scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Thursday, July 28, 2022

Viralattam by Muhammad Ali Shihab

 

ആത്മകഥയെഴുതാൻ തക്ക പ്രായമായിട്ടില്ലാത്ത, സർവ്വീസിൽ പ്രവേശിച്ചിട്ട് അധികകാലം പിന്നിട്ടിട്ടില്ലാത്ത ഒരു IAS ഉദ്യോഗസ്ഥന്റെ ആത്മകഥയാണിത്. മുഹമ്മദ് അലി ശിഹാബ് IAS ന്റെ 'വിരലറ്റം' എന്ന കൃതി ഇച്ഛയുടെ പരമമായ വിജയത്തിന്റെ അപൂർവ്വമായ വിവരണമാണ്. 

'ഇതൊരു ആത്മകഥയല്ല, ഹൃദയത്തോട് ചേർത്തു വച്ച അനുഭവങ്ങളെ തത്ഭാവം ചോർന്നുപോകാതെ മുദ്രണം ചെയ്യാനുള്ള ശ്രമമാണെന്ന്' എഴുത്തുകാരൻ കൃതിയിലൊരിടത്ത് കുറിച്ചിട്ടിട്ടുണ്ട്. 1980-90 കാലഘട്ടത്തിലെ ഗ്രാമപശ്ചാത്തലത്തെ ലളിതമായ വാക്കുകളാൽ വരച്ചിരിക്കുന്ന വിവരണത്തിൽ, പിതാവിന്റെ മരണാനന്തരം അനാഥാലയത്തിലെത്തിപ്പെട്ട പതിനൊന്നു വയസ്സുകാരന്റെ പച്ചയായ അനുഭവങ്ങൾ കൂടി കോറിയിട്ടിരിക്കുന്നു. ജീവിതസമസ്യയ്ക്ക് ഉത്തരം തേടാനായ് അഞ്ചിൽ തോൽപ്പിക്കപ്പെട്ടെന്ന രേഖ  ചമച്ച് അനാഥാലയത്തിൽ പ്രവേശനമുറപ്പാക്കിയ ആ ആറാം ക്ലാസിലേക്ക് ജയിച്ച  അഞ്ചാം ക്ലാസുകാരൻ 10 വർഷങ്ങൾക്ക് ശേഷം നിന്നും പുറത്തിറങ്ങിയത് മറ്റൊരനാഥാലയത്തിലെ അധ്യാപകനായിട്ടായിരുന്നു. തെരുവിലെ അഴുക്കുചാലിലേക്ക് തെന്നിവീഴേണ്ടിയിരുന്ന ജീവിതങ്ങളെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് നയിക്കാനുള്ള നിയോഗം സിദ്ധിച്ച അദ്ദേഹം അധ്യാപനമെന്ന തൊഴിലിൽ മാത്രം ഒതുങ്ങി നിന്നില്ല. അവിദഗ്ദ്ധ തൊഴിലാളിയായും അധോതലഗുമസ്തനായും വേഷപ്പകർച്ച നടത്തുമ്പോഴും വാപ്പിച്ചിയുടെ അഭിലാഷം പോലെ അറിവെന്ന ധനം സ്വരൂക്കൂട്ടിക്കൊണ്ടേയിരുന്നു. പരപ്രേരണയാലും സ്വാനുഭവങ്ങളാലും സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കെത്താൻ കടമ്പകൾ താണ്ടാൻ അദ്ദേഹത്തിന് മുതൽക്കൂട്ടായത്

അധ്യാപന ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഓരോ ജീവിത സാഹചര്യത്തിലും നേരിടേണ്ടി വന്ന ദുർഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ അന്തർധാര.ചുറ്റുപാടുകൾ എത്ര തന്നെ വിപരീതമായാലും ലക്ഷ്യത്തിലേക്കെത്താനുള്ള വഴികൾ കണ്ടെത്തുക എന്നത് ഏവർക്കും സാധ്യമാണെന്ന് ഈ ആത്മകഥ ധ്വനിപ്പിക്കുന്നു. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല, ജീവിതം ജീവിച്ചു കൊണ്ട് നേരിടുന്ന കഥയാണ്.

                                                Amrithendu Das

                                                B.Ed 2022-23

                                                MTCTE

Sunday, July 10, 2022

Oru Theruvinte Katha by S.K Pottekkatt


മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരൻ    എസ്. കെ പൊറ്റക്കാടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. തെരുവിന്റെ മക്കൾ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവിക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്രങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചു കൊണ്ട് വിപണനം നടത്തുന്ന കൃഷ്ണകുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരുവിലെ സാധരണ ജനങ്ങൾ തന്നെ ആണ് ഇതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാപാത്രങ്ങളായ രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതികൂട്ടങ്ങളും എല്ലാ തെരുവുകളിലും ഉണ്ട്. തെരുവിന്റെ കഥ ഒരിക്കലും അവസാനിക്കുന്നില്ല. അത് തുടരുക തന്നെയാണ് പ്രസിദ്ധീകരിച്ചിട്ട് ഇത്രയും വർഷം ആയിട്ടും ഇന്നും വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

                                                       Vaishaly K.C

                                                       B.Ed 2021-22

                                                       MTCTE

Wednesday, July 6, 2022

Pranan Vayuvilaliumbol by Paul Kalanithi

 


ജീവിതം നൽകിയ കയ്പുനീരിനെപ്പോലും ശുഭാപ്തിവിശ്വാസത്തിന്റെ മധുരം ചേർത്ത് ആസ്വാദ്യകരമാക്കിയ ഒരു മനുഷ്യന്റെ അവിശ്വസനീയവും ഹൃദയഹാരിയുമായ ജീവിത കഥ! അതാണ് പ്രാണൻ വായുവിലലിയുമ്പോൾ എന്നയീ പുസ്തകം.ഒരു ഡോക്ടറാവുക എന്നത് സാധാരണമാണ്. എന്നാൽ ഒരു രോഗിയായ ഡോക്ടറാവുക എന്നത് അസാധാരണമെന്നു തന്നെ പറഞ്ഞേ തീരൂ. അത്തരമൊര അസാധാരണത്വത്തെ ഒരു പുഞ്ചിരിയോടെ നേരിട്ടു കൊണ്ട് വിധിയെപ്പോലും തോൽപ്പിച്ച ഡോക്ടർ പോൾ കലാനിധി ... അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളാണീ പുസ്തകം. 2015 ൽ ശ്വാസകോശാർബുദത്തെത്തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും സ്വന്തം ജീവിതം കൊണ്ട് അനശ്വരനായി ഇന്നും അദ്ദേഹം വായനക്കാരുടെ മനസിൽ നിലകൊള്ളുന്നു. മരണമെന്ന ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ജീവിതം. ആ യാത്രയെ എങ്ങനെയെല്ലാം പ്രകാശപൂരിതമാക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് പോളിന്റെ ഈ പുസ്തകം. പെരുമയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അവിചാരിതമായി ജീവിതത്തിലെ താളുകളുടെ എണ്ണം നിജപ്പെടുത്തിക്കൊണ്ട് വന്നുപെട്ട അർബുദത്തെ തന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഘാതകനാകാൻ സമ്മതിയ്ക്കാതെ നിശ്ചയദാർഡ്യത്തോടെ നേരിട്ട ഡോക്ടർ ലോകത്തിനു തന്നെ മാതൃകയാണ്. ജീവിതത്തിന്റെ പ്രതി സന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടാൻ വായനക്കാരെ പ്രചോദിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിയ്ക്കും. മുൻപോട്ടുള്ള ജീവിതത്തിൽ നിരാശയുടെ മരുഭൂമികളിലകപ്പെട്ടാലും അവിടെയെല്ലാം പ്രത്യാശയുടെ  ഒറ്റമരത്തുരുത്ത് കണ്ടെത്താൻ ഈ പുസ്തകം നിനക്ക് കരുത്തേകട്ടെ.... പിറന്നാളാശംസകൾ പ്രിയപ്പെട്ടവളേ...
                                                        Gayathri M. S
                                                        B.Ed 2021-22
                                                        MTCTE

A Thousand Splendid Suns by Khaled Hosseini

 

ഖാലിദ് ഹോസ്സൈനി എന്ന അഫ്ഗാൻ -അമേരിക്കൻ എഴുത്തുകാരന്റെ അതിമനോഹരമായ ഒരു നോവൽ " A Thousand Splendid Suns" അഥവാ "തിളക്കമാർന്ന ആയിരം സൂര്യന്മാർ".

1966 നും 2005 നുമിടയിൽ സോവിയറ്റ് യൂണിയന്റെയും താലിബാന്റെയും ഭരണത്തിന് കീഴിൽ എരിഞ്ഞടങ്ങുന്ന രണ്ടു സ്ത്രീ ജന്മങ്ങളാണ്‌ ഖാലിദ് ഹോസ്സൈനി ഈ നോവലിലൂടെ ലോകത്തിന് മുന്നിൽ വരച്ചിടുന്നത്. താലിബാൻ ഭരണത്താൽ അഫ്ഗാൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾ ഒരു അഫ്ഗാൻ പൗരനെന്ന പോലെ ഓരോ വായനക്കാരന്റെ മനസിലും ഒരു മായാത്ത മുറിവാകുന്നു. ഒരു സ്ത്രീയായി ജന്മം കൊണ്ട ഒരു ജീവൻ പോലും താലിബാന്റെ കണ്ണിൽ മനുഷ്യാവർഗമായിരുന്നില്ല. നോവലിലെ ഓരോ വരികളിലും ഈ ദയനീയത മുഴങ്ങി കേൾക്കുന്നു, ഓരോ അക്ഷരങ്ങളും ആ വേദനയുടെ പ്രതിരൂപമാവുന്നു.

അഫ്ഗാനിലെ ഹെരാത്തിൽ ഒരു ധനികനായ കാച്ചവടക്കാരന് നിയമാനുസൃതമായി ജനിച്ച മകളാണ് മറിയം. 15 ആം വയസ്സിൽ അവൾ 45 കാരനായ റഷീദിന്റെ ഭാര്യയാവുന്നു. ശേഷം അവൾക്കനുഭവിക്കേണ്ടി വന്നത് ശാരീരികവും മാനസികാവുമായ പീഡനങ്ങളായിരുന്നു.പിന്നീട് അഫ്ഗാൻ സിവിൽ വാറിന്റെ ഇരയായിമാറിയ ലൈല എന്ന 18 കാരി 60 കാരനായ റഷീദിന്റെ രണ്ടാം ഭാര്യയാവുന്നു. അങ്ങനെ ലൈലയും മറിയവും കണ്ടുമുട്ടുന്നു. ഒരു മേൽക്കൂരക്ക് കീഴിൽ ശ്വാസം മുട്ടുന്ന രണ്ടു സ്ത്രീ ജന്മങ്ങളായി അവർ മാറുന്നു. സ്നേഹവും പ്രതീക്ഷകളും മുതൽക്കൂട്ടാക്കി അവർ പിന്നീട് നേരിടുന്ന ദിനരാത്രികളാണ്  ഈ നോവലിന്റെ ആധാരം.

ഓരോ മനുഷ്യമനസിനെയും ആഴത്തിൽ മുറിവേൽപിക്കുന്ന വികാരഭരിതമായ ഒരനുഭവമാണ് ഈ നോവൽ. നോവൽ തന്ന അനുഭവങ്ങളിൽ നിന്ന് പറയുവാൻ ഒന്നു മാത്രം Only hardest of hearts could fail to be moved..

                                                         Ayana R

                                                         B.Ed 2021-22

                                                         MTCTE