scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Friday, September 30, 2022

Light from many lamps

 




As A Man Thinketh by James Allen


വായനക്കാരെ വിജയകരമായി ജീവിക്കാൻ പഠിപ്പിക്കുന്ന കുറേ പുസ്തകങ്ങൾ ലോകത്തുണ്ട്.ആ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഒരു പുസ്തകമാണ് ജെയിംസ് അലൻ എഴുതിയ " ഒരാൾ ചിന്തിക്കുന്നതെന്തോ അതാണ് അയാൾ "എന്ന പുസ്തകം .1903 ൽ പുറത്തുവന്ന ഈ പുസ്തകം സെൽഫ് ഹെല്പ് പുസ്തകങ്ങളുടെ കൂട്ടത്തിലെ ഒരു ക്ലാസിക്കാണ്.  ഓരോ വരിയിലും വ്യാഖ്യാന പരമ്പരകൾക്ക് വേണ്ട ഊർജ്ജം കരുതിവച്ചിരിക്കുന്നു ജെയിംസ് അലൻ. താൻ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് എന്ന് വിശ്വസിച്ചു  ക്രിയാ പദത്തിൽ നിന്നും പിന്തിരിഞ്ഞു നടക്കുന്ന മനുഷ്യരെയാണ് ഈ പുസ്തകത്തിൽ അലൻ സംബോധന  ചെയ്യുന്നത്.മനുഷ്യർ സാഹചര്യങ്ങളുടെ ഇരകളല്ല. അവർ എന്താണോ ചിന്തിക്കുന്നത് ആ നിലയിൽ സാഹചര്യങ്ങൾ അവരെ വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് എന്ന്  ഈ പുസ്തകത്തിൽ പറയുന്നു.സാഹചര്യങ്ങളല്ല നിങ്ങളെ സൃഷ്ടിക്കുന്നത് നിങ്ങളുടെ ചിന്തയാണ് സാഹചര്യങ്ങളിലൂടെ പുറത്തുവരുന്നത് എന്ന് പറയുന്നു.ഈ വാക്കുകൾ അലൻ മനുഷ്യന് നൽകുന്ന പാരിതോഷികമാണ്. സ്വന്തം ചിന്തകൾ ക്ഷമയോടും യുക്തിഭദ്രതയോടും കൂടി ഉപയോഗിച്ചാൽ ഏതൊരാളുടെയും ജീവിതം രൂപാന്തരപ്പെടുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്യും എന്നതാണ് ഈ പുസ്തകം ഊന്നിപ്പറയുന്ന അടിസ്ഥാനതത്വം.നല്ല ചിന്തകളെ മനസ്സിൽ പരിപാലിക്കുക കാരണം ഒരാൾ ചിന്തിക്കുന്നത് എന്തോ അതാണ് അയാൾ . ഈ പുസ്തകം പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത നിരവധി എഴുത്തുകാരും ചിന്തകരും വ്യവസായികളും ലോകത്തുണ്ട് .ജീവിതത്തെ നന്മയുടെ ആഘോഷമാക്കി മാറ്റാനുതകുന്ന  ഈ പുസ്തകം എന്റെ അക്ഷരസഹയാത്രി അശ്വതിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നൽകുന്നു.


                                          Punnya Krishnan 

                                          B.Ed  2021 - 22

                                          MTCTE

Monday, September 26, 2022

A Brief History Of Time by Stephen Hawking

 

കാലത്തിന് ആരംഭം ഉണ്ടായിരുന്നോ? സമയത്തിന് പിന്നോട്ട് ഓടാൻ കഴിയുമോ? പ്രപഞ്ചം അനന്തമാണോ അതോ അതിന് അതിരുകളുണ്ടോ? 

ന്യൂട്ടൺ മുതൽ ഐൻ‌സ്റ്റൈൻ വരെയുള്ള പ്രപഞ്ചത്തിന്റെ മഹത്തായ സിദ്ധാന്തങ്ങൾ അവലോകനം ചെയ്തുകൊണ്ട് ആരംഭിക്കുന്ന മാസ്റ്റർപീസായി പരിഗണിക്കപ്പെടാവുന്ന ഒരു പുസ്തകത്തിലെ ചില ചോദ്യങ്ങൾ മാത്രമാണിത് . 

"A  Brief History of Time" 

പേര് സൂചിപ്പിക്കുന്നത് പോലെ, സമയത്തിന്റെ സംക്ഷിപ്ത ചരിത്രം നമുക്ക് ചുറ്റുമുള്ള സമയത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകളുടെ ചരിത്രത്തെ പ്രതിപാദിക്കുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും വളരെയധികം സ്വാധീനമുള്ളതുമായ ഈ പുസ്തകത്തിൽ, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമ്മൾ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും കണ്ടെത്താൻ സ്റ്റീഫൻ ഹോക്കിംഗ് ശ്രമിക്കുന്നു.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം സമഗ്രവും തീർച്ചയായും ഒരു ബൈബിളായി കണക്കാക്കാൻ പര്യാപ്തവുമാണ്, എന്നാൽ അതേ സമയം, ഹോക്കിംഗ് ധാരാളം വിത്തുകൾ നട്ടുപിടിപ്പിക്കുകയും പുതിയ സങ്കൽപ്പങ്ങളുടെ വാതിലുകൾ തുറക്കുകയും ചെയ്യുന്നു.  ഒരു ഘട്ടത്തിലും അദ്ദേഹം  കീഴടങ്ങുകയോ അമിതമായ സാങ്കേതിക ചുരുക്കപ്പേരിൽ സമ്പന്നമായ  ഭാഷയിലേക്ക് ഇറങ്ങുകയോ ചെയ്യുന്നില്ല.  ഈ പുസ്തകത്തിൽ  ഫോർമുലകളുടെ പ്രക്ഷാളനങ്ങൾ ഒന്നും തന്നെയില്ല എന്നതും ഈ പുസ്തകത്തിന്റ വ്യത്യസ്തതയാണ്. ചില ആശയങ്ങൾ അവിശ്വസനീയമാംവിധം സങ്കീർണ്ണമാണ്.  സൂപ്പർ സ്ട്രിംഗ്, മെംബ്രൻ സിദ്ധാന്തം, അവയുടെ അനുബന്ധ മൾട്ടിവേഴ്സുകൾ എന്നിവ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ അവ ചിന്താപൂർവ്വം, ശ്രദ്ധാപൂർവം, വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നു.

വിഷയത്തെക്കുറിച്ച് മുൻ‌കൂട്ടി അറിവില്ലാത്ത വായനക്കാർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന ശൈലി. ഈ വ്യക്തതയും പ്രവേശനക്ഷമതയും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിനെ ഒരു പ്രസിദ്ധീകരണ പ്രതിഭാസമാക്കി മാറ്റുന്നു: 

ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ രണ്ട് വർഷത്തിലേറെയായി ഇത് ചെലവഴിച്ചു, 30-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, ഇതുവരെ എഴുതിയതിൽ ഏറ്റവും സ്വാധീനമുള്ള ജനപ്രിയ ശാസ്ത്ര പുസ്തകങ്ങളിലൊന്നായി മാറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്, സാമാന്യ ആപേക്ഷികതയെയും തമോഗർത്തങ്ങളെയും കുറിച്ചുള്ള പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രത്യേകം ഓർമ്മിക്കപ്പെടുന്നു.

എൻെറ പ്രിയപ്പെട്ട അക്ഷര സഹയാത്രി ഗായത്രിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിക്കുന്നു  എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പുതിയൊരു വായനാനുഭവം നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്  ഈ പുസ്തകം ഞാനെന്റെ അക്ഷര സഹയാത്രികയ്ക്ക് സമ്മാനിക്കുന്നു.

                                                   Kevin Jose

                                                   B.Ed 2021-22

                                                   MTCTE

Sunday, September 18, 2022

Agnichirakukal by A P J Abdul Kalam


ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തികളിൽ ഒരാളായിരുന്നു നമ്മുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ  ആത്മകഥയാണ് അഗ്നിച്ചിറകുകൾ.അരുൺ ദിവാരിയുടെ സഹായത്തോടെ ഡോക്ടർ അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡിസി ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999 പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിൻെറ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക് ,തമിഴ്,  മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ  ചൈനീസ് ,കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയെ ശാസ്ത്രസാങ്കേതിക വിദ്യയുടെ കാര്യത്തിൽ പരമോന്നതിയിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു അദ്ദേഹത്തിന് 2020 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കി മാറ്റാനുള്ള മാർഗങ്ങളും ദർശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. തികച്ചും സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന ഇന്ത്യ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും പിന്നീട് രാഷ്ട്രപതി ആവുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രചോദനാത്മക ജീവചരിത്രമാണ് അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ അവതരിക്കപ്പെടുന്നത്. കലാമിന്റെ ബാല്യം വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകൾ തുടർന്ന് ശാസ്ത്രലോകത്തിലേക്കുള്ള കടന്നു വരവ് എന്നിവയെല്ലാം അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  പുതുതലമുറയെ പ്രതീക്ഷാനിർഭരമായ ഒരു നവലോകത്തേക്കും കൈപിടിച്ചുയർത്തുന്ന അധ്യാപകനായും മാറിയ അബ്ദുൽ കലാമിന്റെ ജീവിതം മികവോടെ പുസ്തകത്തിൽ വരച്ചു ചേർത്തിരിക്കുന്നു. 10 അധ്യായങ്ങളിലായി അവതരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഡോക്ടർ കലാമിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളും ഉൾപ്പെടുത്തിയിരിക്കുന്നു. കലാമിന്റെ വ്യക്തിപരവും ഔദ്യോഗികമായ പോരാട്ടങ്ങളുടെ കഥ പറഞ്ഞ അഗ്നിച്ചിറകുകളുടെ പരിഭാഷകൻ പി വി ആൽബിയാണ്. മിസൈൽ ടെക്നോളജി വിദഗ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന ഈ ഒരു മികച്ച സൃഷ്ടി ഞാനെന്റെ അക്ഷര സഹയാത്രിക ചന്ദനയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകുന്നു.

                                                   Swaroopa P. K

                                                   Asst. Professor

                                                   MTCTE

Thursday, September 15, 2022

Balyakalasakhi by Vaikom Muhammad Basheer


 മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. 

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു.

മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം,  ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും, ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും,ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍,ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിയുന്നു ബഷീറിന്‌.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു. 

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌.വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്ന ഈ മികച്ച സൃഷ്ടി എന്റെ അക്ഷര സഹയാത്രി ഡെൽന സിസ്റ്ററിനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകുന്നു.

                                 Sivapriya S Namboodiri

                                 B.Ed 2021-22

                                 MTCTE

Wednesday, September 14, 2022

Biriyani by Santhosh Echikkanam


 2016 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി മലയാള സാഹിത്യത്തെ വേദനിപ്പിച്ചു കടന്നു പോയ ചെറുകഥയാണ്. മലയാളികളുടെ ധാരാളിത്തത്തെയും ഒപ്പം വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും തീവ്രതയും ഒരുമിച്ച് കൂട്ടിയിണക്കുന്നതാണ് ബിരിയാണി.  ഈ ചെറുകഥ വായനക്കാരിൽ ചെലുത്തുന്നതായ സ്വാധീനം ചെറുതല്ല.  ചെറുകഥയുടെ അന്തസത്ത ഒട്ടും ചോർന്നു പോകാത്ത സന്തോഷ് ഏച്ചിക്കാനത്തിന്റെ 6 കഥകൾ കൂടി ചേർത്തു ഡി.സി. ബുക്ക്സ് ബിരിയാണി എന്ന തലക്കെട്ടോടു കൂടി പിന്നീട് ഒരു പുസ്തകമായി പ്രസിദ്ധികരിച്ചു . 


ഏതൊരു വായനക്കാരന്റെയും കണ്ണിനെ ഈറനണിയിക്കുന്ന വികാരതീക്ഷ്ണമായ ഒരനുഭവകഥയാണ് സന്തോഷ് എച്ചിക്കാനം ബിരിയാണിയിലൂടെ പറയുന്നത്. ദാരിദ്യം മൂലം ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ഗോപാൽ യാദവ് എന്ന അതിഥി തൊഴിലാളി (ബംഗാളി) യുടെ കഥയാണ് ഇതിൽ പറയുന്നത്.  12 വർഷം മുൻപ് കേരളത്തിൽ എത്തിയ ഗോപാൽ, സ്വന്തം കുടുംബത്തിൻറെ ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടി തുച്ഛമായ ശമ്പളത്തിൽ പല ജോലികളും ചെയ്തു.


സമ്പന്നനായ കലന്തൻഹാജിയുടെ വീട്ടിൽ ചെറുമകന്റെ കല്യാണാവശ്യമായി 250 രൂപ കൂലിക്ക് പണിയെടുക്കാൻ ഗോപാൽ ചെല്ലുന്നു. എന്തു ജോലിയാണ് ചെയ്യേണ്ടത് എന്നു മനസിലാകാതെ ചെല്ലുന്ന അദ്ദേഹം, കല്യാണം ആവശ്യം കഴിഞ്ഞു ബാക്കിവന്ന ബിരിയാണി കുഴിച്ചുമൂടാനുള്ള കുഴിയെടുക്കാൻ ആണ് അയാളെ വിളിച്ചതെന്ന്  അവസാന നിമിഷത്തിൽ തിരിച്ചറിയുന്നു. പഞ്ചാബിൽ നിന്നും കൊണ്ടുവന്ന ബസ്മതി അരിയുടെ ചെമ്പ് കണക്കിന് ബിരിയാണി.  അതിനു മനസ്സില്ലാതിരുന്ന അയാൾ അവസാനം നിർബന്ധത്തിന് വഴങ്ങി ചെയ്യേണ്ടതായി വരുന്നു. കഥാവസാനം തന്റെ മകളുടെ പേര് ബസ്മതി എന്നായിരുന്നു എന്നും ബസ്മതി അരിയോടുള്ള ഇഷ്ടവും ഓർത്തെടുക്കുന്നു. കുഴിയിൽ മൂടിയ ബിരിയാണി ചവിട്ടി താഴ്ത്താൻ അവശ്യപ്പെടുമ്പോൾ മനസ്സില്ലാ മനസ്സോടെ കുഴിയുടെ  നെഞ്ചിൽ ചവിട്ടി എന്നു കാണാം.  വിശപ്പ് മൂലം മരണമടഞ്ഞ സ്വന്തം മകൾ ബസ്മതിയെ അപ്പോൾ അയാൾ വേദനയോടെ ഓർക്കുന്നു... 


ഈ ചെറുകഥയിൽ മലയാളികൾ ബംഗാളികളോട് കാണിക്കുന്ന വേർതിരിവും അനാദരവും വളരെ ലളിതമായി എഴുത്തുകാരൻ വിവരിക്കുന്നു. വിശപ്പിന്റെ തീവ്രതയെ ഇന്നത്തെ കാലത്തോട് കോർത്തിണക്കി അവതരിപ്പിക്കുകയാണ് സന്തോഷ്‌ എച്ചിക്കാനത്തിന്റെ ബിരിയാണി. വിശപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും, പ്രവാസത്തിന്റെയുമെല്ലാം ഒരു നേർക്കാഴ്ചയുടെ ഉത്തമ ഉദാഹരണമാണ് ഈ ചെറുകഥ. ഏഴു കഥകൾ ചേർത്തതാണ് ഈ പുസ്തകമെങ്കിലും ജീവിത യാഥാർഥ്യങ്ങളുടെ നിറവു കൊണ്ട് 'ബിരിയാണി ' എന്ന തലക്കെട്ടോടു കൂടിയ ആദ്യ കഥ മറ്റുള്ളവയെക്കാൾ ഒരു നൊമ്പരമായി അവശേഷിക്കും എന്നതിൽ ഭിന്നാഭിപ്രായമില്ല. വടക്കൻ മലബാറിലെ കല്യാണങ്ങളിലെ ഭക്ഷണ ധൂർത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നു മരിച്ച മകളെ കുറിച്ചുള്ള വേദനിക്കുന്ന ഓർമ്മകളുമാണ് ബിരിയാണിയുടെ പശ്ചാത്തലം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും നമ്മുടെ ഇന്നത്തെ ജീവിതത്തിൽ നാം കുഴിച്ചുമൂടേണ്ട ചില സംസ്കാരങ്ങളുടെ നേർക്കാഴ്ചയിലേക്കാണ് ബിരിയാണി വിരൽ ചൂണ്ടുന്നത്. 


വിശപ്പ്,  സ്വന്തം നാട് വിട്ടു മറ്റൊരു നാട്ടിൽ പണിയെടുക്കുന്നവരുടെ പ്രയാസങ്ങൾ, ആഡംബരം, ധൂർത്ത്, ദാരിദ്ര്യം, പുതുതലമുറയുടെ മനോഭാവം എന്നിവയുടെ വിവരണങ്ങളിലൂടെ ഈ കഥയുടെ സമകാലിക പ്രസക്തിയേറുന്നു. ഓരോ വ്യക്തിജീവിതത്തെയും ആഴത്തിൽ സ്പര്ശിക്കുന്നതായ ഈ കഥ കണ്ണുനിറയാതെ വായിച്ചു തീർക്കാനാവില്ല. ഏതൊരാളും വായിച്ചിരിക്കേണ്ട ബിരിയാണി എന്ന പുസ്തകത്തിൽ, ബസ്മതി എന്നത് വെറുമൊരു അരിയുടെ പേരല്ല, മറിച്ചു ഏതൊരു വ്യക്തിയുടെയും ഹൃദയം തകർക്കുന്ന ഒരു വേദനയായി മാറുകയാണ്.  ഹൃദയത്തിന്റെ അഴങ്ങളെ തൊടുവാൻ കഴിവുള്ളതായ, മനുഷ്യമനസ്സുകളിൽ ഒരു നോവായി മാറുന്ന  ഈ മികച്ച കൃതി എന്റെ അക്ഷര സഹയാത്രി  ദേവുദാസിന് പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് നല്കുന്നു.

                                                    Snehamol Shaji

                                                    B.Ed 2021-22

                                                    MTCTE

Sunday, September 11, 2022

The God Of Small Things by Arundhati Roy

 

സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി സ്ത്രീക്കും കുടുംബസ്വത്തിൽ തുല്യ അവകാശമാണ് വേണ്ടതെന്ന് വാദിച്ചു ജയിച്ച മേരി റോയുടെ മകളായ അരുന്ധതി റോയിയുടെ ആദ്യത്തെ നോവൽ , The God of Small Things-കുഞ്ഞു കാര്യങ്ങളുടെ തമ്പുരാൻ.1997ൽ ബുക്കർ പ്രൈസ് ഇ നോവലിന് ലഭിച്ചു.

 കോട്ടയത്തെ അയ്മനം എന്ന ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. ഗ്രാമത്തിന്റെ ലാളിത്യവും ബാല്യത്തിന്റെ വിശുദ്ധിയും സന്തോഷവും ദുഃഖവും പ്രണയങ്ങളും നഷ്ടങ്ങളും എല്ലാമടങ്ങിയ മികച്ച ഒരു സൃഷ്ടി . റാഹേൽ , എസ്താൻ എന്നീ രണ്ട് ഇരട്ടകളുടെ കഥയാണ്. റാഹലിന്റെ കണ്ണുകളിലൂടെയാണ് ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുന്നത്. അമ്മു , ബാബ , മന്മാച്ചി , പപ്പാച്ചി , ബേബി കൊച്ചമ്മ, മാഗ്രറിറ്റ് കൊച്ചമ്മ ,ചാക്കോ സോഫി മോൾ എന്നിങ്ങനെ വെളുത്ത കഥാപാത്രങ്ങളുടെ പേരുകളിലും ഒരു നാട്ടുചുവ നമുക്ക് അനുഭവപ്പെടാം. ഒരു കാലത്തിൻറെ നേർക്കാഴ്ച എന്നോണം കേരളീയ ജീവിത സാഹചര്യം പശ്ചാത്തലമാക്കി എഴുതിയ ഈ കൃതി ലോകസാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ സവിശേഷമായ രചനാശൈലിയും അതുപോലെ അതിന്റെ ഭാഷാപ്രയോഗവും കൊണ്ടാണ് . ബാല്യത്തിന്റെ നിഷ്കളങ്കത ഇത്ര മനോഹരമായി ആവിഷ്കരിച്ച മറ്റൊരു നോവലില്ല . വെളുത്തയും അമ്മുവും പ്രണയത്തെ വർണ്ണിച്ച് ശരിയായ കുഞ്ഞു കാര്യങ്ങളുടെ തമ്പുരാനെ മുന്നിൽ കൊണ്ടുവന്ന് കഥ അവസാനിപ്പിക്കുന്നു . കാലത്തിന്റെയും ചരിത്രത്തിന്റെയും , സാധാരണക്കാരന്റെയും രാഷ്ട്രീയ ഇടപെടലുകളുടെയും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നുളവായ സാമൂഹികമായ മാറ്റത്തെയും , തൊട്ടുകൂടാത്തവരെയും തൊടാവുന്ന വരെയും തമ്മിലുള്ള അകലങ്ങളെ പറ്റി എല്ലാം നോവലിൽ വരച്ചു കാട്ടുന്നുണ്ട്. തങ്ങളുടെ കാലടികൾ പതിഞ്ഞ കാൽപ്പാടുകൾ മായ്ച്ചു കളയാനായി കൈയിൽ ചൂലുമായി പിന്നോട്ട് നടന്ന് അടിച്ചുമാറ്റി കളഞ്ഞവരുടെ കാലം ഇന്ന് എത്രപേർക്ക് ചിന്തിക്കാനാവും. അഭിലാഷ് തിയേറ്ററിൽ സിനിമ കാണാൻ പോകുമ്പോൾ എസ്തയ്ക്ക് നേരിടേണ്ടി വന്നതിലൂടെ ആൺകുട്ടികൾ പോലും ഈ സമൂഹത്തിൽ സുരക്ഷിതരല്ല എന്ന് അരുന്ദതി പറയുന്നു .എവിടെയും ചൂഷണങ്ങൾ നിറഞ്ഞു നിൽക്കുന്നു . അമ്മു എന്ന സ്ത്രീ കഥാപാത്രവും വളരെ ശക്തമാണ് അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാത്ത സ്വപ്നങ്ങൾ മനസ്സിലാക്കാത്ത സമൂഹത്തോട് അവൾ ഒറ്റയ്ക്ക് ഒരുപാട് പോരാടി. സ്ത്രീയുടെ ജീവിതം ഒച്ചയില്ലാതെ ഒഴുകുന്ന നദി പോലെയാണെന്ന് അരുന്ധതി തുറന്നു എഴുതുന്നു . വെളുത്ത യിലൂടെ ഇരട്ടകൾ നന്മകൾ അറിയുന്നു .അവൻ മണ്ണിലെവിടെയും കാൽപ്പാടുകൾ അവശേഷിപ്പിച്ചില്ല ,വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാക്കിയില്ല, കണ്ണാടികളിൽ പ്രതിബിംബങ്ങൾ വീട്ടിലില്ല പക്ഷേ കുഞ്ഞുങ്ങളുടെ ഇടയിലേക്ക് കുഞ്ഞുമനസുമായി അവനിറങ്ങിച്ചെന്നു. അതാണ് വെളുത്തയെ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാനായി മാറ്റുന്നത്.ഗ്രാമത്തിന്റെ ചൂടും ചൂരും അറിയുവാനും അവ ആസ്വദിക്കുവാനും നമ്മൾ ശ്രദ്ധിക്കണം എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.  ഗ്രാമത്തിന്റെ എല്ലാവിധത്തിലേയും ലാളിത്യവും ബാല്യത്തിന്റെ വിശുദ്ധിയും കളങ്കമില്ലാത്ത മനസ്സിൽ നിന്ന് വരുന്ന ഓരോ ചോദ്യങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും അവരിലെ നിഷ്കളങ്കതയും അതോടൊപ്പം പ്രണയവും നഷ്ടങ്ങളും എല്ലാം അടങ്ങിയ ഒരു മികച്ച സൃഷ്ടി ,എൻ്റെ അക്ഷരസഹയാത്രി നിയതിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് നൽകുന്നു.

                                                   Fida Thasneem

                                                   B.Ed 2021-22

                                                   MTCTE

Tuesday, September 6, 2022

Ramachi by Vinoy Thomas


2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ചെറുകഥ. 2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ചെറുകഥ സമാഹാരമാണ് വിനോയ് തോമസിന്റെ  "രാമച്ചി" .എഴുത്തുകാരൻ തന്റെ രചനയിൽ പുലർത്തുന്ന ആത്മാർത്ഥതയുടെ പരിപൂർണ്ണതയാണ് അദ്ദേഹത്തിൻ്റെ കഥകൾക്ക് സവിശേഷത നൽകുന്നത് എന്ന് രാമച്ചിയിലൂടെ വ്യക്തമാകുന്നു.  രാമച്ചി, മൂർഖൻ പാമ്പ്, ഉടമസ്ഥൻ,വിശുദ്ധ മഗ്നലന മറിയത്തിന്റെ പള്ളി,  അരി, മിക്കാനിയ മൈക്രാന്ത, തുടങ്ങി 7  വൈവിധ്യമാർന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം . ഓരോ കഥയും പുത്തൻ അനുഭവങ്ങൾ വായനക്കാരന് പ്രധാനം ചെയ്യുന്നവയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തെ കഥയിലുടനീളം കാണാം . കഥാപാത്രങ്ങളും അവയുടെ ചരിത്രവും അവർ തുടർന്ന് കൊണ്ട് പോരുന്ന സംസ്കാരവും അതിൽ അടങ്ങിയിരിക്കുന്ന പ്രദേശികമായ വ്യവഹരങ്ങളും ഈ കഥകളെ വേറിട്ടതാക്കുന്നു. വിവരണങ്ങളാൽ സമൃദ്ധമാണ് രചനാശൈലി,  എന്നാൽ അതൊരിക്കലും കഥയുടെ  സ്വാഭാവികമായ ഒഴുക്കിന് തടസ്സം നിൽക്കുന്നവയല്ല; മറിച്ച് ആഖ്യാനത്തെ സൂക്ഷ്മമാക്കുകയാണ്. തന്റെ  നാടിന്റെ പ്രാദേശികതയെ, ഭൂവിഭാഗ സവിശേഷതകളെ, ജനസംസ്കാരത്തെ യഥാർത്ഥമായി അവതരിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. വിനോയ്  തോമസിന്റെ കഥാപാത്രങ്ങൾക്ക് പറയനുള്ളതും വ്യത്യസ്ത ആശയതലങ്ങളാണ്. 'രാമച്ചി'യിലെ മഞ്ഞമുത്തിയും, 'മൂർഖൻ പാമ്പിലെ' വിഘ്നേശും, 'ഇടവേലിക്കാർ' എന്ന കഥയിലെ രവിയും എല്ലാം വെളിച്ചം വീശുന്നത് അവനവന്റെ സ്വത്വബോധത്തിലേക്കാണ്. കാടിന്റെ സൂക്ഷ്മതയും,നാടിന്റെ തനിമയും, മനുഷ്യന്റെ സ്വത്വബോധവും ഉൾചേരുന്ന ഈ പുസ്തകം ഉത്തരാധുനിക കഥാസാഹിത്യത്തിൽ പഠനവിധേയമാകേണ്ട ഒന്നാണ്.സമാഹാരമാണ് വിനോയ് തോമസിന്റെ " രാമച്ചി" .എഴുത്തുകാരൻ തന്റെ രചനയിൽ പുലർത്തുന്ന ആത്മാർത്ഥതയുടെ പരിപൂർണ്ണതയാണ് അദ്ദേഹത്തിൻ്റെ കഥകൾക്ക് സവിശേഷത നൽകുന്നത് എന്ന് രാമച്ചിയിലൂടെ വ്യക്തമാകുന്നു.   തന്റെ  നാടിന്റെ പ്രാദേശികതയെ, ഭൂവിഭാഗ സവിശേഷതകളെ, ജനസംസ്കാരത്തെ യഥാതഥമായി അവതരിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. വിനോയ്  തോമസിന്റെ കഥാപാത്രങ്ങൾക്ക് പറയനുള്ളതും വ്യത്യസ്ത ആശയതലങ്ങളാണ്. 'രാമച്ചി'യിലെ മഞ്ഞമുത്തിയും, 'മൂർഖൻ പാമ്പിലെ' വിഘ്നേശും, 'ഇടവേലിക്കാർ' എന്ന കഥയിലെ രവിയും എല്ലാം വെളിച്ചം വീശുന്നത് അവനവന്റെ സ്വത്വബോധത്തിലേക്കാണ്. കാടിന്റെ സൂക്ഷ്മതയും,നാടിന്റെ തനിമയും, മനുഷ്യന്റെ സ്വത്വബോധവും ഉൾചേരുന്ന ഈ പുസ്തകം ഉത്തരാധുനിക കഥാസാഹിത്യത്തിൽ പഠനവിധേയമാകേണ്ട ഒന്നാണ്.

                                                      Nikhil Thomas

                                                      B.Ed 2021-22

                                                      MTCTE

Odayil ninnu by P. Kesavadev


നിസ്വാർത്ഥമായ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന, പ്രതിഫലമാഗ്രഹിക്കാത്ത, സ്നേഹത്തെ പങ്കുവെക്കുന്ന, സ്വാർതഥയുടെ ലോകത്തിൽ വിടരുന്ന സ്നേഹത്തിൻ്റെ പുഷ്പമാണ് ‘ഓടയിൽ നിന്ന്’ എന്ന കലാസൃഷ്ടി. 1965ൽ സിനിമയായി പുറത്തുവന്ന ഈ നോവലിന് നാഷണൽ അവാർഡ് നേടി കൊടുത്തു എന്നതുതന്നെ ഈ നോവലിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പി.കേശവദേവിന്റെ മനുഷ്യദർശനത്തെ സമ്പൂർണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്ന് കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്ക് പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.

റിക്ഷക്കാരനായ പപ്പു തന്റെ റിക്ഷ തട്ടി വീഴുന്ന ഒരു പെൺകുട്ടിയെ പിടിച്ചെണീൽപ്പിക്കുന്നു. കൈപിടിച്ചുയർത്തിയശേഷമാണ് അയാൾ അറിയുന്നത് അവൾ അനാഥയാണെന്ന്. അയാൾ അവളെ സ്വന്തം കുഞ്ഞായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോകുന്നു. റിക്ഷ വലിച്ച് അയാൾ കുട്ടിയെ വളർത്തി വലിയവളാക്കുന്നു. ഈ യാത്രയിലെല്ലാം അയാൾ തന്നെ സ്വയം അവഗണിക്കുന്നു. പരിഷ്കരണത്തിലേക്ക് വളർന്ന അവളെ വിവാഹം കഴിപ്പിക്കുന്നു.


വിവാഹം പുതിയ ഗൃഹപ്രവേശമാണ്. അവിടെ പലതിന്റെയും നിറങ്ങൾ മാറുന്നു. പുതിയ പശ്ചാത്തലത്തിന്റെ വെട്ടത്തിൽ അവൾക്ക് അയാളുടെ സാന്നിധ്യം അസ്വസ്ഥതയുളവാക്കുകയാണ്. അയാളുടെ സാമീപ്യം, തൊഴിൽ, നിറം, മണം എല്ലാം. പുതുജീവിതം പഴയകാലത്തിന്റെ നിലകളെ നിഷേധിക്കും. പപ്പു ചുമയ്ക്കുന്നത് മകൾക്ക് വിരക്തിയാകുന്നു. അയാളോ, ക്ഷയം നെ‍ഞ്ചിൻകൂടിൽ ഒളിപ്പിച്ചു കൊണ്ടാണ് തന്റെ ലക്ഷ്യത്തിലേക്ക് ഇത്രയും നാൾ ഇടറി നീങ്ങിയത്. ഒരു ലക്ഷ്യം സാധിച്ചു കഴിഞ്ഞാൽ അത്രയും നാൾ ഒളിഞ്ഞിരുന്ന രോഗം ശരീരത്തെ പൊളിച്ചു പുറത്തു ചാടും. പപ്പു ക്ഷയരോഗിയാകുന്നു. പിന്നെ, അസ്വസ്ഥകരമായ തന്റെ സാന്നിധ്യം ഒഴിവാക്കിക്കൊടുത്ത് അയാൾ വീടുവിട്ട് ഇറങ്ങുന്നു.


എത്രയോ മനുഷ്യരുടെ പ്രതീകമാണ് പപ്പു. സ്നേഹരഹിതമായ ലോകം സ്വാർത്ഥതയ്ക്കു മാത്രം ഊന്നൽ കൊടുക്കുകയും സ്നേഹിക്കപ്പെടേണ്ട ഇടങ്ങളിൽ അവഗണന വാരി നിറയ്ക്കുകയും ചെയ്യുന്ന മനുഷ്യരുടെ ലോകമാണിത്. അതിനെ അത്രയും ലാളിത്യവത്കരിച്ചാണ് കേശവദേവ് അവതരിപ്പിച്ചിട്ടുള്ളത്. മനുഷ്യന്റെ അടിസ്ഥാനസ്വഭാവം സങ്കടമാണെന്നും അതിൽ തന്നെ അവൻ അവസാനിക്കുകയും ചെയ്യുമെന്നും നോവൽ പറഞ്ഞു വയ്ക്കുന്നു.

ഓടയിൽ നിന്ന് എന്ന ഈ മനോഹരമായ നോവൽ എൻ്റെ അക്ഷരസഹയത്രിയായ ശ്രീപ്രിയക്ക് ഞാൻ സ്നേഹപൂർവം സമ്മാനിക്കുന്നു... പിറന്നാൾ ആശംസകൾ ശ്രീപ്രിയ.

                                                Simi Maria K S

                                                B.Ed 2021-22

                                                MTCTE