scroll

An Initiative for promoting Wide Reading among Teaching Community, organized by B.Ed 2021-23 of Mother Teresa College of Teacher Education. Perambra

Thursday, December 29, 2022

Ardhanareeswaran by Perumal Murukan


പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു. ദൈവമല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേൽക്കാനും പോകുന്നില്ല. പുനർജന്മത്തിൽ അയാൾക്കു വിശ്വാസവുമില്ല. ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനിമുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.’ താനെഴുതിയ ‘അർദ്ധനാരീശ്വരൻ’ എന്ന നോവലിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ, തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ രണ്ടരവർഷം മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്.

അർദ്ധനാരീശ്വരൻ അല്ലെങ്കിൽ ഇതിനെ പൊന്നയുടെയും കാളിയുടെയും അവർക്കില്ലാത്ത കുഞ്ഞിന്റെയും കഥയെന്നു പറയാം. കുഞ്ഞില്ലാത്തതിലുള്ള അവരുടെ ദു:ഖത്തെക്കാൾ മറ്റുള്ളവരുടെ പ്രതികരണങ്ങളും കുത്തുവാക്കുകളുമാണ് അവർക്ക് വേദനയാവുന്നത്. ആ വേദനക്ക് പരിഹാരമായ് എത്തുന്ന ദൈവീക പരിവേഷമണിഞ്ഞ ആചാരം മനുഷ്യബന്ധങ്ങളെ പൊള്ളിക്കുന്നതിന്റെ ചിത്രമാണ് അക്ഷരങ്ങളിലൂടെ കഥാകാരൻ വരച്ചു കാണിക്കുന്നത്.

പരസ്യമായ ചില രഹസ്യങ്ങൾ അറിയാത്തതിന്റെയും അറിവാകുന്നതിന്റെയും ഇടയിൽ പൊന്നയും കാളിയും ഭാര്യാഭർതൃബന്ധത്തിന്റെ ബാഹ്യവും ആന്തരികവുമായ വടംവലികളിൽ പെട്ടുപോവുന്നു. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും സ്വത്തിന്റെ അനന്തരാവകാശിയെ തേടാൻ തുടങ്ങുമ്പോൾ, മച്ചിയെന്ന പേരിൽ പലയിടത്തും മാറ്റിനിർത്തപ്പെടുമ്പോൾ ബന്ധങ്ങളുടെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് വെളിവാകുന്നത്.


കുട്ടികൾ ഇല്ലാതിരിക്കുന്നത് ശാപങ്ങളുടെ അനന്തരഫലമെന്ന വിശ്വാസവും ദൈവീകമായ പരിവേഷങ്ങൾ ചാർത്തി നല്കുന്നു. സ്വന്തം തെറ്റും കുറ്റവുമായി വ്യാഖ്യാനിക്കപ്പെടുന്നിടത്ത് എങ്ങിനെയും ഒരു കുട്ടിയുണ്ടാവുക എന്ന നിലയിലെത്തുമ്പോൾ ബന്ധങ്ങളുടെ വിശ്വാസ്യതയ്ക്കു നേരെ കണ്ണടക്കുകയും പകരം ദൈവനിയോഗം എന്ന ഒരു വാക്കിൽ തീർപ്പാക്കുകയുമാണ്. അതിലെ പൊള്ളത്തരങ്ങൾ അറിഞ്ഞുകൊണ്ടും അതിനെ സ്വീകരിക്കുന്നതിലെ വിരുദ്ധതയാണ് നോവലിൽ തുറന്നു കാണിക്കുന്നത്. ഒപ്പം കാലങ്ങളായ് നിലനില്ക്കുന്ന ഒരു വിശ്വാസത്തെ ചോദ്യം ചെയ്യുകയുമാണ്.

വിവാഹമെന്ന കൂട്ടികെട്ടലിലെ സ്നേഹവും പ്രണയവും പാരസ്പര്യവും എല്ലാം എടുത്തു കളഞ്ഞ് വെറും കുട്ടികൾ ഉണ്ടാവാനുള്ള ഒരു വ്യവസ്ഥയായി മാത്രം ചുരുക്കപ്പെടുന്നതിലെ പരാജയം കൂടി തുറന്നു കാണിക്കുന്നു. കൃഷിയിടത്തിലെ വിളവുപോലെയും ആടുമാടുകളുടെ വംശവർദ്ധനവുപോലെയും കുട്ടികൾ ഉണ്ടാവുന്നതിനെയും കണക്കാക്കപെടുകയാണവിടെ.

തമിഴ് ഗ്രാമങ്ങളുടെ ആചാരനുഷ്ഠാനങ്ങളും ജീവിത രീതിയും ചെറിയ കാര്യങ്ങളുടെ പോലും വിശദീകരണങ്ങളിലൂടെ നോവലിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു. ഒപ്പം കഷ്ടകാലങ്ങളിൽ ഒന്ന് ചേരുന്ന വിശ്വാസത്തിന്റെ ചരടുകൾ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ജീവിതങ്ങളും നിറയുന്നു.

വിവാദങ്ങൾക്കും വിലക്കുകൾക്കും അപ്പുറം ഒരുകാലത്ത് രൂഢമൂലമായിരുന്ന ചില വിശ്വാസങ്ങൾ ദൈവീക പരിവേഷത്തോടേ ഒരു ജനതയെ എങ്ങിനെ നിയന്ത്രിച്ചിരുന്നു എന്നത് ജീവിതവും ചരിത്രവും ഇടകലരുന്ന നല്ലൊരു ആഖ്യാനത്തിലൂടെ ശ്രീ മുരുകൻ നമുക്ക് കാഴ്ചവെക്കുന്നു.

                                              Kavyasree T G

                                              B.Ed  2021-23

                                              MTCTE

       

Friday, December 23, 2022

Higuita by N. S Madhavan


മലയാളത്തിന്റെ ജീനിയസ്സാണ് എൻ.എസ്.മാധവൻ എന്ന കഥാകാരൻ. ഉള്ളിലെ അഗ്നികോണിൽ നിന്നുദിച്ചുയരുന്ന വാക്കുകൾ കൊണ്ട് ഈ കഥാകാരൻ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. അനുവാചകരെ വശീകരിക്കുന്ന, വിശുദ്ധീകരിക്കുന്ന, ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിന്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാലോകത്തിലെ മഹാസൗന്ദര്യമാണ് "ഹിഗ്വിറ്റ".

തെക്കന്‍  ഡൽഹി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. സ്കൂളിലെ പി.ടി മാഷിന്‍െറ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്ബാളില്‍ തിളങ്ങുന്ന താരമായിരുന്നു. ഫുട്ബാള്‍ ഭ്രമം അച്ചന്‍െറ രക്തത്തില്‍ കലര്‍ന്നതായിരുന്നു. സാഹിത്യമായിരുന്നു അച്ചന് ഭ്രമം ഉണ്ടായിരുന്ന മറ്റൊരു മേഖല. ആയിടക്ക് ഒരുനാള്‍, ഇടവകാംഗമായ ലൂസി മരണ്ടി എന്ന വീട്ടുവേലക്കാരിയായ ആദിവാസി യുവതി ഗീവറുഗീസച്ചനെ കണ്ട് ഒരു പരാതി പറയുന്നു. ബാലികയായ അവളെ ജോലി വാങ്ങിക്കൊടുക്കാം എന്ന വാഗ്ദാനവുമായി റാഞ്ചിയില്‍നിന്ന് തെക്കന്‍ ദില്ലിയില്‍ എത്തിച്ചത് ജബ്ബാറായിരുന്നു. സ്നേഹം നടിച്ച് അവളെ കൂടെ കൊണ്ടുപോയി ഒരു സേട്ടുവിന് കാഴ്ചവെക്കാനാണ് ജബ്ബാര്‍ ശ്രമിച്ചത്. വിസമ്മതിച്ച ലൂസിയെ അയാള്‍ കഠിനമായി മര്‍ദിച്ചെങ്കിലും ഓടിരക്ഷപ്പെട്ട് ഒരു വീട്ടില്‍ ജോലി സമ്പാദിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. അവളുടെ പുതിയ വാസസ്ഥലം കണ്ടത്തെിയ ജബ്ബാര്‍ തുടര്‍ന്നും ശല്യം ചെയ്തു.

ഒരിക്കല്‍ കുര്‍ബാന കഴിഞ്ഞിറങ്ങുന്ന അച്ചനെ കാത്തുനിന്ന്, താന്‍ ജബ്ബാറിന്‍െറ അടുത്തേക്ക് പോകാന്‍ തീരുമാനിച്ച കാര്യം ലൂസി അറിയിക്കുന്നു. അവന്‍െറ വീട്ടില്‍ വൈകുന്നേരം എത്തിയില്ലെങ്കില്‍ വഴിയില്‍ തടുത്തുനിര്‍ത്തി ആസിഡ് ബള്‍ബ് എറിയും എന്ന ജബ്ബാറിന്‍റെ ഭീഷണിയായിരുന്നു അവളെ ആ തീരുമാനത്തിലേക്ക് നയിച്ചത്. അത് കേട്ടതോടെ അച്ചനില്‍ രോഷം പതഞ്ഞുപൊങ്ങി. അപ്പോള്‍ അച്ചന്‍െറ മനസ്സ് നിറഞ്ഞുനിന്നത് കൊളംബിയന്‍ ഫുട്ബാള്‍ ഗോള്‍കീപ്പര്‍ ആയ ജോസ് റെനെ ഹിഗ്വിറ്റയായിരുന്നു. പോസ്റ്റിലേക്ക് വരുന്ന പന്ത് പിടിച്ചെടുക്കുക എന്ന സ്വന്തം ധര്‍മത്തില്‍ ഒതുങ്ങിനില്‍ക്കാതെ പന്തിനു പിറകെ മൈതാനമധ്യം വരെ എത്തി കിക്ക് ചെയ്യുന്നതിന്‍െറ പേരില്‍ പ്രസിദ്ധനായ ഗോളിയായിരുന്നു ഹിഗ്വിറ്റ.

ഗീവറുഗീസച്ചന്‍ ആയിടെ ഹിഗ്വിറ്റയുടെ ആരാധകനായി മാറിയിരുന്നു. ഗീവറുഗീസച്ചനും സ്വധര്‍മ വ്യതിയാനത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് നാം കാണുന്നത്. പാന്‍റ്സിന്‍െറയും ഷര്‍ട്ടിന്‍െറയും മുകളില്‍ ധരിച്ചിരുന്ന ജപമാലയും ളോഹയും ഊരിവെച്ച അദ്ദേഹം ലൂസിയെ സ്കൂട്ടറില്‍ കയറ്റി ജബ്ബാറിന്‍െറ വീട് ലക്ഷ്യമാക്കി പാഞ്ഞു. മുട്ടുകേട്ട് വാതില്‍ തുറന്ന് ലൂസിയെ കണ്ട ജബ്ബാര്‍ സന്തോഷത്തോടെ അവളെ അകത്തേക്ക് ക്ഷണിച്ചു. അവള്‍ അകത്തേക്ക് കയറുന്നില്ല എന്ന് അച്ചന്‍ തീര്‍ത്തുപറഞ്ഞു. ജബ്ബാര്‍ അച്ചനുനേരെ കൈയുയര്‍ത്തി. താന്‍ ഫുട്ബാള്‍ ഗ്രൗണ്ടിലാണ് എന്ന പ്രതീതിയിലായിരുന്നു അപ്പോള്‍ അച്ചന്‍. കാലുകൊണ്ടും തലകൊണ്ടും മാറിമാറി തട്ടി അച്ചന്‍ ജബ്ബാറിനെ താഴേക്കിടുന്നു. ‘നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കില്‍ നിന്നെ ദില്ലിയില്‍ കണ്ടുപോകരുത്’ എന്ന താക്കീതും നല്‍കി അവനെ അവിടെ ഉപേക്ഷിച്ച അച്ചന്‍ ലൂസിയെ സ്കൂട്ടറില്‍ കയറ്റി തിരിച്ചുപോകുന്നു.

പ്രാര്‍ഥനയിലൂടെയും ഉപദേശങ്ങളിലൂടെയും വിശ്വാസികളെ സദ്വൃത്തരാക്കുന്നതാണ് പുരോഹിത ധര്‍മം. എന്നാല്‍, ഉള്ളില്‍ തിളക്കുന്ന ഫുട്ബാള്‍ വീര്യം ധര്‍മവ്യതിയാനത്തിലൂടെയുള്ള പ്രശ്നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്‍മാറാട്ടത്തിന്‍െറ, വ്യക്തിത്വ പരിണാമത്തിന്‍െറ കലാപരമായ ആവിഷ്കാരം ആയതിനാലാണ് ഹിഗ്വിറ്റ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥയായി മാറിയത്.

                                          Sr. Gracelin K Joseph

                                          MTCTE

Wednesday, December 21, 2022

Sabdangal by Vaikom Muhammad Basheer

 

1947ൽ പ്രശസ്ത സാഹിത്യകാരൻ ബേപ്പൂർ സുൽത്താന്റെ തൂലികയിൽ നിന്നും വിരിയുകയും കനത്ത വിമർശനങ്ങൾക് വിധേയമാവുകയും ചെയ്ത നോവലാണ് ശബ്ദങ്ങൾ. യുദ്ധം, അനാഥത്വം, തൊഴിലി ല്ലായ്മ, രോഗം, വിശപ്പ്, വ്യഭിചാരം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്.

നാൽക്കവലയിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിർന്നപ്പോൾ സൈന്യത്തിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയത്. എന്നാൽ ഈ സൈനികന് ആ ദുര്യോഗമുണ്ടായില്ല. സൈനികന് അയാളുടെ ധീരത സമാധാനകാലത്ത് ഉപജീവനം കണ്ടെത്താൻ തുണയാകുന്നു. ലൈംഗികതയെപ്പറ്റിയുള്ള അയാളുടെ ജിജ്ഞാസയും മറ്റൊരാളുടെ ചതിയും അയാളെ മദ്യലഹരിയിൽ ആദ്യമായി സ്വവർഗ്ഗരതിയിലേയ്ക്ക് നയിക്കുന്നു. അതിലൂടെ അയാൾ രോഗിയാകുന്നു. എന്നതാണ് നോവലിന്റെ കഥാതന്തു.

പതിവ് ബഷീർ കൃതികളിലെ ഹാസ്യമോ ഭാഷയോ ഈ പുസ്തകത്തിൽ കാണാൻ കഴിയില്ല. മറിച്ച് അന്നേവരെ സമൂഹം അറപ്പോടെ അതിന്റെ അതിർവരമ്പുകൾ താണ്ടി നിർത്തിയിരുന്ന പല വിചാരവികാരങ്ങൾക്കും ബഷീർ ശബ്ദങ്ങൾ നൽകി.

ഖസാക്കിന്റെ കഥകാരൻ ഓ. വി വിജയൻ വിലക്കപ്പെട്ട ഈ പുസ്തകത്തെ പറ്റി പറഞ്ഞത് ഇപ്പ്രകാരം ആണ് : പ്രപഞ്ചത്തിന്റെ വിലാപമാണ് ശബ്ദങ്ങൾ. വീണ്ടും വീണ്ടും ഓർത്തു നോക്കുമ്പോൾ ശബ്ദങ്ങളുടെ പൊരുൾ മനസിലാവുന്നു. പ്രപഞ്ചത്തിന്റെ  പ്രാർഥനയാണത്. പാപം  അതിന്റെ ഭാഷയും. അഗതിയെ പോലെ കിടന്നുറങ്ങുന്ന ദൈവത്തെ അത് തട്ടി വിളിക്കുന്നു.

എന്റെ പ്രിയപ്പെട്ട അക്ഷരസഹയാത്രി അമൃതക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകളോടൊപ്പം ഞാനീ പുസ്തകം സമർപ്പിക്കുന്നു.

                                                        Meera k

                                                        B.Ed 2021_23

                                                        MTCTE

Sunday, December 11, 2022

Papathara by Sarah Joseph

 


പെണ്ണിന്റെ ലോകത്തെ കുറിച് തുറന്നെഴുതി കൊണ്ട് മലയാള സാഹിത്യത്തിലേക്ക് കടന്നു വന്ന ഒരു എഴുതുകാരിയാണ്  സാറാ ജോസഫ്. അവരുടെ പാപത്തറ എന്ന കഥയുടെ വരവോട് കൂടിയാണ് പെണ്ണെഴുത്ത് എന്ന പദം ഇത്രയേറെ സുപരിചിതമായത്. തമിഴ് നാട്ടിലെ ഉസലാംപെട്ടി എന്ന ഗ്രാമത്തിൽ പെൺകുട്ടികൾ ജനിച്ചാൽ ഉടൻ അവരെ കൊന്നു കളയുന്ന ഒരു  പ്രവണത നിലനിന്നിരുന്നു. മാത്രമല്ല ഇന്ത്യയിലാകമാനം സ്ത്രീധനത്തിന്റെ  പേരിൽ ധാരാളം  സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ  ജന്മമെടുത്തൊരു  കഥയാണ്  പാപത്തറ. 

പാപത്തറ  എന്ന കഥയിലെ കേന്ദ്ര കഥാപാത്രം  ലക്ഷ്മികുട്ടിയാണ്. ലക്ഷ്മിക്കുട്ടി മൂന്ന്  പ്രസവിക്കുന്നതും പെൺകുഞ്ഞുങ്ങളെയാണ് . പെൺകുഞ്ഞാണെന്ന കാരണത്താൽ അവളുടെ  ഭർത്താവായ  കൊച്ചുനാരായണൻ മൂന്ന്  പെൺകുഞ്ഞുങ്ങളെയും കൊന്നു  കളയുന്നു. നാലാമത്  അവൾ  ഗർഭംധരിച്ചു. അത് ആൺകുഞ്ഞാവാൻ കൊച്ചുനാരായണന്റെ അമ്മ ചില  ആഭിചാരങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ  ലക്ഷ്മികുട്ടിക്  അറിയാം അത്  ആൺകുഞ്ഞായി രൂപാന്തരപ്പെടില്ലെന്നു. പെൺകുട്ടിയെ  പ്രസവിച്ചാൽ, അവൾക്  സ്ത്രീധനം  നൽകണമെന്ന  കാരണത്താൽ കൊന്നു  കളയുമെന്നതിനാൽ അവൾ  പെണ്ണ്  പൂക്കുന്നൊരു  നാടിനെ  സ്വപ്നം  കാണുന്നു. അങ്ങനെയൊരു  നാടുണ്ടായിരുന്നെങ്കിൽ അവളുടെ  കുഞ്ഞിനെ അവിടെ  എത്തിക്കാമായിരുന്നെന്നു  അവൾ  ആഗ്രഹിക്കുന്നു. 

ക്രാന്തദർശിയായ ഒരെഴുത്തുകാരിയാണ്  സാറാ  ജോസഫ് എന്നതിന്റെ  ഉത്തമ  ഉദാഹരണമാണ്  അവരുടെ  ഈ കഥ. ഇന്ന്  സ്ത്രീധനത്തിന്റെ  പേരിൽ പെൺകുട്ടികൾ  അനുഭവിക്കുന്ന പീഡനങ്ങൾക്കും അവരുടെ  ജീവിതത്തെയും  കുറിച്ചുള്ള നേർകാഴ്ച  കൂടിയാണ്  ഈ  കഥ. എന്റെ  അക്ഷരസഹായത്രിയായ വൈശാലിക്  സാറാ  ജോസഫ്  എന്ന പെൺകരുത്തിനെ  പോലെ ജ്വലിക്കാൻ  കഴിയട്ടെ. ഹൃദയം  നിറഞ്ഞ  പിറന്നാൾ  ആശംസകൾ.

                                                  Anjali Krishna

                                                  B.Ed  2021-23

                                                  MTCTE

Thursday, December 8, 2022

Balyakalasmaranakal by Madhavikutty


മലയാളത്തിന് പ്രിയങ്കരിയാണ് മാധവിക്കുട്ടി എന്ന കമലാ ദാസ്. മാധവിക്കുട്ടി എഴുതിയ ഓർമപുസ്തകമാണ് ബാല്യകാലസ്മരണകൾ. പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിലെ ലാൻഡ് ഡൗൺ റോഡിലെ വസതിയും അവിടെ കണ്ടുമുട്ടുന്ന അനുഭവങ്ങളുമെല്ലാം അവരുടെ സ്മരണകളിലൂടെ കടന്നുപോകുന്നുണ്ട്. വളർച്ചയുടെ ഏതോ അവസരത്തിൽ നഷ്ടപെട്ടുപോയ ബാല്യത്തെ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് മാധവിക്കുട്ടി. വികൃതിനിറഞ്ഞ ബാല്യത്തിൻ്റെ ഓർമ്മ വായനക്കാരിൽ ചലനമുണ്ടാക്കുന്നു. നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ബാല്യമാണ് ഏറ്റവും മനോഹരമായ കാലം എന്ന് ഈ കൃതിയിലൂടെ കഥാകാരി ഓർമിപ്പിക്കുന്നു.

സ്നേഹം ചുരത്തുന്ന ശൈശവത്തിലൂടെ ഒഴുകിനടക്കുന്ന ഒരു കവിത പോലെയാണ് മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളുടെ അയവിറക്കൽ. ബാല്യത്തിൻ്റെ കളങ്കമെഴാത്ത ഓർമകളിലേക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ബാല്യകാലസ്മരണകൾ ഒരു മന്ത്രം പോലെയാണ്. രസമൂറുന്ന ബാല്യത്തിൻ്റെയും  വികൃതിയുടെയും കുസൃതിയുടെയും കഥകൾ ആരെയാണ് ആകർഷിക്കാതിരിക്കുക! 
അമ്മമ്മയുടെ തറവാടായ പുന്നയൂർക്കുളത്തെക്കാണ് കമല എന്ന കുട്ടി വിരുന്നെത്തുന്നത്. നാലാപ്പാട്ട് തറവാടിൻ്റെ കോലായിലും ഉമ്മറത്തും തെക്കിനിയിലും വടക്കിനിയിലുമെല്ലാം വായനക്കാരനും പലപ്പോഴും കയറി ഇറങ്ങുന്നുണ്ട്. നാലപ്പാട്ടുതറവാട്ടിലെ വേലക്കാർക്കിടയിലും സന്ദർശകർക്കിടയിലും ചർച്ചയാവുന്ന ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അന്തംവിട്ടാണ് കമലയെന്ന മാധവിക്കുട്ടി കേട്ട് നിൽകുന്നത്.മനസ്സിലാകാത്ത ലോകത്തിലേക്കുള്ള കമലയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം ലഭിക്കുന്നുമില്ല.

പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൽക്കത്തയിലെ ലാൻഡ് ഡൗൺ റോഡിലെ വസതിയുമെല്ലാം കമലയെന്ന മാധവിക്കുട്ടിയെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് ബാല്യകാലസ്മരണകളിലൂടെ അനാവൃതമാകുന്നുണ്ട്. വളർച്ചയുടെ പാതയിലെങ്ങോ നഷ്ടപെട്ടുപോയ ബാല്യത്തിൻ്റെ സ്മൃതിച്ചെപ്പുകൾ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്നേഹത്തിൻ്റെയും നൈർമല്യത്തിൻ്റെതുമായ ഒരു ലോകത്തേക്ക് നമ്മെ കൈ പിടിച്ച് കൊണ്ട് പോവുന്നു.
എൻ്റെ പ്രിയപെട്ട അക്ഷരസഹയാത്രി ഫിദയ്ക്ക് ഏറെ സ്നേഹത്തോടെ ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നു.
                                                   Anusree Rajeev
                                                   B.Ed  2021-23
                                                   MTCTE

Saturday, November 26, 2022

Manushyanu Oru Aamukham by Subash Chandran


സുഭാഷ് ചന്ദ്രന്റെ നോവലാണ് മനുഷ്യന് ഒരു ആമുഖം . മലയാള സാഹിത്യത്തിലെ സമകാലിക ക്ലാസിക് എന്ന് പരക്കെ കണക്കാക്കപ്പെടുന്നു.  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്.  എഴുത്തുകാരന്റെ ആദ്യ നോവലാണെങ്കിലും, കഴിവിന്റെയും വിഭവസമൃദ്ധിയുടെയും മികച്ച പ്രകടനമാണിത്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ  തച്ചനക്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ അയ്യാറ്റുമ്പിള്ളി കുടുംബത്തെ കേന്ദ്രീകരിച്ചാണ് നോവൽ.  അയ്യാറ്റുമ്പിള്ളിയുടെ മൂന്നു തലമുറ നീണ്ട ചരിത്രത്തിലൂടെ തച്ചനക്കരയിലും കേരളത്തിലും ഉണ്ടായ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും അവയുണ്ടാക്കിയ മാറ്റങ്ങളും ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നു.  അയ്യാറ്റുമ്പിള്ളിയുടെ യുവതലമുറയിൽപ്പെട്ട ജിതേന്ദ്രൻ എന്ന നായകൻ്റെ മരണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്.  അദ്ദേഹത്തിന്റെ വിധവയായ ആൻ മേരി തന്റെ പൂർത്തിയാകാത്ത നോവലിൽ നിന്നും അയാൾ അവൾക്ക് അയച്ച കത്തുകളിൽ നിന്നും ചില ഭാഗങ്ങൾ വായിക്കുന്നു, അതിലൂടെ കഥ പുരോഗമിക്കുന്നു.  എന്നാൽ അയ്യാറ്റുമ്പിള്ളിയുടെയും ജിതേന്ദ്രന്റെയും കഥയ്ക്കപ്പുറം മനുഷ്യജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം.

തിന്നാനും കുടിക്കാനും പുനരുൽപ്പാദിപ്പിക്കാനും മരിക്കാനുമുള്ളതാണോ മനുഷ്യജീവിതം?  അതോ അതിന് ആഴത്തിലുള്ള അർത്ഥമുണ്ടോ?  ഈ ചോദ്യങ്ങൾക്ക് ജിതേന്ദ്രന്റെ ക്രിയാത്മകമായ വശത്തിലൂടെ ഉത്തരം നൽകാൻ എഴുത്തുകാരൻ ശ്രമിക്കുന്നു, അത് തന്റെ ജീവിതത്തിന്റെ പിന്നീടുള്ള ഭാഗങ്ങളിൽ സ്വയം തളർന്നതായി തോന്നുന്നു.  ഒരു കലാപരമായ സൃഷ്ടിയിലൂടെ ഭൂമിയിൽ ഒരു അടയാളം ഇടാൻ അവന്റെ സർഗ്ഗാത്മകത കൊതിക്കുന്നു, പക്ഷേ അങ്ങനെ ചെയ്യാത്തതിന്റെ വേദനയിൽ അവൻ ജീവിക്കുന്നു.  നോവലിന്റെ തുടക്കത്തിലെ വരികൾ കൂടിയായ ജിതേന്ദ്രന്റെ അവസാന വാക്കുകൾ, അതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമല്ല, നോവലിന്റെ അന്വേഷണത്തിനുള്ള ഉത്തരം കൂടിയാണ്.              

എന്റെ അക്ഷര സഹയാത്രിയായ രജീഷ് സാർതന്നെയാണ് ഏറെ കൗതുകകരവും വിജ്ഞാനദായകവുമായ ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തത് എന്നത് ഏറെ സന്തോഷകരം തന്നെ. സാറിന്  ആഹ്ളാദം നിറഞ്ഞ നല്ല  പിറന്നാൾ ദിനം ആശംസിക്കുന്നു.    

                                                        Anchitha P.S

                                                        B.Ed 2021-23

                                                        MTCTE

Samudrashila




 

Thursday, November 24, 2022

Thakshankunnu Swaroopam By U.K. Kumaran

 


പ്രശസ്ത നോവലിസ്റ്റ് ശ്രീ യു.കെ. കുമാരന്റെ ഒരു ദേശത്തിൻറെ കഥ പറയുന്ന തക്ഷൻകുന്ന് സ്വരൂപം.
ഉത്തരമലബാറിലെ പയ്യോളിക്കടുത്ത് തക്ഷൻകുന്ന് എന്നൊരു നാട്ടിൻപുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ഈ നോവലിലൂടെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
2016 ലെ വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ബഷീർ പുരസ്കാരം, ചെറുകാട് പുരസ്കാരം, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം എന്നിങ്ങനെ ധാരാളം ബഹുമതികൾ ഈ നോവൽ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
നന്മ വറ്റാത്ത നാട്ടിൻപുറത്തിന്‍റെ വിശേഷങ്ങളത്രയും നാട്ടുഭാഷയിലൂടെ ഹൃദ്യമായി അവതരിപ്പിക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗ്രാമ ചാരുതയും, നഗര കൗതുകങ്ങളും, തീക്ഷ്ണമായ സമര പോരാട്ടങ്ങളും, പ്രണയ സന്ദർഭങ്ങളും തന്റെ തൂലികയിലൂടെ കഥാകൃത്ത് മനോഹാരിതമാക്കിയിട്ടുണ്ട്. തീർത്തും കേരളീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ പൊറ്റക്കാടിനെയും ഉറൂബിനെയും ഒ. വി. വിജയനെയും പോലെ യു.കെ. കുമാരനും സാധിച്ചിട്ടുണ്ട്.

തക്ഷൻകുന്ന് സ്വരൂപം ഒരു ദേശ ചരിത്രമാണ്. ഒരു ദേശത്തിൻറെ 100 വർഷത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലൂടെയാണ് നോവൽ കടന്നു പോകുന്നത്. ഒരു സമൂഹത്തിന്റെ നാനാതുറയിലുള്ള കഥാപാത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നോവലിൽ ഇതിവൃത്തമായിട്ടുണ്ട്.
കഥാകൃത്ത് തൂലികയിലൂടെ ഉണർവേകിയ സാമൂഹിക പ്രതിബദ്ധതയും ദേശീയബോധവും വാനക്കാരന്റെ ചിന്തകളെയും പ്രചോദിപ്പിക്കാനുതകും വിധം സമ്പുഷ്ടമായി അവതരിപ്പിച്ചിരിക്കുന്നു.
ഒരു നാടിൻറെ സ്പന്ദനവും ഗന്ധവും വായ്ത്താരികളും വാമൊഴികളുമെല്ലാം സത്ത ചോരാതെ അവതരിപ്പിക്കാൻ കഥാകൃത്ത് ആത്മാർത്ഥമായി ശ്രമിച്ചു വിജയിച്ചിട്ടുണ്ടെന്ന് വരികൾക്കിടയിൽ നമുക്ക് വായിച്ചെടുക്കാം. 
നവോത്ഥാന മൂല്യങ്ങൾ ഒരു  ദേശത്തിൻ്റെ ഭൗതികവും ആന്തരികവുമായി മണ്ഡലങ്ങളെ എങ്ങനെ സക്രിയമാക്കി എന്നതിന്റെ നേരനുഭവങ്ങൾ തക്ഷൻകുന്ന് സ്വരൂപം കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
അക്ഷരജ്ഞാനമില്ലാത്ത രാമറിലൂടെ ഒരു ദേശത്തിൻ്റെ കഥ പറയുകയാണ് യു.കെ. കുമാരൻ. ഗ്രാമാതിർത്തിയിൽ ആഴമേറിയ ഒരു ഇടവഴിക്ക് കുറുകെ കെട്ടിയ മുളങ്കമ്പുകളുടെ ഒറ്റയടിപാലത്തിൽ മലർന്നു കിടന്ന് ആകാശം നോക്കുന്ന രാമറിൽ നിന്നാണ് തക്ഷൻകുന്ന് സ്വരൂപം ഉടലെടുക്കുന്നത്. ഇല്ലായ്മയിൽ നിന്ന് കഠിനാധ്വാനത്തിലൂടെ സമൃദ്ധിയിലേക്ക് പടിപടിയായി വളർന്ന് കയറുന്ന രാമർ, രാമറെ സ്ഫുടം ചെയ്തെടുക്കുന്ന ജീവിതസഖിയായ കല്യാണി. തക്ഷൻകുന്നിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ നിസ്വാർത്ഥ സേവകൻ കുഞ്ഞിക്കേളു, സ്ത്രീശാക്തികരണത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായ മാതാമ്മ എന്നിങ്ങനെ കഥാപാത്രങ്ങളുടെ നീണ്ട നിര. ഒട്ടുമിക്ക കഥാപാത്രങ്ങളും അല്പം പോലും കാല്പനികതയുടെ പരിവേഷമില്ലാത്തവർ, ആ ദേശത്തിൻ്റെ ജീവിതരീതികളും പ്രത്യയശാസ്ത്രങ്ങളും അടയാളപ്പെടുത്തിയവർ.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഗാന്ധിജിയുടെ കേരള സന്ദർശനം, തക്ഷൻകുന്നിന് ഉണർവേകിയ സ്വാതന്ത്ര്യസമരസേനാനികളായ കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ മറ്റു പ്രമുഖരെയും നോവൽ അടയാളപ്പെടുത്തുന്നുണ്ട്. 
ഒരു ജനതയുടെ പ്രത്യയശാസ്ത്രവും മാനവികബോധവും സാമൂഹിക പ്രതിബദ്ധതയും ഒരു ദേശത്തിൻ്റെ നവോത്ഥാനത്തിന് ചാലകശക്തിയായത് എങ്ങനെയെന്ന് കഥാകൃത്ത് കൃത്യമായി വരച്ചു കാട്ടിയിട്ടുണ്ട്.

ഇനിയൊരിക്കലും തിരിച്ചുവരാത്ത ദൃശ്യഭംഗികളും,
നാദവിസ്മയങ്ങളും മനുഷ്യബന്ധങ്ങളും
നഷ്ടസ്മൃതിയായി മനസ്സിൽ സൂക്ഷിക്കുന്ന
ഒരു ദേശത്തെ പുനർവായനയ്ക്കെടുക്കാം...
തക്ഷൻകുന്ന് സ്വരൂപത്തിലൂടെ...

എൻറെ പ്രിയപ്പെട്ട അക്ഷരസഹയാത്രികയും ക്ലാസ്മുറിയിലെ ടോട്ടോയുമായ സ്നേഹയ്ക്ക് പിറന്നാളാശംസകൾ നേരുന്നതോടൊപ്പം ഈ അക്ഷരസമ്മാനം സമർപ്പിക്കുന്നു.

 
Rejish.M
MTCTE 

Saturday, October 29, 2022

The Monk Who Sold His Ferrari by Robin Sharma


Everything is created twice, first in the mind and then in the reality -robin sharma

ലോകത്തിന് മാനസികവും ആത്മീയവുമായ പരിവർത്തനം ആവശ്യമാണെന്ന് വരുത്തിത്തീർക്കാൻ റോബിൻ ശർമ്മ ഒരു കെട്ടുകഥ ഉപയോഗിക്കുന്നു. ഈ കെട്ടുകഥയാണ്  The monk who sold his ferrari. പരിവർത്തനം ആദ്യം സംഭവിക്കുന്നത് വ്യക്തിപരമായ തലത്തിലാണെന്ന് തന്റെ കഥയിലെ നായകന്മാരായ ജോൺ, ജൂലിയൻ എന്നിവരിലൂടെ ശർമ്മ വിശദീകരിക്കുന്നു. The monk who sold his ferrari എക്കാലത്തെയും ഏറ്റവും ശാക്തീകരിക്കുന്ന പുസ്തകങ്ങളിൽ ഒന്നാണ്. ദീർഘകാല സന്തോഷവും സംതൃപ്തിയും ഉറപ്പുനൽകുന്ന ഒരു ജീവിതം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് പുസ്തകം പ്രാഥമികമായി പഠിപ്പിക്കുന്നു. നിങ്ങളുടെ ബാഹ്യ ജീവിതം കെട്ടിപ്പടുക്കുന്നതിനേക്കാൾ നിങ്ങളുടെ ആന്തരിക ജീവിതം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമാണെന്ന് ഇത് നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

എന്റെ അക്ഷരസഹയാത്രി വൈഷ്ണവിന് പിറന്നാളാശംസകൾ നേരുന്നതിനോടൊപ്പം ഈ പുസ്തകം സമർപ്പിക്കുന്നു.

                                                  Fida Mumthas 

                                                  B.Ed 2021-23

                                                  MTCTE

               

Friday, October 21, 2022

Maattathi by Sarah Joseph

 

സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഇടയിൽ ജീവിക്കുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ വികാരതീവ്രമായ കഥയും, അതേപോലെ മറിയപുരം എന്ന ഗ്രാമത്തിന്റെയും കഥപറയുന്ന നോവലാണ് സാറാ ജോസഫിന്റെ മാറ്റാത്തി.  ഒട്ടനേകം കഥാപാത്രങ്ങൾ അണിനിരക്കുന്ന നോവലാണ് മാറ്റാത്തി. ഇതിലെ പ്രധാന കഥാപാത്രം ലൂസി എന്നു പറയുന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ്.

'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവലിന്റെ മറുപാതിയാണ്‌ മാറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചകളുമാണ്‌ ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്‌. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ്‌ ലൂസി സഞ്ചരിക്കുന്നത്‌.മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല്‍ ആവിഷ്കരിക്കുന്നു.വ്യത്യസ്തമായ ശൈലിയും എഴുത്തും. തൃശൂർ ഭാഷയുടെ നിഷ്കളങ്കമായ ശൈലി ഈ നോവലിനെ ഒരു മുതൽക്കൂട്ടാണ്.ഗ്രാമീണത തുളുമ്പി നിൽക്കുന്ന കഥാപശ്ചാത്തലം. 

ജീവിതത്തിൻറെ ഒഴുക്കിൽ എന്നും വിഴുപ്പലക്കി ജീവിതം കൊണ്ടുപോകുന്ന ചെറോണയുടെ പിൻഗാമിയെന്നപോലെ,  ലൂസി കഥാവസാനം മാറുമ്പോൾ ഒരു വിഷാദം ഉടലെടുക്കുന്നു. ചിലപ്പോഴൊക്കെ ഇത് ബ്രിജിതയുടെ ജീവിതകഥയാണ് എന്നു തോന്നാം.  എൻറെ പ്രിയപ്പെട്ട അക്ഷര സഹയാത്രി അനുമോദിന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. അതോടൊപ്പം ഈ പുസ്തകം സമ്മാനമായി നൽകുന്നു.

                                                         Anagha M.K

                                                         2021-23

                                                         MTCTE

Thursday, October 20, 2022

Chemmeen by Thakazhi Sivasankara Pillai


1956-ൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ മലയാള നോവലാണ് ചെമ്മീൻ. ഒരു ഹിന്ദു മത്സ്യത്തൊഴിലാളിയുടെ മകൾ കറുത്തമ്മയും ഒരു മുസ്ലിം മത്സ്യ മൊത്തക്കച്ചവടക്കാരൻെറ  മകൻ പരീക്കുട്ടിയും തമ്മിലുള്ള ബന്ധത്തിൻറെ കഥയാണ് ചെമ്മീൻ. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷങ്ങളും പോരാട്ടങ്ങളും, സങ്കടങ്ങളും പ്രതിപാദിക്കുന്ന ചെമ്മീൻ തകഴിയുടെ മികച്ച നോവലാണ്. ചെമ്മീൻ എന്ന നോവൽ വായനക്കാരന് ഒരുപാടാനുഭവങ്ങൾ നൽകുന്നു.വിവിധ സർവ്വകലാശാലകളിലെ ഉന്നത ബിരുദ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഈ നോവലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ മനസ്സിലാക്കാൻ ഈ വിമർശനാത്മക പഠനം സഹായിക്കും.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരന്തം എപ്പിക്കൽ സ്കെയിലിൽ ചിത്രീകരിക്കുന്നു. ഈ നോവൽ യുനസ്കോയുടെ പ്രതിനിധി കൃതികളുടെ ശേഖരത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ആദ്യത്തെ മലയാള നോവലാണിത്.ചെമ്മീൻ ഒരു യുവതിയുടെ കഥയാണ്.കറുത്തമ്മ ഒരു ഹിന്ദു മത്സ്യത്തൊഴിലാളി ചെമ്പൻ കുഞ്ഞിൻെറ മകളാണ് , ഒരു മുസ്ലിം മത്സ്യ വ്യാപാരിയുടെ മകനാണ് പരീക്കുട്ടി ഇവർ പ്രണയത്തിലാകുന്നു.

മതപരവും സാമൂഹികവുമായ വ്യത്യാസങ്ങളും കടൽ നിയമങ്ങളും കാരണം അവരുടെ പ്രണയം മുളയിലെ നുള്ളുകയും കറുത്തമമ അനാഥ മത്സ്യത്തൊഴിലാളിയായ പളനിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. വിലക്കപ്പെട്ട പ്രണയിതാക്കൾക്ക് എന്ത് സംഭവിക്കും? അവരുടെ എല്ലാ ദഹിപ്പിക്കുന്ന പ്രണയത്തിൻറെ തിരമാലകളിൽ സംശയിക്കാത്ത പളനി കുടുങ്ങി പോകുമോ ഇതാണ് ഈ നോവൽ. വ്യത്യസ്തമായ ചിന്താധാരകൾ ഉൾക്കൊണ്ടു കൊണ്ടാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. വാക്കുകൾ വെറുതെ കോർത്തിട്ട ചരടല്ല നോവലുകൾ വാക്കുകളിലൂടെയും കടങ്കഥകളിലൂടെയും പഴഞ്ചൊല്ലിലൂടെയും വാക്കിന്റെ വശീകരണ ശക്തി നമുക്ക് ഗ്രഹിക്കാൻ കഴിയും. പ്രണയ തീവ്രതയുടെ ആഘാതയിൽ ആ കാലഘട്ടത്തെ വിസ്മയിപ്പിക്കുകയാണ് രണ്ട് കഥാപാത്രത്തിലൂടെ രചയിതാവ്. എന്റെ പ്രിയപ്പെട്ട അക്ഷരസഹായത്രി ആദിത്യയ്ക്ക് സ്നേഹപൂർവ്വം ഞാൻ ഈ പുസ്തകം സമ്മാനിക്കുന്നു.

                                                 Chandana M. V   

                                                 B.Ed 2022-23      

                                                 MTCTE  

Sunday, October 16, 2022

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha by R.Rajasree


പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ 'നീ പുയ്ത്തു പോവ്വടാ നായീന്റെ മോനെ' എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസ്സിൽനിന്നും ഇറങ്ങിയ ദാക്ഷായണിയുടെയും മോറൽ സപ്പോർട്ടിന് ഇറങ്ങിയ കല്യാണിയുടെയും കഥയാണ് ആർ . രാജശ്രീ എഴുതിയ പുതിയ നോവൽ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത "

ആദ്യം തന്നെ എടുത്തു പറയേണ്ടത് ഒരുപ്പാട് നാളുകൾക്ക് ശേഷം വായിക്കാൻ പറ്റിയ ഒരു നല്ല സ്ത്രീപക്ഷ നോവൽ എന്നതു തന്നെയാണ്.കണ്ണൂർ ഭാഷാശൈലികൾ ഒരുപ്പാട് ഉള്ളത് കുറച്ച് കഷ്ടപ്പെടുത്തി എങ്കിലും പിന്നീട് ഒരു ഒഴുക് ലഭിച്ചു.

ഭാഷയും, കാലവും, വ്യക്തികളും എല്ലാം അപരിചിതമെങ്കിലും കഥാതന്തു ഇന്നും കാലികപ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.ഇവരുടെ കഥയിലുടെ കടന്നുചെന്നപ്പോൾ അറിയാതെ ഞാനും ആ നാട്ടുക്കാരിയായതുപ്പോലെ അനുഭവപ്പെട്ടു.

കല്യാണിയെ പോലെ ഇത്രയും ബോൾഡായ സ്ത്രീ കഥാപാത്രങ്ങൾ വായിച്ചവയിൽ വിരളമാണ്. രണ്ടു പേരുടെ ചങ്ങാത്തവും, ചങ്കൂറ്റവും എടുത്തു പറയേണ്ടതാണ്. വളരെ പെട്ടെന് തന്നെ മനസ്സിൽ കയറിപറ്റുന്ന കഥപാത്രങ്ങൾ കൊണ്ട് സംമ്പുഷ്ടമാണ് ഈ കഥ.കല്യാണിയും, ദാക്ഷായണിയും അവരുടെ ദേശവും, തത്വശാസ്ത്രവും എല്ലാം നമ്മെ ആകര്‍ഷിക്കകയും ചിന്തിപ്പിക്കുകയും ചെയ്യും.പാട്രിയാക്കൽ സൊസൈറ്റിയിൽ സ്ത്രീകൾ നേരിടുന്ന സാമ്പത്തികവും ശാരീരകവുമായ വെല്ലുവിളികളെ വളരെ ബ്രില്ല്യന്റായിതന്നെ തുറന്നുകാണിക്കുന്നുണ്ട്‌. കല്യാണിയും ദാക്ഷ്യായണിയും നമുക്കു അറിയാവുന്ന പലരുമായും ചേർത്തുവായിക്കാൻ കഴിയുന്നു എന്നതു തന്നെയാണു പുസ്തകത്തിന്റെ വലിയ വിജയവും.

എന്റെ പ്രിയപ്പെട്ട അക്ഷര സഹയാത്രി ഇമ്മാനുവൽ  വിൻസെന്റിന് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിച്ചുകൊണ്ട് ഈ പുസ്തകം എന്റെ പ്രിയ അക്ഷര സഹയാത്രിക്ക് സമർപ്പിക്കുന്നു

                                                 Vinayasree GS

                                                  B.Ed 2022-23

                                                  MTCTE

                    

Monday, October 3, 2022

Ini Njan Urangatte by P.K Balakrishnan

 


മഹാഭാരതത്തെ ആസ്പദമാക്കി പി കെ ബാലകൃഷ്ണൻ രചിച്ച കാലതീതമായ നോവലാണ് 'ഇനി ഞാൻ ഉറങ്ങട്ടെ' വ്യാസഭാരതത്തിലെ കഥയെന്നും സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്.മഹാഭാരത യുദ്ധത്തിന് ശേഷം ആത്മസംഘർഷത്തിന്റെ  അങ്ങേയറ്റത് ഉഴലുന്ന  ദ്രൗപതിയുടെ മാനസികാവസ്ഥ.  ഒരുവട്ടം നമ്മെ ആത്മസംഘർഷത്തിലാക്കുന്നു. വിധിയുടെ ഏറ്റവും വിചിത്രമായ ക്രൂരവിനോദങ്ങൾക്ക് പാത്രമായ കർണ്ണന്റെ  ജീവിതത്തെയും മാനസികാവസ്ഥയെയും വികാരങ്ങളെയും ഒക്കെ ഹൃദയം കൊണ്ട് തുന്നി ചേർത്തിരിക്കുന്നു. മനുഷ്യ മനസ്സിന്റെ  ആഴവും പരപ്പും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ നോവലിനു 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും,1978-ൽ വയലാർ രാമവർമ സാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട അക്ഷരസഹയാത്രി ഐശ്വര്യയ്ക്ക് ജന്മദിനാശസകൾ നേർന്നുകൊണ്ട് സ്നേഹപൂർവ്വം ഈ പുസ്തകം സമ്മാനിക്കുന്നു.

                                                Harikrishnan V.G

                                                B.Ed 2021-22

                                                MTCTE


Saturday, October 1, 2022

A Thousand Cuts by T J Joseph


അക്ഷരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട ഒരു അധ്യാപകന്റെ അറ്റു പോകാത്ത ഓർമ്മകളുടെ പുസ്തകം. ഒരു ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടങ്ങി എല്ലാം നഷ്ടമായി, ഒറ്റമുറിയിൽ ജാലകത്തിന് പുറത്തെ കാഴ്ചകളിൽ മാത്രം ഒതുങ്ങിപ്പോയ ഒരു കോളേജ് പ്രൊഫസറിന്റെ തുറന്നെഴുത്താണിത്.
 മികച്ച ആത്മകഥയ്ക്ക് ഉള്ള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ ഈ പുസ്തകം തന്റെ ഭാര്യ സലോമിയ്ക്കുള്ള ഒരു സമർപ്പണം ആണ്. തൊടുപുഴ ന്യൂമാൻ കോളേജിൽ മലയാളം വിഭാഗം അധ്യാപകനായിരുന്നു പ്രൊഫസർ ടി ജെ ജോസഫ് ഇന്റേണൽ പരീക്ഷയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തയ്യാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദ കലർന്നെന്ന്  ആരോപിക്കപ്പെടുകയും അത് ഒരു മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തി എന്നപേരിൽ പോലീസ് അദ്ദേഹത്തിനെതിരെ കേസടുത്തതും, തുടർന്ന് ജയിൽവാസത്തിനുശേഷം കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ ഒരു വിഭാഗം മതതീവ്രവാദികളാൽ ആക്രമിക്കപ്പെട്ട് വലതു കൈപ്പത്തി വെട്ടി മാറ്റിയതും, കോളേജിൽ നിന്നുള്ള പിരിച്ചുവിടലും, വിഷാദത്തിനകപ്പെട്ട് ഭാര്യയുടെ ആത്മഹത്യയും എല്ലാം ഈ ആത്മകഥയിൽ ഒരു ഞെട്ടലോടെ നമുക്ക് വായിക്കാൻ കഴിയും. കേരള ചരിത്രത്തിൽ ഇത്രതന്നെ വിവാദപരമായതും കേരളീയരുടെ മതനിരപേക്ഷ ബോധത്തെയും മതസഹിഷ്ണുതയെയും ആകമാനം  പ്രതിസന്ധിയിലുമാഴ്ത്തി കളഞ്ഞ അതിദാരുണ ജീവിതാനുഭവങ്ങൾ നൽകിയ ആദ്യ നിർവികാരത പിന്നീട് അദ്ദേഹത്തെ അതിജീവനത്തിന്റെ പാതയിലേക്ക് നയിച്ചു. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ ഇഞ്ചിഞ്ചായി  അരിയപ്പെട്ട ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇനിയും അറ്റു പോകാത്ത ഓർമ്മകൾക്ക് അല്പം തിളക്കം സമ്മാനിക്കാൻ ഓരോ വായനയ്ക്കും കഴിയും.

എന്റെ അക്ഷര സഹയാത്രി ഗോപികയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം  ഈ പുസ്തകം സമ്മാനമായി നൽകുന്നു
                                                       Sneha K B
                                                       B.Ed 2021-22
                                                       MTCTE

Friday, September 30, 2022

Light from many lamps

 




As A Man Thinketh by James Allen


വായനക്കാരെ വിജയകരമായി ജീവിക്കാൻ പഠിപ്പിക്കുന്ന കുറേ പുസ്തകങ്ങൾ ലോകത്തുണ്ട്.ആ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഒരു പുസ്തകമാണ് ജെയിംസ് അലൻ എഴുതിയ " ഒരാൾ ചിന്തിക്കുന്നതെന്തോ അതാണ് അയാൾ "എന്ന പുസ്തകം .1903 ൽ പുറത്തുവന്ന ഈ പുസ്തകം സെൽഫ് ഹെല്പ് പുസ്തകങ്ങളുടെ കൂട്ടത്തിലെ ഒരു ക്ലാസിക്കാണ്.  ഓരോ വരിയിലും വ്യാഖ്യാന പരമ്പരകൾക്ക് വേണ്ട ഊർജ്ജം കരുതിവച്ചിരിക്കുന്നു ജെയിംസ് അലൻ. താൻ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് എന്ന് വിശ്വസിച്ചു  ക്രിയാ പദത്തിൽ നിന്നും പിന്തിരിഞ്ഞു നടക്കുന്ന മനുഷ്യരെയാണ് ഈ പുസ്തകത്തിൽ അലൻ സംബോധന  ചെയ്യുന്നത്.മനുഷ്യർ സാഹചര്യങ്ങളുടെ ഇരകളല്ല. അവർ എന്താണോ ചിന്തിക്കുന്നത് ആ നിലയിൽ സാഹചര്യങ്ങൾ അവരെ വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് എന്ന്  ഈ പുസ്തകത്തിൽ പറയുന്നു.സാഹചര്യങ്ങളല്ല നിങ്ങളെ സൃഷ്ടിക്കുന്നത് നിങ്ങളുടെ ചിന്തയാണ് സാഹചര്യങ്ങളിലൂടെ പുറത്തുവരുന്നത് എന്ന് പറയുന്നു.ഈ വാക്കുകൾ അലൻ മനുഷ്യന് നൽകുന്ന പാരിതോഷികമാണ്. സ്വന്തം ചിന്തകൾ ക്ഷമയോടും യുക്തിഭദ്രതയോടും കൂടി ഉപയോഗിച്ചാൽ ഏതൊരാളുടെയും ജീവിതം രൂപാന്തരപ്പെടുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്യും എന്നതാണ് ഈ പുസ്തകം ഊന്നിപ്പറയുന്ന അടിസ്ഥാനതത്വം.നല്ല ചിന്തകളെ മനസ്സിൽ പരിപാലിക്കുക കാരണം ഒരാൾ ചിന്തിക്കുന്നത് എന്തോ അതാണ് അയാൾ . ഈ പുസ്തകം പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത നിരവധി എഴുത്തുകാരും ചിന്തകരും വ്യവസായികളും ലോകത്തുണ്ട് .ജീവിതത്തെ നന്മയുടെ ആഘോഷമാക്കി മാറ്റാനുതകുന്ന  ഈ പുസ്തകം എന്റെ അക്ഷരസഹയാത്രി അശ്വതിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് നൽകുന്നു.


                                          Punnya Krishnan 

                                          B.Ed  2021 - 22

                                          MTCTE

Monday, September 26, 2022

A Brief History Of Time by Stephen Hawking

 

കാലത്തിന് ആരംഭം ഉണ്ടായിരുന്നോ? സമയത്തിന് പിന്നോട്ട് ഓടാൻ കഴിയുമോ? പ്രപഞ്ചം അനന്തമാണോ അതോ അതിന് അതിരുകളുണ്ടോ? 

ന്യൂട്ടൺ മുതൽ ഐൻ‌സ്റ്റൈൻ വരെയുള്ള പ്രപഞ്ചത്തിന്റെ മഹത്തായ സിദ്ധാന്തങ്ങൾ അവലോകനം ചെയ്തുകൊണ്ട് ആരംഭിക്കുന്ന മാസ്റ്റർപീസായി പരിഗണിക്കപ്പെടാവുന്ന ഒരു പുസ്തകത്തിലെ ചില ചോദ്യങ്ങൾ മാത്രമാണിത് . 

"A  Brief History of Time" 

പേര് സൂചിപ്പിക്കുന്നത് പോലെ, സമയത്തിന്റെ സംക്ഷിപ്ത ചരിത്രം നമുക്ക് ചുറ്റുമുള്ള സമയത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള നമ്മുടെ ധാരണകളുടെ ചരിത്രത്തെ പ്രതിപാദിക്കുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും വളരെയധികം സ്വാധീനമുള്ളതുമായ ഈ പുസ്തകത്തിൽ, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമ്മൾ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും കണ്ടെത്താൻ സ്റ്റീഫൻ ഹോക്കിംഗ് ശ്രമിക്കുന്നു.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം സമഗ്രവും തീർച്ചയായും ഒരു ബൈബിളായി കണക്കാക്കാൻ പര്യാപ്തവുമാണ്, എന്നാൽ അതേ സമയം, ഹോക്കിംഗ് ധാരാളം വിത്തുകൾ നട്ടുപിടിപ്പിക്കുകയും പുതിയ സങ്കൽപ്പങ്ങളുടെ വാതിലുകൾ തുറക്കുകയും ചെയ്യുന്നു.  ഒരു ഘട്ടത്തിലും അദ്ദേഹം  കീഴടങ്ങുകയോ അമിതമായ സാങ്കേതിക ചുരുക്കപ്പേരിൽ സമ്പന്നമായ  ഭാഷയിലേക്ക് ഇറങ്ങുകയോ ചെയ്യുന്നില്ല.  ഈ പുസ്തകത്തിൽ  ഫോർമുലകളുടെ പ്രക്ഷാളനങ്ങൾ ഒന്നും തന്നെയില്ല എന്നതും ഈ പുസ്തകത്തിന്റ വ്യത്യസ്തതയാണ്. ചില ആശയങ്ങൾ അവിശ്വസനീയമാംവിധം സങ്കീർണ്ണമാണ്.  സൂപ്പർ സ്ട്രിംഗ്, മെംബ്രൻ സിദ്ധാന്തം, അവയുടെ അനുബന്ധ മൾട്ടിവേഴ്സുകൾ എന്നിവ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ അവ ചിന്താപൂർവ്വം, ശ്രദ്ധാപൂർവം, വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നു.

വിഷയത്തെക്കുറിച്ച് മുൻ‌കൂട്ടി അറിവില്ലാത്ത വായനക്കാർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന ശൈലി. ഈ വ്യക്തതയും പ്രവേശനക്ഷമതയും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിനെ ഒരു പ്രസിദ്ധീകരണ പ്രതിഭാസമാക്കി മാറ്റുന്നു: 

ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ രണ്ട് വർഷത്തിലേറെയായി ഇത് ചെലവഴിച്ചു, 30-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, ഇതുവരെ എഴുതിയതിൽ ഏറ്റവും സ്വാധീനമുള്ള ജനപ്രിയ ശാസ്ത്ര പുസ്തകങ്ങളിലൊന്നായി മാറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്, സാമാന്യ ആപേക്ഷികതയെയും തമോഗർത്തങ്ങളെയും കുറിച്ചുള്ള പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രത്യേകം ഓർമ്മിക്കപ്പെടുന്നു.

എൻെറ പ്രിയപ്പെട്ട അക്ഷര സഹയാത്രി ഗായത്രിക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ദിനം ആശംസിക്കുന്നു  എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പുതിയൊരു വായനാനുഭവം നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്  ഈ പുസ്തകം ഞാനെന്റെ അക്ഷര സഹയാത്രികയ്ക്ക് സമ്മാനിക്കുന്നു.

                                                   Kevin Jose

                                                   B.Ed 2021-22

                                                   MTCTE

Sunday, September 18, 2022

Agnichirakukal by A P J Abdul Kalam


ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തികളിൽ ഒരാളായിരുന്നു നമ്മുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ  ആത്മകഥയാണ് അഗ്നിച്ചിറകുകൾ.അരുൺ ദിവാരിയുടെ സഹായത്തോടെ ഡോക്ടർ അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ഡിസി ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999 പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിൻെറ പരിഭാഷകൾ ഗുജറാത്തി, തെലുങ്ക് ,തമിഴ്,  മറാത്തി, മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമേ  ചൈനീസ് ,കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയെ ശാസ്ത്രസാങ്കേതിക വിദ്യയുടെ കാര്യത്തിൽ പരമോന്നതിയിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു അദ്ദേഹത്തിന് 2020 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കി മാറ്റാനുള്ള മാർഗങ്ങളും ദർശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. തികച്ചും സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന ഇന്ത്യ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും പിന്നീട് രാഷ്ട്രപതി ആവുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രചോദനാത്മക ജീവചരിത്രമാണ് അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ അവതരിക്കപ്പെടുന്നത്. കലാമിന്റെ ബാല്യം വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തിൽ നേരിടേണ്ടി വന്ന യാതനകൾ തുടർന്ന് ശാസ്ത്രലോകത്തിലേക്കുള്ള കടന്നു വരവ് എന്നിവയെല്ലാം അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  പുതുതലമുറയെ പ്രതീക്ഷാനിർഭരമായ ഒരു നവലോകത്തേക്കും കൈപിടിച്ചുയർത്തുന്ന അധ്യാപകനായും മാറിയ അബ്ദുൽ കലാമിന്റെ ജീവിതം മികവോടെ പുസ്തകത്തിൽ വരച്ചു ചേർത്തിരിക്കുന്നു. 10 അധ്യായങ്ങളിലായി അവതരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഡോക്ടർ കലാമിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മകളും ഉൾപ്പെടുത്തിയിരിക്കുന്നു. കലാമിന്റെ വ്യക്തിപരവും ഔദ്യോഗികമായ പോരാട്ടങ്ങളുടെ കഥ പറഞ്ഞ അഗ്നിച്ചിറകുകളുടെ പരിഭാഷകൻ പി വി ആൽബിയാണ്. മിസൈൽ ടെക്നോളജി വിദഗ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന ഈ ഒരു മികച്ച സൃഷ്ടി ഞാനെന്റെ അക്ഷര സഹയാത്രിക ചന്ദനയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകുന്നു.

                                                   Swaroopa P. K

                                                   Asst. Professor

                                                   MTCTE

Thursday, September 15, 2022

Balyakalasakhi by Vaikom Muhammad Basheer


 മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. 

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു.

മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം,  ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും, ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും,ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍,ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിയുന്നു ബഷീറിന്‌.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു. 

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌.വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്ന ഈ മികച്ച സൃഷ്ടി എന്റെ അക്ഷര സഹയാത്രി ഡെൽന സിസ്റ്ററിനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നൽകുന്നു.

                                 Sivapriya S Namboodiri

                                 B.Ed 2021-22

                                 MTCTE