും അഗ്നി പോലെ ജ്വാലിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.

                                                       Aswathi T M

                                                       BEd 2022-23

                                                       MTCTE

Thursday, May 19, 2022

A Thousand Splendid Suns by Khaled Hosseini


 A THOUSAND SPLENDID SUNS തിളക്കമാർന്ന ഒരായിരം സൂര്യന്മാർ എന്നതാണ് KHALED HOSSEINI യുടെ മനോഹരമായ നോവൽ.

അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് അദ്ദേഹത്തിന്റെ ജനനം. 1960-2000 വരെയുള്ള കാലഘട്ടമാണ്. സോവിയറ്റ് യൂണിയന്റെ അധിനിവേശവും, അതിന് ശേഷം വന്ന താലിബാൻ ഭരണവും, അവിടെ ജീവിക്കുന്ന 2 സ്ത്രീകളുടെ ജീവിതം എത്രത്തോളം ദുരിതപൂർണമാക്കുന്നു എന്നതാണ് ഈ കഥയിൽ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വരുന്ന മറിയം, ലൈല എന്ന 2 സ്ത്രീകളുടെ കഥ...

ഈ ബുക്ക്‌ 4 ഭാഗങ്ങളായി   തരം തിരിച്ചിട്ടുണ്ട്. ആദ്യത്തെ ഭാഗത്തിൽ  മറിയത്തിന്റെ കുട്ടിക്കാലം മുതൽ ഒരു ഘട്ടം വരെയുള്ള കാര്യങ്ങളാണ്. രണ്ടാമത്തെ ഭാഗത്തിൽ ലൈല യുടെ കുട്ടിക്കാലം മുതൽ ഒരു ഘട്ടം വരെയുള്ള കാര്യങ്ങളാണ്.

മൂന്നാമത്തെ ഭാഗത്തിൽ കാണുന്നത് ഈ രണ്ട് സ്ത്രീകളുടെയും സാമൂഹിക സാഹചര്യങ്ങളും, ജീവിത സാഹചര്യങ്ങളും, അല്ലെങ്കിൽ നമുക്ക് വിധി എന്ന് തന്നെ പറയാം. ഇരുവരുടെയും വിധി ഈ രണ്ട് സ്ത്രീകളെയും ഒരു സ്ഥലത്ത് കൊണ്ടെത്തിക്കുകയാണ്. അതിന് ശേഷം അവർക്കിടയിൽ വളർന്നു വരുന്ന സൗഹൃദവും, അവരിലേക്ക് വരുന്ന ഓരോ പ്രശ്നങ്ങളെയും ദുരിതങ്ങളെയും അവരെങ്ങനെ നേരിടുന്നു എന്നതാണ്.

നാലാമത്തെ ഭാഗത്തിൽ, ഒരുപാട് വിഷമങ്ങളും, വേദനകളും, പീഡനങ്ങളും, ദുരിതങ്ങളും, അതിനിടയിൽ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ഒക്കെ ആയിട്ട് മുന്നോട്ട് പോയ ഈ രണ്ട് സ്ത്രീകളുടെ ജീവിതം എവിടം വരെ എത്തി നിൽക്കുന്നു എന്നതാണ്.

"One could not count the moons that shimmer on her roofs, or the thousand splendid suns that hide behind her wall."

ഇത് അർത്ഥമാക്കുന്നത് അവിടെ ജീവിച്ചിരുന്ന സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങളിലൂടെയും വേദനകളിലൂടെയുമൊക്കെ കടന്നു പോയിട്ടും അവർ അവരുടെ മനസ്സിൽ കെടാതെ സൂക്ഷിച്ച ഒരു 'പ്രതീക്ഷ'യെയാണ്. ഒരു പക്ഷെ, നമ്മുടെയൊക്കെ ജീവിതം നീങ്ങുന്നത് ഓരോ പ്രതീക്ഷകളിലൂടെയാണ്.

എന്റെ അക്ഷരസഹായാത്രിയായ, ഏറെ പ്രിയപ്പെട്ട റിംഷു സാറിന്, ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന പ്രതീക്ഷയോടെ, പ്രാർഥനയോടെ, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

                                                   Muhsina P M

                                                   B.Ed 2022-23

                                                   MTCTE

Saturday, May 7, 2022

Thottiyude Makan by Thakazhi Sivasankara Pillai

 

സമൂഹത്തിൽ ആരും തന്നെ തിരിഞ്ഞുനോക്കാത്ത ഒരു വിഭാഗം ജനതയുടെ കഥ പറയുന്ന നോവലാണ് തോട്ടിയുടെ മകൻ. ജ്ഞാനപീഠ പുരസ്കാര ജേതാവായ തകഴിയുടെ ആ കാലത്തെ ജീവിത പശ്ചാത്തലവും, സാമൂഹിക  അന്തരീക്ഷവും സമൂഹ ചിന്താഗതിയും തുറന്നുകാട്ടുന്ന നോവലാണ് തോട്ടിയുടെ മകൻ. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ജീവതത്തിലെ ഓരോ ഏടും വളരെ തീഷ്ണതയോടെ അദ്ദേഹം കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.1947 പ്രസിദ്ധീകരിച്ച പുസ്തകം അന്നത്തെ ജീവിത രീതി എടുത്തു കാട്ടുന്നു.

ഇശുക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ മകൻ മോഹനൻ. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിന് കൊടുത്ത്, ഒരു നല്ല തോട്ടിയായ് തീരാൻ  ആശീർവദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപുകയുന്ന അഗ്നിപർവതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായ് തീരരുതെന്ന് ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്മശാനപാലകനായ് മാറുമ്പോൾ അയാൾ അതിരറ്റ്  ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നു പിടിച്ച കോളറ പക്ഷെ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശനായ്.

കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായ് മാറുന്നു. എങ്കിലും അവൻ ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായ് കക്കൂസുകൾ തോറും കയറിയിറങ്ങിയ മോഹനൻ അഗ്നിനാളമായ് മാറി. ആളിപടരുന്ന അഗ്നിനാളം.

ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്ല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രസിദ്ധമായ ഈ നോവൽ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുൾ നിവരുന്നു.

പ്രിയപ്പെട്ട അക്ഷര സഹയാത്രി നിധിൻ സാറിന് ഒരായിരം ജന്മദിനാശംസകൾ

                                                    Anumodh Babu

                                                    B.Ed 2022-23

                                                    MTCTE

Thursday, May 5, 2022

Budhini by Sarah Joseph

 

രാഷ്ട്രനിർമ്മാണത്തിന്റെ പേരിൽ പിഴുതെറിയപ്പെട്ട താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ് ബുധിനി. വായിച്ചു തുടങ്ങുമ്പോൾ ആകാംക്ഷ നൽകുന്ന,  വായന നിർത്താതെ താഴെ വയ്ക്കാൻ കഴിയാത്ത അനുഭവമാണ് സാറാ ജോസഫിന്റെ ബുധിനി നൽകുന്നത്. വായനയിൽ വിസ്മയം തീർക്കുന്ന അത്തരം എഴുത്തുകൾ എക്കാലവും നിലനിൽക്കുന്നു.

വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടി ഇറക്കപ്പെട്ടവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി. 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഈ നോവൽ അതിന്റെ കാലികപ്രസക്തി കൊണ്ടും  അവതരണ മികവ് കൊണ്ടും വേറിട്ടു നിൽക്കുന്നു. സാന്താൾ ഗോത്ര വംശത്തിലെ ബുധിനി എന്ന പെൺകുട്ടിയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. 1959 ഡിസംബർ ആറാം തീയതി ജാർഖണ്ഡിലെ ദാമോദർ നദിയിലെ  പാഞ്ചേത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ദാമോദർവാലി കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം മാലയിട്ട് സ്വീകരിക്കുകയും നെറ്റിയിൽ തിലകം അണിയുകയും ചെയ്ത പെൺകുട്ടിയാണ് ബുധിനി. ഡാമിന്റെ നിർമ്മാണത്തിന് വേണ്ടി കല്ലും മണ്ണും ചുമന്നവരിൽ ഒരാൾ എന്ന നിലയിൽ ആ പെൺകുട്ടിയെ കൊണ്ടാണ് നെഹ്റു പാഞ്ചേത് ഡാം രാജ്യത്തിനു സമർപ്പിച്ചതും  ഉദ്ഘാടനം ചെയ്യിച്ചതും. എന്നാൽ നെഹ്റുവിന്റെ കഴുത്തിൽ മാല ഇട്ടത് ഗോത്രാചാരലംഘനമാണെന്ന്‌ വിലയിരുത്തി  15 വയസ്സ് മാത്രമുള്ള ആ പെൺകുട്ടിയെ സാന്താൾ ഗോത്രം ഊരുവിലക്കി ഗ്രാമത്തിൽനിന്ന് പുറത്താക്കുകയുണ്ടായി.

ഒരു പത്രവാർത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനിയെങ്കിലും  യഥാർത്ഥ ബുധിനിയുടെ ജീവിത കഥയോ ചരിത്രനോവലോ അല്ല ഈ കൃതി. എങ്കിലും ചരിത്രവും ഫിക്ഷനും തമ്മിലും വാർത്തയും ഫിക്ഷനും തമ്മിലുമുള്ള സംയോജനം ആണെന്നും സാറാജോസഫ് അഭിപ്രായപ്പെടുന്നു. പറിച്ചുനടലിന്റെ വേദനാജനകമായ വിഷയങ്ങൾ തന്നെയാണ് ബുധിനിക്കും പറയാനുള്ളത്. ഒപ്പം ഗ്രാമീണ ജീവിതത്തിന്റെ നീതി നിയമങ്ങളിൽപെട്ട് ജീവിതം നഷ്ടമാകുന്ന ദുരന്തങ്ങളും ഈ നോവൽ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു സംസ്കാരത്തെയും ഭാഷയെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സാറാ ജോസഫ് വിഫലം ആക്കിയിട്ടില്ല എന്നും കാണാം.

എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ഗ്രേസ്ലിൻ സിസ്റ്റർക്ക് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു. അതോടൊപ്പം ഈ പുസ്തകം സമ്മാനമായി നൽകുന്നു.

                                                      Nimisha Siby

                                                      B.Ed 2022-23

                                                      MTCTE

   

Tuesday, May 3, 2022

Think Like A Monk by Jay Shetty


പ്രശസ്ത ചിന്തകനും പോഡ്കാസ്റ്ററുമായ ജെയ് ഷെഠിയുെട ഒരു ഫിലോസഫിക്കൽ രചനയാണ് Think like a Monk. ഒരു സന്യാസിയെ പോലെ ചിന്തിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു മനസ്സിലാകും "നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു?, അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം ,താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നു കളയുന്നത്" . ഇത്തരത്തിൽ അദ്ദേഹത്തിൻറെ കൃതി ആഴമേറിയതും തീക്ഷ്ണവും പ്രായോഗികവുമാണ് . ഒരു സന്യാസി എന്ന നിലയ്ക്ക് താൻ ആർജ്ജിച്ച കലാതീതമായ വിജ്ഞാനത്തിൻറെ  സത്ത ഊറ്റിയെടുത്ത്  പ്രായോഗിക മാർഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ്, അതുവഴി ആർക്കും ഉൽക്കണ്ഠ കുറഞ്ഞതും കൂടുതൽ അർത്ഥവത്തുമായ ഒരു ദൈനംദിന ജീവിതം സാധ്യമാകുന്നു .

വിജ്ഞാനത്തെ പ്രസക്തവും പ്രാപ്യവുമാക്കുക  എന്നതായിരുന്നു ജെയ്  ഷെഠിയുടെ കരുത്ത് . പുതിയ സ്വഭാവരീതികളും ശീലങ്ങളും അറിവും ഉണ്ടാക്കിയെടുക്കാൻ നിരവധിപേർക്ക് ഈ കൃതി സഹായകമാകും . കരുത്ത് എങ്ങനെ കെട്ടിപ്പടുക്കാം എന്ന് പടിപടിയായി ജെയ് ഷെഠി  കാണിച്ചുതരുന്നു . ലോകത്തുള്ള കലാതീതം ആയ വിജ്ഞാനം ഏവർക്കും ലഭ്യമാകുന്ന വിധത്തിലും പ്രായോഗികമായും പ്രസക്തം ആയും  പങ്കിടുക എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം . 

ജെയ് ഷെഠി  തൻറെ കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിന് പകരം അദ്ദേഹം ഒരു സന്യാസിയാകാൻ ഇന്ത്യയിലേക്ക് പോയി . ദിവസം നാലു മുതൽ എട്ടു മണിക്കൂർവരെ ധ്യാനത്തിൽ ഏർപ്പെട്ടു, മറ്റുള്ളവരെ സഹായിക്കാൻ ജീവിതം ഉഴിച്ചുവെച്ചു. മൂന്നുവർഷത്തിനുശേഷം ഒരു അധ്യാപകൻ അദ്ദേഹത്തോട് പറഞ്ഞു സന്യാസ പാത വിട്ട് തൻറെ പരിചയ സമ്പത്തും വിജ്ഞാനവും മറ്റുള്ളവരുമായി പങ്കിടുകയാണെങ്കിൽ അദ്ദേഹത്തിന് ലോകത്തിനുമേൽ കൂടുതൽ വിപുലമായ സ്വാധീനം ചെലുത്താൻ കഴിയും എന്ന്. അങ്ങനെ ജെയ്  സന്യാസപാത ഉപേക്ഷിച്ച് സമൂഹത്തിന് ആത്മീയ വിജ്ഞാനം പകരാൻ നോർത്ത് ലണ്ടനിലേക്ക് പോകാൻ ഒരുങ്ങി. 

പ്രചോദനാത്മകമായ, ശാക്തീകരിക്കുന്ന ഈ കൃതിയിലൂടെ ജെയ് ഷെഠി ഒരു സന്യാസി എന്ന നിലയ്ക്കുള്ള  തൻറെ കാലം വരച്ചിടുകയാണ്. അതിലൂടെ റോഡ് ബ്ലോക്കുകൾ അഥവാ obstacles മറികടന്ന് കഴുത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് കാണിച്ചു തരുകയാണ്. ഒരു സന്യാസിയെ പോലെ ചിന്തിക്കാൻ എല്ലാവർക്കും കഴിയും കഴിയണം എന്ന് ഈ കൃതിയിലൂടെ ജെയ് ഷെഠി തെളിയിക്കുന്നു.

എൻറെ അക്ഷരസഹയാത്രിയായ  ബഹുമാനപ്പെട്ട ഫാദറിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നു ഒപ്പം ഈ പുസ്തകം ഞാൻ സ്നേഹത്തോടെ സമർപ്പിക്കുന്നു .

                                                        Sreemol

                                                        B.Ed 2022-23

                                                        MTCTE

Sunday, May 1, 2022

Jeevitham Oru Monalisachiriyanu by Deepa Nisanth

 

ഒരു ചെറുമഞ്ഞുതുള്ളിയിൽ മഴവില്ലിന്റെ സപ്തനിറങ്ങൾ പ്രതിഫലിക്കും പോലെ മനോഹരമാണ് ദീപ നിശാന്തിന്റെ 'ജീവിതം ഒരു മോണാലിസച്ചിരിയാണ് ' എന്ന കൊച്ചുപുസ്തകവും  അതിൽ പ്രതിഫലിക്കുന്ന ആത്മകഥാoശമുള്ള കഥകളും. ആകാശഗോപുരത്തോളം വളർന്നുമുറ്റിയ ദാർശനികലോകത്തെ നമ്മുടെ മുൻപിലേക്ക് തുറന്നിട്ടതുകൊണ്ടോ സാഹിത്യത്തിന്റെ അപാരഭംഗി നമുക്ക് കാട്ടിത്തരുന്നതുകൊണ്ടോ അല്ല ഈ പുസ്തകം ഇത്രമേൽ ആകർഷകമാകുന്നത്. അതിനപ്പുറം, നാമൊന്നും അത്രയൊന്നും ശ്രദ്ധിക്കാതെ പോകുന്ന അനേകം ജീവിതസന്ദർഭങ്ങളെ കണ്ടെടുക്കാനും ഹൃദ്യമായി പറഞ്ഞുഫലിപ്പിക്കാനുമുള്ള ദീപയുടെ മികവ് തന്നെയാണ് ഇതിനു കാരണം.

നാം ഓരോരുത്തരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദർഭങ്ങളെയുമാകാം ദീപയും കണ്ടെത്തുന്നത്. എന്നാൽ ഈ അനുഭവങ്ങളിലൂടെ അവൾ നമ്മെ അമ്പരപ്പിന്റെയോ നിശബ്ദതയുടെയോ ഗദ്ഗതത്തിന്റെയോ നടവരമ്പിലൂടെ നടത്തുന്നു. ഒടുവിൽ നാം ചെന്നെത്തി നിൽക്കുന്നത് നമ്മുടെ തന്നെ ഓർമകളുടെ തീരത്തായിരിക്കും.

തന്റെ ജീവിതത്തിൽ പ്രകാശം നിറച്ചു കടന്നുപോയ പ്രകാശൻ മാഷും പ്രിയപ്പെട്ട സ്നേഹിതൻ അനിലും എഴുത്തുകാരിയുടെ തീരാനഷ്ടങ്ങളാകുന്നു....... മാമ്പഴത്തിലെന്നതുപോലെ വിടരും മുൻപ് ദൈവം കൊണ്ടുപോയ കനത്ത പുസ്തകപ്രേമിയായ അനന്തു എന്ന കൊച്ചുപയ്യൻ വായനക്കാരന് മുൻപിൽ ഒരു തോരാമഴയാകുന്നു...'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഹീറോഹോണ്ട ബൈക്കോടിച്ചു കടന്നുവന്ന കുഞ്ചാക്കോ ബോബൻ  എന്ന സുന്ദരനായ ചെറുപ്പക്കാരന്റെ ചിത്രം ഒരു മയിൽ‌പീലി തുണ്ടുപോലെ കെമിസ്ട്രി ബുക്കിൽ സൂക്ഷിക്കുന്ന ഒരു കൗമാരക്കാരിയുടെ ചിത്രം വായനക്കാരനെ തന്റെ കൗമാരകാലസ്മരണകളിലേക്ക്‌ നടക്കാൻ പ്രേരിപ്പിക്കുന്നു...

കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഢമായ പുഞ്ചിരിപോലെ ഈ വരികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ നൊമ്പരമോ എന്നറിയാൻ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളിൽ ഓരോന്നിലും ഉറങ്ങികിടക്കുന്നുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിന് ' ജീവിതം ഒരു മോണാലിസച്ചിരിയാണ് ' എന്ന പേര് അത്രമേൽ അർഥവത്താകുന്നത്.

അക്ഷരങ്ങളെ സ്നേഹിക്കുന്ന, പുസ്തകങ്ങളുടെ ലോകത്ത് കുന്നോളം ഓർമ്മകൾ വാരിക്കൂട്ടുന്ന, ഒരു മോണാലിസച്ചിരി പോലെ നിഗൂഢമായ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കുന്ന എന്റെ പ്രിയപ്പെട്ട 'അക്ഷരസഹയാത്രി' സുരേന്ദ്രേട്ടന് ഒരു പുഴയൊഴുകും പോലെ ഹൃദ്യമായ ' ജീവിതം ഒരു മോണാലിസച്ചിരിയാണ് ' എന്ന ഈ കൊച്ചുപുസ്തകം ഞാൻ സ്നേഹപൂർവം സമ്മാനിക്കുന്നു...ഒപ്പം ഹൃദയം നിറഞ്ഞ പിറന്നാളാശംസകളും...

                                                     Sr. Delna P V

                                                     B.Ed 2022-23

                                                     MTCTE