scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Tuesday, June 21, 2022

Naalukettu by M.T Vasudevan Nair

 

അക്ഷരകുലപതിയായ എം. ടി വാസുദേവൻ നായരുടെ സാഹിത്യ വൈഭവം ജനങ്ങളിൽ എത്തിച്ച നോവലാണ് 1958- ൽ പ്രസിദ്ധീകരിച്ച നാലുകെട്ട്. അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും, ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരഗൃഹങ്ങളും, വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി  ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹിക ചരിത്രമാവുന്നതിന്റെ ഒരുദാഹരണവുമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യ വാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന. ഇതിലെ പ്രധാന കഥാപാത്രമായ അപ്പുണ്ണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും, അവനു നേരിടേണ്ടി വരുന്ന ഓരോ പ്രശ്നങ്ങളും, അവൻ അത് തരണം ചെയ്ത് മുന്നേറുന്നതുമാണ് കഥയുടെ ഇതിവൃത്തം. 

ഉയർന്നു നിൽക്കുന്ന തറവാട് പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും ഇടയിൽ വളരേണ്ടിയിരുന്ന ഒരാളായിരുന്നു അപ്പുണ്ണി. എന്നാൽ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഇടയിലായിരുന്നു അവൻ വളർന്നത്. ഗ്രാമീണ പശ്ചാത്തലത്തിലേക്ക് നമ്മളെ കൈ പിടിച്ചു കൊണ്ടുപോകുന്ന കഥാവതരണമായിരുന്നു എം ടിയുടേത്. ഈ നോവൽ വായിച്ചുകഴിഞ്ഞ ഏതൊരു വായനക്കാരന്റെയും മനസ്സിൽ ആ നാലുകെട്ടും അതിന്റെ ചുറ്റുപാടുകളും നിറഞ്ഞു നിൽക്കുന്നുണ്ടാവും. എന്റെ അക്ഷര സഹായത്രിയായ ദൃശ്യക്ക് ഞാൻ ഈ നോവൽ സ്നേഹത്തോടെ സമ്മാനിക്കുന്നു, അതോടൊപ്പം പിറന്നാൾ ആശംസകളും നേരുന്നു.

                                                       ഐശ്വര്യ V.K

                                                       B.Ed 2022-23

                                                       MTCTE   


                     

                                                    

Neermathalam Pootha Kalam by Madhavikkutty

 


Thursday, June 16, 2022

Manjaveyil Maranangal by Benyamin


ബെന്യാമിൻ്റെ  ഉദ്യോഗജനകമായ പുതിയ നോവൽ 'മഞ്ഞവെയിൽ മരണങ്ങൾ'. നോവലിനെ പറ്റിയുള്ള വിലയിരുത്തൽ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. സൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈമെയിൽ, ഓർക്കൂട്ട്, ഫേസ്ബുക്ക് എന്നതൊക്കെ സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്. നോവലിൽ, കഥയെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകങ്ങളായ് തന്നെ ഇവയെല്ലാം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

വ്യാഴച്ചന്ത എന്ന സൗഹൃദകൂട്ടവും കഥയെ മുന്നോട്ടു നയിക്കുന്നത മുഖ്യ ഘടകം തന്നെ യാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളൊക്കെ ബെന്യാമിനെ പോലെതന്നെ ബഹറിനിൽ ജോലിചെയ്യുന്ന  അനിൽ വേങ്ങോട്, നട്ടപ്രാന്തൻ, സലീം, സുധീഷ് മാഷ്, ബിജു എന്നീ സുഹൃത്തുക്കളാണ്. ജീവിച്ചിരിക്കുന്നവർ നോവലിൽ കഥാപാത്രമായി വരുന്നത് സാഹിത്യലോകത്ത് ഇതാദ്യമായ് ഒന്നുമല്ല.  പക്ഷേ അവരൊക്കെ കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്രയേറെ പ്രാധാന്യം വഹിക്കുന്നത് ആദ്യമായിട്ടാകാനാണ് സാധ്യത. വാഴച്ചന്തകാർക്ക് പ്രത്യേക സൗഹൃദമുണ്ടെന്നതാണ് വായനയിൽ എന്നെ ഏറെ ആഹ്ലാദിപ്പിച്ച വസ്തുത.

എൻ്റെ  സഹപ്രവർത്തകയും അക്ഷര സഹയാത്രിയുമായ ഷൈനി ടീച്ചർക്ക് പിറന്നാൾ സമ്മാനമായി ഈ പുസ്തകം സമ്മാനിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ഒപ്പംതന്നെ എൻെറ പിറന്നാൾ ആശംസകളും നേരുന്നു.
                                                  Surendran P.G
                                                  Librarian
                                                  MTCTE

Wednesday, June 15, 2022

Anubhavam, Orma, Yathra by Benyamin

 

എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രിക സ്നേഹശ്രീക്ക് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.അതോടൊപ്പം പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ അനുഭവം, ഓർമ്മ, യാത്ര എന്ന പുസ്തകം ഞാൻ സമർപ്പിക്കുന്നു.എഴുത്ത് എന്ന നിയോഗം സമ്മാനിച്ച  സർഗാത്മകമായ ഏകാന്തതയെ നിർമ്മലവും അഗാധവുമായ  അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിൻ. മുളന്തണ്ടിലെ മുറിവിലൂടൊ ഴുകുന്ന സംഗീതംപോലെ, ഓർമ്മയെ സജീവമാക്കുന്ന പ്രാർത്ഥനപോലെ, എല്ലാ ഹൃദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണർത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ,ഓർമ്മകളുടെ യാത്രകളുടെ പുസ്തകം.

                                                        Syamala K

                                                        MTCTE

One Indian Girl by Chetan Bhagat


എന്റെ പ്രിയ അക്ഷര സഹയാത്രിക അഞ്ജലിക്ക് പിറന്നാളാശംസകൾ നേരുന്നു. പിറന്നാൾ ദിനത്തിൽ ഞാൻ അഞ്ജലിക്ക് സമ്മാനമായി നൽകുന്നത്,പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ "വൺ ഇന്ത്യൻ ഗേൾ" എന്ന പ്രശസ്തമായ നോവലാണ്. 

ഇത് രാധികമേത്ത എന്ന ഒരു പെൺകുട്ടിയുടെ കഥയാണ്.അവളുടെ കുടുംബം ഒരു സാധാരണ കുടുംബം ആ യിരുന്നു.അവളുടെ കല്യാണം ഏഴ് ദിവസം കഴിഞ്ഞ് ഗോവയിൽ വച്ച് നടക്കുകയാണ്. അതിനുവേണ്ടി അവളും അവളുടെ കുടുംബവും സുഹൃത്തുക്കളും അവളെ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തിയും കുടുംബവും സുഹൃത്തുക്കളും എല്ലാം അവിടെ എത്തിച്ചേർന്നിരിക്കുന്നു. അവിടെ വെച്ച് രാധിക അപ്രതീക്ഷിതമായി രണ്ട് വ്യക്തികളെ കാണുകയാണ്. 

രാധികമേത്ത എന്ന കഥാപാത്രം വളരെ ചെറിയ പ്രായത്തിൽ തന്നെ കരിയറിൽ എത്രത്തോളം നേടിയെടുക്കാൻ സാധിക്കുന്നുവോ അത്രത്തോളം നേടിയെടുത്ത വ്യക്തിയാണ്. രാധിക കരി യറിൽ സക്സസ് ഫുൾ ആയ വ്യക്തി ആണെങ്കിലും, ജീവിതത്തിൽ അവൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചേതൻ ഭഗത് എന്ന എഴുത്തുകാരൻ ഈ ഒരു നോവലിലൂടെ ഇന്ത്യയിലെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും സമൂഹത്തിലെ ലിംഗഅസമത്വം, വ്യക്തിത്വം, ലിബറലിസം, ഫെമിനിസം എന്നിവയെക്കുറിച്ചും പറയുന്നു.

                                                    Snehasree K.C

                                                    B.Ed 2022-23

                                                    MTCTE

Nananju Theertha Mazhakal by Deepa Nisanth


കുത്തിയൊലിച്ച ഓർമ്മകളുടെ നിറങ്ങളെ തട കെട്ടി നിർത്തിയ പ്രിയപ്പെട്ട എഴുത്തുകാരി ദീപാ നിശാന്തിന്റെ ഓർമ്മകൾ പറയുന്ന പുസ്തകമാണ് "നനഞ്ഞു തീർത്ത മഴകൾ". പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരി പറയുന്നുണ്ട് 'മഴയെ കേൾക്കും പോലെ എന്നെ കേട്ടാലും' എന്ന്. അവർ പറഞ്ഞത് പോലെ ഓരോ താളും മറിക്കുമ്പോൾ ഞരമ്പു പൊട്ടിയൊലിച്ച മേഘങ്ങളെ പോലെ ആർത്തിയായിരുന്നു അവരുടെ ഓർമ്മകളുടെ മഴ നനയാൻ. 

മിഠായി ഭരണികളിലെ മധുരം നുണഞ്ഞ എഴുത്തുകാരിയുടെ ബാല്ല്യത്തെ കുറിച്ചും, തന്റെ വിദ്യാർത്ഥി ജീവതത്തെ കുറിച്ചും, ദാമ്പത്യത്തെ കുറിച്ചുമെല്ലാം അതിന്റെ ഭംഗി നഷ്ടപ്പെടുത്താതെ ചേർത്ത് വച്ചിരിക്കുന്നു.  കുരുത്തക്കേടും കുശുമ്പും കീശയിൽ ഒളിപ്പിച്ച നിഷ്കളങ്ക ബാല്ല്യത്തിന്റെ നേർരേഖയാണ് ടീച്ചറും സജുവും സോജയുമെല്ലാം. 

കൂടാതെ ഒരു അധ്യാപക വിദ്യാർത്ഥിയായിരുന്ന കാലത്തുള്ള അനുഭവങ്ങളെയും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഉച്ച കഞ്ഞി കിട്ടാനായിട്ട് സ്ക്കൂളിലെത്തുന്ന കുട്ടികളെ കുറിച്ചും, അനാഥരായ കുഞ്ഞുങ്ങളുടെ വേദനയുമെല്ലാം കാണാം. ചില കുട്ടികളുടെ നിഷ്ക്കളങ്ക സംസാരത്തിൽ നിന്നുണ്ടാവുന്ന അധ്യാപന ജീവിതത്തിലെ ചില തിരിച്ചറിച്ചവുകളെ കുറിച്ചുമെല്ലാം ഭംഗിയായി വർണിച്ചിരിക്കുന്നു.അവരുടെ മനസ്സ് മരവിച്ച മരണങ്ങളെയും, അമ്മത്തണലിലെ നല്ല പനിയോർമ്മകളും, പ്രണയവും, ബുദ്ധിക്കുറവുള്ള വറീതാപ്ലയുടെ അദ്ഭുതപ്പെടുത്തിയ പ്രവർത്തിയുമെല്ലാം മഴയെ കേട്ടത് പോലെ കേൾക്കാൻ കഴിയുന്നു.. 

എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി കെവിന് സ്നേഹത്തോടെ ഈ പുസ്തകം സമ്മാനിക്കുന്നു.

                                        Athira Poonthottathil

                                        B.Ed 2022-23

                                        MTCTE

Vishakanyaka by S.K Pottekkatt


മനുഷ്യമനസ്സുകളിലൂടെ അന്വേഷണ യാത്രകൾ നടത്താറുള്ള എസ്. കെ പൊറ്റക്കാടിൻെറ രചനകളിൽ അധികം ശ്രദ്ധിക്കാതെപോയ ഒരു ചെറിയ നോവൽ, 'വിഷകന്യക'. 'എസ്. കെ പൊറ്റെക്കാടിൻറെ സമ്പൂർണ്ണ വിജയം പ്രസ്ഥാവിക്കുന്ന നോവൽ' അങ്ങനെയാണ് ഈ പുസ്തകത്തിൻെറ അവതാരികയിൽ പ്രൊഫ. എൻ. കൃഷ്ണപിള്ള വിലയിരുത്തുന്നത്.

വ്യക്തിചരിത്രം പ്രഖ്യാപിക്കുക എന്നതിലപ്പുറം സാമൂഹികചരിത്രം പ്രഖ്യാപിക്കുന്ന ഒരു നോവൽ കൂടിയാണിത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിൻെറ കഥ പറയുന്ന ഒരു അസാധാരണ നോവൽ എന്നും പറയാം. 

വ്യക്തികളല്ല ഈ കഥയിലെ നായകൻ, കർഷകകൂട്ടങ്ങളാണ്. നായികയോ, പ്രകൃതി അഥവാ ഭൂമി. നായിക നായകനെ തന്നിലേക്ക് ആകർഷിച്ചു വരുത്തുകയാണ്.തൻ്റെ കടാക്ഷംകൊണ്ട് ദൂരെയുള്ള നായകനെ തന്നിലേക്ക് വലിച്ചടുപ്പിച്ച്കൊണ്ട് അവൻ്റെ രക്തവും, അധ്വാനവും, ബുദ്ധിയും ശരീര ശക്തിയുമെല്ലാം ഉപഹാരമായി സ്വീകരിച്ച് അവളുടെ വിഷജന്യമായ ശരീരത്തോട് ആശ്ലേഷിച്ചുകൊണ്ട് അവനെ നശിപ്പിക്കുന്ന നായിക. ഈ വിഷഭൂമിയിൽ പ്രശ്നങ്ങളിൽ അകപ്പെട്ട് സ്വയം പരാജിതരായിപോകുന്ന ഒരുകൂട്ടം കർഷകർ.

കുറച്ച് പേജുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് പോകുന്ന കുറെയേറെ കഥാപാത്രങ്ങളെ ഈ നോവലിൽ കാണാം. മാത്തനും അയാളുടെ ഭാര്യ മറിയവും, വർഗീസും വർക്കിമാഷുമെല്ലാം ഇപ്പോഴും എൻറെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു ജനതയുടെയും കാലഘട്ടത്തിൻറെയും ചരിത്രം പറയുമ്പോഴും വിരസമായ ചരിത്രാഖ്യായുടെ തലത്തിലേക്ക് പോകാതെ മനുഷ്യൻ്റെ വികാരവിചാരങ്ങളും നിഗൂഢ മോഹങ്ങളും ഈ പുസ്തകത്തിൽ വിഷയങ്ങളാകുന്നുണ്ട്. അതുകൊണ്ടുതന്നെ 75 വർഷങ്ങൾക്കിപ്പുറവും വിഷകന്യകയുടെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല.

കാടിനോടും, മണ്ണിനോടും, പ്രകൃതിയോടു മെല്ലാം സ്നേഹവും കരുണയും സൂക്ഷിക്കുന്ന പ്രിയപ്പെട്ട അക്ഷര സഹയാത്രിക്ക് ഏറെ സ്നേഹത്തോടെ ഈ പുസ്തകം സമ്മാനിക്കുന്നു.

                                            Chandana S Mohan

                                            B.Ed 2022-23

                                            MTCTE


Khasakkinte Ithihasam by O.V Vijayan


എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രികൻ MR. ജിജു തോമസിന് പിറന്നാൾ ആശംസകൾ ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു. 

ഈ പിറന്നാൾ ദിനത്തിൽ ഞാൻ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ ഒ.വി.വിജയൻ സാറിന്റെ തിരഞ്ഞെടുത്ത സാഹിത്യ കൃതിയായ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലാണ്. 

ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ രവിയുടെ ജീവിതയാത്രയുടെ രത്ന ചുരുക്കമാണ് ഖസാക്കിന്റെ ഇതിഹാസം. രവിയുടെ കഥയിൽ ഒപ്പം നിൽക്കുന്നവർ അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, കുപ്പുവച്ചൻ, മാധവൻ നായർ, മൈമുന, ഖാലിയാർ എന്നിവരാണ്.ഇതിലെ കഥാപാത്രങ്ങളെല്ലാം സ്വന്തമായ വ്യക്തിത്വം കാത്ത് നിലനിർത്തുന്നുണ്ട്

പാലക്കാടിന്റെ ഗ്രാമഭംഗി വിളിച്ചോതുന്ന ധാരാളം കഥാസന്ദർഭങ്ങൾ ഈ കഥയിൽ ചേർക്കുന്നതിനായി കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്.  ഈ ആധുനിക കാലഘട്ടത്തിൽ, ഏതൊരു വായനക്കാരനെയും ഒരു കാലഘട്ടത്തിന്റെ ജീവിതം വരച്ചു കാണിക്കുന്നതിന് സഹായകമാകുന്നു ഈ കൃതി. 

നായകന്റെ അതിദാരുണമായ വിയോഗത്തോടെ കഥ അവസാനിക്കുമ്പോഴും, ഒരിക്കലും വായനയിലൂടെ പരിചിതമായ ഈ ഇതിഹാസകൃതി നമ്മുടെ മനസ്സിൽ നിന്നും മരിക്കുന്നില്ല.

                                                     Smitha Bince

                                                     MTCTE

Randidangazhi by Thakazhi Sivasankara Pillai


പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദിതരുമായ കുട്ടനാട്ടിലെ കർഷക തൊഴിലാളികൾ  വർഗബോധത്തോടെ ഉണർന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്വലവും വികാരനിർഭരവുമായ കഥയുടെ ഹൃദയാവർജ്ജകമായ ആവിഷ്കരണം. എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും  വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കൃതി. ലോക പ്രശസ്തനായ തകഴിയുടെ വിശ്വവിഖ്യാതമായ നോവലുകളിലൊന്ന്, രണ്ടിടങ്ങഴി. ചരിത്രം എന്നത് കൂലിയെഴുത്തുകാരുടെ സാഹിത്യമായി മാത്രം പരിണമിക്കുമ്പോൾ ശക്തമായ നോവലുകൾ നേരിന്റെ പക്ഷത്തു നിലനിന്നുകൊണ്ട് അനീതിയെ എതിർക്കുന്നുണ്ട്. അത്തരമൊരു കൃതിയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി.

മാർക്സിയൻ പ്രത്യയശാസ്ത്രം ഇന്ത്യയിൽ ശക്തി പ്രാപിച്ചുയരുന്ന കാലത്ത് ആ സന്ദേശങ്ങൾ അത്ര തീവ്രമായി കടന്നു ചെന്നിട്ടില്ലാത്ത കുട്ടനാടാണ് നോവലിലെ കഥാപശ്ചാത്തലം. പ്രത്യയ ശാസ്ത്രത്തിന്റെ സൈദ്ധാന്തിക പാഠം പഠിക്കാതെ തന്നെ തനിക്കു ചുറ്റും നടക്കുന്ന ചൂഷകവർഗത്തിന്റെ വിളയാട്ടം കണ്ട് സ്വയം തിരിച്ചറിവ് നേടുകയാണ് കോരൻ. പടിപടിയായി അവനിൽ ഉയരുന്ന വർഗ്ഗബോധം കർഷകരിൽ ആകമാനം ഉണർത്തുന്നു. അവരെ സംഘടിപ്പിച്ചു പ്രക്ഷോഭത്തിലേക്കു നീങ്ങുന്നതും അതിലൂടെ ജീവിതം തന്നെ നഷ്ടമാകുന്നു എങ്കിലും സമരമാണ് നല്ലതെന്നു അവൻ ചിന്തിക്കുന്നു.

ജന്മിയായ  പുഷ്പവേലിൽ ഔസെപ്പിന്റെ ഓണപ്പണിക്കാരൻ ആണ് കോരൻ. ജന്മിയുടെ നിലത്താണെകിലും നിലം പാകപ്പെടുത്തി, വളമിറക്കി, വിത്തിറക്കി, കൊയ്യാൻ പാകമാക്കി. കൊയ്ത്തു നേരത്ത് ഒരു കറ്റ കള്ള് കുടിക്കാൻ വേണ്ടി എടുത്തപ്പോൾ ജന്മിയുടെ ആജ്ഞ കാരണം കോരന് അത് തിരികെ വയ്ക്കേണ്ടി വന്നു. അപ്പോഴാണ് ആ നടുക്കുന്ന യാഥാർഥ്യം കോരന് വെളിപ്പെടുന്നത്. തന്റെ അധ്വാനത്തിന് ഫലമെടുക്കാൻ തനിക്ക്‌ അവകാശമില്ല. ജോലി ചെയ്ത് വിളവെടുപ്പ് ആയാൽ അവന് അതിൽ അവകാശമില്ല. ഈ തിരിച്ചറിവ് അവനെ തളർത്തിക്കളഞ്ഞു. അവിടെ നിന്നും അവൻ ഒരു 'ധിക്കാരി'യായി മാറുന്നു.ആ ധിക്കാരം അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.

മലയാള നോവൽ സാഹിത്യത്തിൽ കാലിക പ്രാധാന്യമുള്ള ഈ നോവൽ ഒരുജ്ജ്വല സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ കൂലിക്കും, ഭക്ഷണത്തിനും വേണ്ടി ഇപ്പോഴും സമരം നടത്തുന്ന ഗ്രാമത്ത ലവന്റെയും ജന്മികളുടെയും ഇന്ത്യൻ ഭരണകൂടത്തിന്റെയും കീഴിൽ നരകിക്കുന്ന ജനവിഭാഗങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴുമുണ്ട്. ഇവിടെയാണ് ഈ നോവലിന്റ വാർത്തമാനകാല പ്രാധാന്യം.

എന്റെ പ്രിയപ്പെട്ട അക്ഷരസഹയാത്രി ശ്യാമളേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിച്ചുകൊണ്ട് ഈ പുസ്തകം സമർപ്പിക്കുന്നു

                                                         Sneha S.S

                                                         B.Ed 2022-23

                                                         MTCTE