scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Wednesday, March 30, 2022

Malala Yousafzai

 


മലാല യൂസഫ് സായി

ഒരു പാകിസ്ഥാനി സ്കൂൾ വിദ്യാർഥിനിയുടെ ജീവിതക്കുറിപ്പുകൾ. 

സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആക്ടിവിസ്റ്റും , ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് പല പുരസ്കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.

ഈ ദിനത്തിൽ എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ആതിരയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിച്ചുകൊണ്ട്, മലാലയുടെ ജീവിതകഥ കൂടുതൽ വായിച്ച് അറിയുന്നതിന് വേണ്ടി ഈ പുസ്തകം ഞാൻ സമ്മാനിക്കുന്നു.

                                                      Vyshnav V

                                                      B.Ed 2021-22

                                                      MTCTE

Thursday, March 24, 2022

Kadine Chennu Thodumbol by N A Naseer

 

 

കാടിന്റെ കൈയൊപ്പിട്ട പുസ്തകം. കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും,  നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല.

കാടിനെ നാം എല്ലാ അതിക്രമങ്ങൾക്കും വിധേയമാക്കിയ ശേഷവും അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എന്നതിന്റെ സന്തോഷകരമായ രേഖയാണ് കാടിനെ ചെന്നു തൊടുമ്പോൾ. 

കാടുമായുള്ള അഹന്ത വെടിഞ്ഞ് കൂടിച്ചേരൽ സാധ്യമാക്കുന്ന അസാധാരണ ബോധജ്ഞാനങ്ങളുടെ അനുഭവകഥകളാണ് ലോകോത്തര വന്യജീവിച്ഛായാഗ്രാഹകരിലൊരാളായ എൻ.എ. നസീർ ഈ ഗ്രന്ഥത്തിൽ  പറയുന്നത്. വനലോകങ്ങളുമായുള്ള അവിസ്മരണീയങ്ങളായ നേർക്കാഴ്ചകളുടെ  ഒരു കാലിഡോസ്കോപ്പിനുള്ളിലേക്ക് നസീർ നമ്മെ നയിക്കുന്നു, ഒരു ജീവനുള്ള മഹാ വനമധ്യത്തിലേക്ക് യാത്ര കൊണ്ടുപോകും പോലെ തന്റെ കാമറയുടെ പ്രയോഗത്തിലേക്ക് ചേർത്തുവെക്കുന്ന അതേ മാധുര്യത്തോടും ലാവണ്യത്തോടുമാണ് നസീർ തന്റെ തൂലിക ചലിപ്പിക്കുന്നത്. മരങ്ങളും പൂക്കളും ചെടികളും വള്ളികളും മൃഗപക്ഷികളും അരുവികളും മീനുകളും ഉറുമ്പുകളും പാമ്പുകളും പൂമ്പാറ്റകളും വെളിച്ചവും ഇരുട്ടും തണുപ്പും ചൂടും വിശപ്പും വിപത്തും ഇരതേടലും ഇണചേരലുമെല്ലാമടങ്ങിയ കാടിന്റെ പ്രപഞ്ചത്തെ, അതിനെ നിബന്ധനകളില്ലാതെ ആശ്ളേഷിക്കുന്ന ഒരുവനു മാത്രം സമാഹരിക്കാൻ കഴിയുന്ന അസാധാരണമായ ജീവസത്തയോടെ നസീർ  കാടിന്റെ കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു ....

എന്റെ പ്രിയപ്പെട്ട അക്ഷരസഹായാത്രി ഐശ്വര്യക്ക് സ്നേഹംനിറഞ്ഞ പിറന്നാൾദിനം ആശംസിച്ചുകൊണ്ട് , ഈ പുസ്തകം സമ്മാനിക്കുന്നു. 

                                                 Abhijith s Babu 

                                                 B.Ed 2021-22

                                                 MTCTE

 

Saturday, March 19, 2022

Oru Kudayum Kunjupengalum by Muttathu Varkey


സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാരീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാൻ കാരണവും.

മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ .

മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിക്കുന്നു. പോലീസിനെയും നാട്ടുകാരെയും ഭയന്ന് ബേബി നാട് വിടാൻ തീരുമാനിക്കുന്നു. മടങ്ങി വരുമ്പോൾ ലില്ലിക്ക് കുരുവിയുടെ കൈപിടിയുള്ള കുട കൊണ്ടുവരുമെന്ന്  ഉറപ്പ് നൽകുന്നു.തുടര്‍ന്ന് വല്ല്യമ്മയുടെ മര്‍ദ്ദനം സഹിക്കാതെ വരുന്നതോടെ വീടുവിടുന്ന ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അയാളുടെ മക്കള്‍ക്കൊപ്പം വളരുന്നു. നഗരത്തില്‍ എത്തിപ്പെടുന്ന ബേബി സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ എത്തിച്ചേരുന്നു.

പിന്നിടങ്ങോട്ട് ബേബിയും,  ലില്ലിയും കണ്ടുമുട്ടുമോ? കണ്ടുമുട്ടിയാൽ തന്നെ എങ്ങനെയാണ് കണ്ടുമുട്ടുക എന്നി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ നൽകികൊണ്ടാണ് ഈ പ്രശസ്ത ബാലസാഹിത്യത്തിന്റ അന്ത്യം.

ഏതൊരു വായനക്കാരിലും  അവർ പോലും അറിയാതെ അവരുടെ കണ്ണുകൾ നിറയ്ക്കാൻ മുട്ടത്തുവർക്കി എന്ന സാഹിത്യക്കാരനെകൊണ്ട് സാധിക്കുന്നു.

എന്റെ പ്രിയപ്പെട്ട അക്ഷരസഹായാത്രി ശിവപ്രിയയ്ക്ക്‌ സ്നേഹംനിറഞ്ഞ പിറന്നാൾദിനം ആശംസിച്ചുകൊണ്ട് ഈ പുസ്തകം സമർപ്പിക്കുന്നു.
      
                                         Emmanuel Vincent
                                         B.Ed 2021-22
                                         MTCTE

Sunday, March 6, 2022

Manju by M.T Vasudevan Nair




എം. ടി യുടെ പതിവ് വള്ളുവനാടൻ ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയ ,നൈനിത്താൾ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് മഞ്ഞ്.. അദ്ദേഹത്തിന്റെ രണ്ടാമൂഴവും, നാല് കെട്ടും ,അസുരവിത്തും ഒക്കെ ഇഷ്ടപ്പെട്ട നോവലുകൾ ആണെങ്കിലും ‘മഞ്ഞ് ‘ആദ്യ വായനയിൽ തന്നെ ഹൃദയത്തിലേറ്റി… ഇത്രയും കാവ്യഭംഗി നിറഞ്ഞ് നിൽക്കുന്ന മറ്റൊരു നോവൽ എം ടി എഴുതിയിട്ടില്ല എന്നുതന്നെ വേണമെങ്കിൽ പറയാം..

മലയാളത്തിന്റെ എക്കാലത്തേയും പ്രണയ നായിക ,വിമല ഒരു മഞ്ഞ് തുള്ളിയായ് മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു.. ആ ഹിമകണത്തിന്റെ സ്നിഗ്ധത വായനയിലുടനീളം നമ്മളിൽ പടർന്നു കയറുമെന്നതിൽ സംശയമില്ല.മനോഹരിയായ വിമലയുടെ മേൽ ചുണ്ടിനു മീതെ ഉള്ള നനുത്ത നീല രോമങ്ങൾ അവളിലെ സ്ത്രീത്വത്തിന്റെ ചാരുത വിളിച്ചു പറയുന്നു.നിറഞ്ഞു തുളുമ്പുന്ന മൗനത്തിന്റെ മാസ്മരിക ഭംഗി മഞ്ഞിൽ നിറഞ്ഞു നിൽക്കുന്നു.. അത് തന്നെയല്ലേ കവികളാൽ ഏറെ വാഴ്ത്തപ്പെട്ട പ്രണയത്തിന്റെ ഭാഷയും..?

തന്റെ ഹൃദയം കവർന്ന സുധീർ മിശ്രയെ വിമല ഇവിടെ കാത്തിരിക്കുകയാണ്. തൻെറ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത് അനന്തതയിലേക്ക് മറഞ്ഞ സുധീർ മിശ്രയെ പരിഭവമില്ലാതെ, പരാതിയില്ലാതെയാണവൾ കാത്തിരിക്കുന്നത്. ഒരുനാൾ തന്റെ പ്രിയൻ തന്നരികിൽ എത്തുമെന്ന ശുഭ പ്രതീക്ഷയോടെ ..

അതെ അവളുടെ ചുണ്ടുകളിൽ ഉയരുന്ന മന്ത്രമാണ്  "വരും ; വരാതിരിക്കില്ല" ഈ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടീ നോവലിൽ..

വിമലയെപ്പോലെ മറ്റൊരു കാത്തിരിപ്പുകാരൻ കൂടി ഉണ്ട് മഞ്ഞിൽ ,താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ കാത്തിരിക്കുന്ന ബുദ്ദു എന്ന തോണിക്കാരൻ.

വിമലയുടെ വിഫല പ്രണയത്തിന് മൂക സാക്ഷിയായ് നൈനിത്താൾ തടാകക്കരയും നിലകൊള്ളുന്നു..അവിചാരിതമായി ബസിൽ വച്ച് കണ്ടുമുട്ടുന്ന സുധീർ മിശ്രയെ വിമല തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. നൈനിത്താൾ ലവേഴ്സ് ട്രാക്കിലെ കാപ്പിറ്റോളിൽ വച്ച് ആത്മാവും ശരീരവും ഒന്നാകുന്നതോടെ ആ പ്രണയത്തിന്റെ തീവ്രത ഏറുന്നു.. യൗവനത്തിന്റെ തീക്ഷ്ണതയിൽ എല്ലാ കമിതാക്കൾക്കും സംഭവിക്കുന്നത് തന്നെയാണ് ഇവിടെ വിമലയ്ക്കും സുധീറിനുമിടയിലും സംഭവിച്ചത്.

പ്രണയം രണ്ട് മനസുകളുടെ ഇഴുകിച്ചേരൽ മാത്രമല്ല മറിച്ച് പ്രതീക്ഷയുടെ, സ്വപ്നസാക്ഷാത്മരത്തിന്റെ കാത്തിരിപ്പ് കൂടിയാണ്… വിരഹത്തിലും ഏകാന്തതയിലും പ്രതീക്ഷയുടെ നനുത്ത മഞ്ഞ് തുള്ളികൾ വിമലയിൽ പതിക്കുകയാണിവിടെ..

ശിഥിലമായ ജീവിത പശ്ചാത്തലത്തിൽപ്പോലും അവൾ തളരുന്നില്ല… നാളെ എന്ന പ്രതീക്ഷ അവളിൽ പുനർജ്ജനിക്കുന്നുണ്ട്..പ്രണയത്തിന്റെ നനുത്ത സ്പർശം അവളുടെ ഹൃദയവ്യഥയെ കീഴ്പ്പെടുത്തുന്നുമുണ്ട്.. യഥാർത്ഥ പ്രണയത്തിന്റെ സുഖമുള്ള ഓർമ്മകളുമായി വിമലയുടെ കാത്തിരിപ്പ് തുടരുന്നു..

സാധാരണ നാം കാണാറുള്ള കണ്ണീർ നായികമാരിൽ നിന്നേറെ വിഭിന്നയാണ് വിമല.സുധീർ മിശ്രയുടെ അനുതാപത്തിനു വേണ്ടിയല്ലവൾ കാത്തിരിക്കുന്നത് മറിച്ച് തനിക്ക് മാത്രം അവകാശപ്പെട്ട അയാളുടെ പ്രണയത്തിന് വേണ്ടിയാണവൾ കാത്തിരിക്കുന്നത്..

ഒരു പെണ്ണിന്റെ സർവ്വസ്വവും കവർന്നെടുത്ത് കടന്ന് കളഞ്ഞ സുധീർ മിശ്ര എന്ന അമാവാസിയെ ശാന്തമായ മനസോടെ ജീവിതത്തെ പ്രതീക്ഷാനിർഭരമായി കാണാൻ ശ്രമിക്കുന്ന വിമല എന്ന പൂർണ്ണചന്ദ്രനെ കൊണ്ട് എം ടി മറച്ചിരിക്കുകയാണോന്ന് നമുക്ക് തോന്നിപ്പോകും..

നൈനിത്താൾത്തടാകത്തിലെ തെളിനീരിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയാൽ നമുക്ക് കാണാം ഒൻപത് വർഷം നീല കണ്ണുള്ള തന്റെ പ്രിയപ്പെട്ടവന് വേണ്ടി കാത്തിരുന്ന സുന്ദരിയും ഓമനത്തം തുളുമ്പുന്നതുമായ വിമല എന്ന നിത്യ പ്രണയിനിയുടെ മുഖം.

മഞ്ഞിന്റെ അവസാന പേജും മറിച്ചു കഴിയുമ്പോൾ പ്രണയത്തിന്റെ ,പ്രതീക്ഷയുടെ ഒരു ഇളം തെന്നൽ ഒരു മഞ്ഞ് കണത്തിന്റെ ശീതളിമയോടെ നമ്മെ മെല്ലെ മെല്ലെ തഴുകി കടന്നു പോകും മറ്റൊരു പ്രണയ നായികയെ തേടി…. എം.ടി എന്ന അത്ഭുത പ്രതിഭയുടെ കയ്യൊപ്പ് വീണ്ടും വീണ്ടും നമ്മെ അതിശയിപ്പിക്കും..

ഒരുവേള ഇവിടെ ഞാനും ആഗ്രഹിച്ചു പോകുകയാണ് വിമലയുടെ ആ നീലകണ്ണുള്ള, വൈലറ്റ് അക്ഷരങ്ങളുടെ ഉടമയായ പ്രണയനായകൻ കാതങ്ങൾ താണ്ടി ഒരു നാൾ അവളെ തേടി വന്നിരുന്നെങ്കിലെന്ന് ………….

                                                Chanchal N.K

                                                B.Ed 2021- 22

                                                MTCTE

Daivathinte Charanmar by Joseph Annamkutty Jose

 


ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേ ചില വ്യക്തികളെ എന്തിനാണ് നമ്മൾ കണ്ടുമുട്ടിയതെന്ന് ?

നിങ്ങളെ സ്നേഹിച്ചവർ...

നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ...

നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ...

അതിനെ മുതലെടുത്തവർ...

ഒരു വാക്ക് ചോദിക്കുന്നതിനു മുൻപേ നിങ്ങളെ സഹായിക്കാൻ കൈകൾ നീട്ടിയവർ...

നിങ്ങളുടെ നീട്ടിയ കരങ്ങളെ കണ്ടില്ലെന്ന മട്ടിൽ മുഖംതിരിച്ചു നടന്നവർ...

ഒരിക്കലും മറക്കാനാവാത്ത വിധം നമ്മെ അത്രകണ്ട് സ്വാധീനിക്കുകയും ഇന്ന് എവിടെയാണെന്ന് പോലും നമുക്ക് കൃത്യമായ ധാരണയില്ലാത്ത പ്രിയപ്പെട്ട ആ അധ്യാപിക...

നമ്മുടെ ഉള്ളിലെ സ്നേഹത്തെ ഊറ്റിക്കുടിച്ചുകൊണ്ട് ഒടുവിൽ നമ്മെ തനിച്ചാക്കി നടന്നകന്ന പ്രണയിനി...

തിരിച്ചു വേണ്ടത്ര സ്നേഹിക്കാതിരുന്നിട്ടും അത്രകണ്ട് പരിഗണിക്കാതിരുന്നിട്ടും വിട്ടകലാതെ ഒരു കല്ലേറ് ദൂരം കൂടെ സഞ്ചരിച്ചുകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഉറ്റ സുഹൃത്തുക്കൾ...

എല്ലാ പ്രതീക്ഷയും നശിച്ച് ഇനിയെന്തു ചെയ്യണം എന്നറിയാതെ ജീവിതം ഇരുട്ടിലായപ്പോൾ വെളിച്ചത്തിലേക്ക് നിങ്ങളെ തിരികെ നടക്കാൻ പ്രേരിപ്പിച്ച വാട്സ്ആപ്പ് സന്ദേശം അയച്ചു തന്ന കൂട്ടുകാരൻ...

നമ്മുടെയൊക്കെ ജീവിതത്തിലൂടെ ഈ മനുഷ്യരൊക്കെ കടന്നുപോയത് എന്തുകൊണ്ടായിരിക്കും...? ആരാണ് അവരെ ഈ നിയോഗങ്ങളും ആയി നമ്മുടെ അരികിലേക്ക് പറഞ്ഞു വിട്ടത്...?

ജോസഫ് അന്നംകുട്ടി ജോസ് എന്ന ഏവർക്കും സുപരിചിതനായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഇതുപോലെ കടന്നുവന്നവരെ, അവനെ തൊട്ടവരെ, കുറേക്കൂടി നല്ലൊരു മനുഷ്യനാകാൻ അയാളെ പ്രേരിപ്പിച്ചവരെ ജോസഫ് വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ.

ഈ താളുകൾക്ക് കുറുകെ നമുക്ക് ഒരു യാത്ര നടത്തി നോക്കാം. ആർക്കു പറയാൻ പറ്റും ആ യാത്രയ്ക്കൊടുവിൽ നിങ്ങളുടെ സ്നേഹം എവിടെനിന്ന് എവിടേക്ക് മാറിച്ചവിട്ടും എന്ന്. ഓരോ അധ്യായത്തിൽനിന്നും അടുത്തതിലേക്ക് നമുക്ക് ജോസഫിന്റെ കൈ പിടിച്ചു നടക്കാനിറങ്ങാം. വഴിയിൽ ചിലയിടങ്ങളിൽ ചില ആളുകളെ പരിചയപ്പെടാം. അവരുടെ സംസാരങ്ങളിൽ മനസ്സുകൊണ്ട് പങ്കുചേരാം. കൂടെചിരിക്കാം, പരിഭവിക്കാം, കുസൃതികളിൽ ഒരുമിച്ച് കണ്ണിറുക്കാം. ഇഷ്ടപ്പെടുന്ന ഖണ്ഡികകളിൽ അദൃശ്യമായ ഒരു കസേരയിട്ട് ഇരിക്കാം, ചില വരികളിൽകിടന്ന് ഒന്നു മയങ്ങാം, ചില സന്ദർഭങ്ങൾ ഉണർത്തുന്ന വികാരവിചാരങ്ങളിൽ മൂടിപ്പുതച്ച് ഒരു ഞൊടി ഉറങ്ങിയുണരാം. അങ്ങനെ നമുക്ക് ജോസഫിനൊടൊപ്പം നടന്നെത്താം, അവസാന അധ്യായംവരെ.

എന്തായാലും, ദൈവത്തിന്റെ ആ ചാരന്മാരെ പരിചയപ്പെട്ടുകൊണ്ട് ഈ പുസ്തകത്താളുകളിലൂടെ നമ്മൾ നടത്തുന്ന സായാഹ്ന സവാരി കഴിയുമ്പോൾ, ഇവരെ പരിചയപ്പെട്ടു കഴിയുമ്പോൾ, നിങ്ങൾ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയക്കപ്പെട്ട ദൈവത്തിൻറെ ചാരന്മാരെ കണ്ടെത്താൻ, പല വേഷങ്ങളിൽ അവർ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണുവാനും, കേൾക്കുവാനും, മനസ്സിലാക്കുവാനും ഈശ്വരൻ നിങ്ങൾക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ.

എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി റിനുവിന് സ്നേഹം നിറഞ്ഞ പിറന്നാൾദിനം ആശംസിക്കുന്നു. ദൈവത്തിൻറെ ചാരന്മാർ പുതിയൊരു വായനാനുഭവം നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പുസ്തകം ഞാൻ എന്റെ അക്ഷര സഹയാത്രികയ്ക്ക്‌ സമ്മാനിക്കുന്നു.

                                          Emilin Santhosh

                                          B.Ed 2022-23

                                          MTCTE